കൊല്ലം: അനധികൃത മണല്‍ കടത്തിനെപ്പറ്റി പോലീസില്‍ വിവരം നല്‍കിയെന്നാരോപിച്ച് മണല്‍മാഫിയ സംഘം ബിജെപി പ്രവര്‍ത്തകനെ പട്ടാപ്പകല്‍ ആക്രമിച്ചു. കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനായ പള്ളിമണ്‍ തെക്കേഭാഗം ചിന്തുഭവനില് സുദര്ശനന് ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പള്ളിമണ്‍ പ്രദേശത്ത് അനധികൃത മണല്‍ കടത്ത് വ്യാപകമായതിനെത്തുടര്‍ന്ന് നാലുദിവസം മുമ്പ് ചാത്തന്നൂര്‍ പോലീസ് പള്ളിമണ്‍ തെക്കേഭാഗം കടവില്‍ മണല്‍ കയറ്റിയിട്ടിരുന്ന ഷെഫീക്കിന്റെ ലോറി രാത്രി 11ന് പിടികൂടുകയായിരുന്നു. രാത്രി രണ്ടരയോടെ മണല്‍ ലോറി പോലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തുവെന്ന് ആരോപിച്ച് സുദര്‍ശനന്റെ കടയിലെത്തി വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഇക്കാര്യം കാണിച്ച് ഷെഫീക്കിനും കൂട്ടാളി സെയിനും എതിരെ ചാത്തന്നൂര്‍ പോലീസില്‍ സുദര്ശനന് പരാതിപ്പെട്ടതിനാണ് പിറ്റേദിവസം പള്ളിമണ്‍ ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന സുദര്‍ശനനെ രണ്ട് ബൈക്കുകളിലെത്തി ഷെഫീക്കിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ അനാസ്ഥയാണ് ഈ ആക്രമണത്തിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. വധഭീഷണി ഉള്ളതായി കാണിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് ഗൗരവമായി എടുക്കാനോ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതാണ് ഈ സംഭവത്തിന് കാരണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പള്ളിമണ്‍ പറയന്റയ്യത്ത് വീട്ടില്‍ ഷെഫീക്ക്, സെയിന്‍ എന്നിവരെയും ഇവരോടൊപ്പം ഉണ്ടായിരുന്ന ക്വട്ടേഷന്‍ സംഘത്തെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രദേശത്തെ മണല്‍ മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജെ. പ്രസന്നന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ശിവന്, എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സജീവ് ചന്ദ്രന്, ഇളവൂര്‍ ശ്രീകുമാര്‍, മീയണ്ണൂര്‍ സുരേഷ്ബാബു, ബിജുപിള്ള, ബാലചന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: