നെല്ലിയാമ്പതി പ്രശ്നം കീറാമുട്ടിയായി തുടര്‍ന്ന് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നെല്ലിയാമ്പതി ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിശോധിച്ച് വനം മന്ത്രി ഗണേഷ് കുമാര്‍ നെല്ലിയാമ്പതി എസ്റ്റേറ്റുകള്‍ വനഭൂമിയാണെന്ന് സഭയില്‍ പ്രഖ്യാപിച്ചിരുന്നു. എട്ടംഗ ഉപസമിതിയില്‍ അഞ്ചുപേരും നെല്ലിയാമ്പതി വനഭൂമിയാണെന്ന് അംഗീകരിക്കുമ്പോള്‍ കയ്യേറ്റ മാഫിയാ പ്രതിനിധിയായി പി.സി.ജോര്‍ജ്ജും ജോണി നെല്ലൂരും സിഎംപിയിലെ കെ.ആര്.അരവിന്ദാക്ഷനും എതിര്‍ത്തിരിക്കുകയാണ്. നെല്ലിയാമ്പതിയിലെ 200 ഏക്കറോളം വരുന്ന ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തി ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറഞ്ഞത് ഇത് ചെറുകിട കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണെന്നാണ്. നെല്ലിയാമ്പതിയെ വനഭൂമിയാക്കി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസിലെ ഹരിത എംഎല്‍എമാര്‍ വി.ഡി.സതീശന്റെ നേതൃത്വത്തില്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചിരുന്നു. ഇവരും പി.സി.ജോര്‍ജിനെതിരെയാണ് നിലപാടെടുത്തത്.
വനഭൂമി പാട്ടക്കരാര്‍ തീര്‍ന്നപ്പോള്‍ ഏറ്റെടുത്തിട്ട് മറിച്ച് പാട്ടത്തിന് നല്കി എന്നാണ് ജോര്‍ജ്ജിന്റെ വാദം. വനം മന്ത്രി ഗണേഷ് കുമാറാകട്ടെ പാട്ടക്കാലാവധി തീര്‍ന്ന എസ്റ്റേറ്റുകള്‍ വനഭൂമിയാക്കി മാറ്റണമെന്ന ഉറച്ച നിലപാടിലാണ്. ഇത് പറയുമ്പോഴും പോബ്സ് കമ്പനിയുടെ കൈവശമുള്ള ഏക്കര്‍ കണക്കിന് ഭൂമിയെപ്പറ്റി വനം മന്ത്രി നിശ്ശബ്ദനാണ്. വിവാദമായ എസ്റ്റേറ്റുകള്‍ വനഭൂമിയാണെന്നും ഇതിന് രാഷ്ട്രീയ പരിഹാരം കാണുന്നത് അനീതിയാണെന്നും കണക്കാക്കപ്പെടുന്നു. എട്ടംഗ സമിതിയില്‍ മൂന്നുപേര്‍ വിഭിന്ന നിലപാട് സ്വീകരിച്ചതോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാറ്റിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലും നെല്ലിയാമ്പതി വനഭൂമിയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഉപസമിതിയില്‍ ഭൂരിപക്ഷാഭിപ്രായം നെല്ലിയാംപതി വനഭൂമി തന്നെയാണ് എന്നിരിക്കെ മന്ത്രിസഭ ഈ നിലപാടാണ് അംഗീകരിക്കേണ്ടത്. ചെറുകിട കര്‍ഷകര്‍ എന്ന പ്രയോഗത്തിന്റെ വ്യാഖ്യാന രീതി തന്നെ അത് സദുദ്ദേശപരമല്ലെന്നും തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: