കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിലാണ് ചിരപുരാതനമായ അന്നപൂര്‍ണേശ്വരി ക്ഷേത്രം. പ്രസിദ്ധമായ നൂറ്റിയെട്ട് ദുര്‍ഗാലയങ്ങളില്‍ ഒന്നാണിത്. വെട്ടുകല്ലുകൊണ്ടുള്ള ക്ഷേത്രനിര്‍മാണവും ദാരുശില്‍പ്പങ്ങളും ആരെയും ആകര്‍ഷിക്കും. നാലമ്പലത്തിനകത്ത് ചുറ്റമ്പലം. അതിനുപുറമെ മറ്റൊരു ചുറ്റമ്പലം- അനാദൃശമായ കാഴ്ചയാണിത്. അഗ്രശാലയോട് ചേര്‍ന്ന് വലിയ അടുക്കള. ഒറ്റ നാലമ്പലത്തിനകത്ത് രണ്ടു ക്ഷേത്രങ്ങള്‍. ആദ്യം ശ്രീകൃഷ്ണന്റേത്. അതേദിശയില്‍ അന്നപൂര്‍ണേശ്വരിയുടേതും. കിഴക്കോട്ട് ദര്‍ശനം അമ്മയ്‌ക്ക് കൂടുതല്‍ പ്രാധാന്യം. ഉപദേവന്മാരില്ലെങ്കിലും ശിവസാന്നിധ്യമുണ്ട്. നാലുപൂജ. അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ നെയ്യമൃത് സമര്‍പ്പണം പ്രസിദ്ധമാണ്. അത്താഴപൂജ കഴിഞ്ഞാണിത്. നെയ്യമൃത് എന്നാല്‍ ഇവിടെ രണ്ടുപാത്രമാണ്. ശിവപാര്‍വ്വതീ സങ്കല്‍പ്പമുള്ളതുകൊണ്ടാണിങ്ങനെ. ഈ സമയത്ത് തളിപ്പറമ്പ് ദേവന്‍ ഇവിടെ എത്തുമെന്നാണ് വിശ്വാസം. തളിപ്പറമ്പില്‍ നെയ്യമൃതാണ് വഴിപാട്. നെയ്യമൃത് കൊണ്ട് ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന ഗുണമാണ് ഇത്രയും പ്രാധാന്യമുണ്ടാകാന്‍ കാരണമെന്ന് അനുഭവസ്ഥര്‍. തെക്കേവാതില്‍മാടത്തില്‍ ഭഗവാന് സ്ഥാനസങ്കല്‍പ്പം ചെയ്തിട്ടുണ്ട്. അവിടെ സന്ധ്യയ്‌ക്ക് ദീപം കത്തിക്കലും പൂജാദികളൊന്നുമില്ല.
ക്ഷേത്രത്തിലെ പ്രധാന വഴിപാട് അന്നദാനമാണ്. രണ്ടുനേരം പ്രസാദമൂട്ടുണ്ട്. നിത്യവും ഉച്ചയ്‌ക്കും രാത്രിയിലും ഭക്ഷണം വിളമ്പാനുള്ള ഇല കൊണ്ടുവരുന്നതിന് അവകാശികളായ വീട്ടുകാര്‍ ഉണ്ട്. ഇലക്കല്‍ വീട്ടുകാര്‍ എന്നാണ് അവരെ അറിയപ്പെടുക. ഇല വെട്ടാന്‍ പോകുന്നവരെ ക്ഷേത്രത്തിലെ ആല്‍ത്തറയില്‍ നിന്ന് വിളിക്കുന്ന ചടങ്ങുണ്ട്. പണ്ട് ഇലവെട്ടുകാരനെ വിളിച്ച ഒരു കഥയുണ്ട്. ഭക്ഷണസമയമായി. ഇല വെട്ടാന്‍ പോയ കോമനെ കാണുന്നില്ല. വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല. ഏതോ പറമ്പില്‍ കയറി ഇല വെട്ടിയ കോമനെ അതിന്റെ ഉടമ വെട്ടിക്കൊന്നു. അതറിയാത്ത കാവല്‍ക്കാരന്‍ പതിവുപോലെ നീട്ടിവിളിച്ചുവെന്നും അപ്പോള്‍ കോമന്റെ തലമാത്രം ഇലയുമായി അവിടെ എത്തിയെന്നുമാണ് പഴമ. അതിനുശേഷം അമ്മയുടെ സ്ഥാനത്തുപോയി നമസ്ക്കാരം കഴിഞ്ഞ് അവിടെയിരിക്കുന്ന ബ്രാഹ്മണന് ഭക്ഷണം വിളമ്പും. അതിനുശേഷമേ മറ്റുള്ളവര്‍ക്ക് വിളമ്പിതുടങ്ങൂ. ഇത് നിത്യവുമുള്ള ചടങ്ങാണ്. ക്ഷേത്രത്തില്‍ നിന്നും ഒരു കി.മീ അകലെയാണ് ഒളിയങ്കരപള്ളി. ഈ പള്ളിയില്‍ വിളക്കുകത്തിച്ചുവയ്‌ക്കാറുണ്ടെന്നും ദേവിയുടെ കൂടെ കാശിയില്‍ നിന്നും വന്ന കപ്പിത്താന്‍ പള്ളിയില്‍ അടങ്ങിയിരിക്കുന്നുവെന്നും പറയപ്പെടുന്നു.
മേടം സംക്രമം മുതല്‍ ഏഴുദിവസമാണ് ഉത്സവം. അതായത് ഏപ്രില്‍ പതിമൂന്നു മുതല്‍ പത്തൊന്‍പതു വരെ. ഉത്സവകാലത്ത് പുറത്തേയ്‌ക്കുള്ള എഴുന്നെള്ളത്ത് വിശേഷമാണ്. ഏഴുദിവസവും ഏഴ് ദിശയിലേയ്‌ക്കാണ് പോവുക. എഴുന്നെള്ളത്തിന് മൂന്നില്ലത്തമ്മമാര്‍ വെള്ളി വിളക്കുകളുമായി കൂടെ ഉണ്ടാകും. അകമ്പടിയായി തെയ്യവുമുണ്ടാകും. അതുപോലെ ചെറുകുന്ന്, കണ്ണപുരം, ഇരണാവ്, പറശ്ശിനിക്കടവ് എന്നീ ദേശക്കാരുടെ കാഴ്ചവരമുമുണ്ടാകും. കാഴ്ച വരവിനുശേഷം വെടിക്കെട്ട്. സമാപനദിവസം ദേവീവിഗ്രഹം എഴുന്നെള്ളിച്ച് വെട്ടിക്കോട്ടയില്‍ വയ്‌ക്കും. ക്ഷേത്രത്തില്‍ ആറാട്ടില്ല. കുംഭമാസത്തിലെ പൂയത്തിന് പ്രതിഷ്ഠാദിനം ആചരിച്ചുവരുന്നു.
പെരിനാട് സദാനന്ദന്‍ പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: