കൊല്ലം: സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബഹ്റയെ അപായപ്പെടുത്താനുള്ള നീക്കത്തിനു പിന്നില്‍ മണല്‍ മാഫിയയ്ക്കൊപ്പം മതതീവ്രവാദികളുമുണ്ടെന്ന് സൂചന. ഇതിനിടെ കമ്മിഷണര്‍ ഇന്നുമുതല്‍ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ പ്രസവസംബന്ധമായിട്ടാണ് അവധിയെടുത്തതെന്നാണ് വിശദീകരണം. മണല്‍കടത്തിന്റെ പേരില്‍ ഗുണ്ടാപ്പട്ടികയിലിടം പിടിച്ച ഒരു മതരാഷ്ട്രീയ സംഘടനയുടെ നേതാവിന്റെ പങ്കിനെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം പോലീസില്‍ ശക്തമാണ്. ഈ നേതാവിന്റെ തീവ്രവാദബന്ധം നേരത്തെ ചര്‍ച്ചാവിഷയമായതാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷണറെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ മതതീവ്രവാദ ബന്ധമുണ്ടെന്ന സംശയിക്കുന്നത്.അതേസമയം ജില്ലയിലെ പോലീസ് നേതൃത്വം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ക്രിമിനല്‍ സംഘങ്ങളുടെ പിടിയിലാകുന്നുവെന്നത് വകുപ്പ് മേധാവികള്‍ക്ക് തലവേദനയായിരിക്കുകയാണ്. മണല്‍, വാഹന, ഭൂമാഫിയാ സംഘങ്ങള്‍ക്ക് പോലീസിലുള്ള സ്വാധീനം ശക്തമാണ് എന്നതിന്റെ തെളിവായാണ് പുതിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതേത്തുടര്‍ന്ന് ജില്ലയിലെ പോലീസ് സംവിധാനം ഒട്ടാകെ ഉടച്ചുവാര്‍ക്കണമെന്ന ആവശ്യവും ശക്തമാണ്.മണല്‍ കടത്തുമായി ബന്ധമുള്ള ഉന്നതനായ ഭരണകക്ഷി നേതാവിനെതിരെ കമ്മീഷണര്‍ ശക്തമായ നടപടികള്‍ എടുത്തതിനെത്തുടര്‍ന്നാണ് ഗൂഢാലോചന നടന്നതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഗൂഢാലോചനയില്‍ മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും സംശയിക്കപ്പെടുന്നു.കൊല്ലം പോലീസിനെ പിടിച്ചുകുലുക്കിയ ക്വട്ടേഷന്‍ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മണല്‍ മാഫിയയുമായുള്ള ബന്ധം ചര്‍ച്ചയാകുന്നത്. മണല്‍ കടത്തുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് ശാസ്താംകോട്ട സിഐ അലക്സ് ബേബി സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. റൂറല്‍ എസ്പി കെ.ബി. ബാലചന്ദ്രനും സമാനമായ ആരോപണങ്ങളില്‍ കുടുങ്ങിയാണ് സ്ഥലംമാറ്റപ്പെട്ടത്. മണല്‍ കടത്ത് കേന്ദ്രങ്ങളെന്ന് കരുതപ്പെടുന്ന ചാത്തന്നൂര്‍ മേഖലയില്‍ പോലീസും മണല്‍ മാഫിയയും ഒന്നാണെന്ന മട്ടിലാണ് കാര്യങ്ങളെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: