ട്രിപ്പോളി: ലിബിയന്‍ സ്വേച്ഛാധിപതി മു അമ്മര്‍ ഗദ്ദാഫി കീഴടങ്ങിയതിന്റെ ഒന്നാം വാര്‍ഷികം ഇന്നലെ ലിബിയന്‍ ജനത ആഘോഷിച്ചു. ഒളിവിലായിരുന്ന ഗദ്ദാഫിയുടെ മകന്‍ ഖാമിസ് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ലിബിയന്‍ ജനതയുടെ ആഹ്ലാദത്തിന് മാറ്റ് കൂട്ടി. ഏതൊരു സ്വേഛാധിപതിക്കും കാലം കാത്തുവച്ച ശിക്ഷാവിധിയാണ് ഗദ്ദാഫിക്കും ലഭിച്ചതെന്ന് ലിബിയന്‍ ജനത പറയുന്നു. ഖാമിസ് ബ്രിഗേഡിന്റെ തലവനും ഗദ്ദാഫിയുടെ മൂത്ത മകനുമായ ഖാമിസ്, കഴിഞ്ഞ ദിവസം ബനി വാലിറ്റിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഗദ്ദാഫിയുടെ വിശ്വസ്തനായിരുന്ന മൂസ ഇബ്രാഹിം പിടിയിലായിട്ടുമുണ്ട്. ഈദ് സമ്മാനമായാണ് ഖാമിസിന്റെ മരണ വാര്‍ത്തയെ കാണുന്നതെന്നാണ് ജനങ്ങളുടെ പ്രതികരണം.
ഖാമിസ് കൊല്ലപ്പെട്ടുവെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും രക്തസാക്ഷി ചത്വരത്തിലെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തുന്നത്. പോരാട്ടങ്ങള്‍ക്കും ഒളിവുജീവിതത്തിനുമൊടുവില്‍ പിടിക്കപ്പെട്ട ഗദ്ദാഫി തെരുവില്‍ വച്ച് സ്വന്തം ജനതയാല്‍ അപമാനിക്കപ്പെട്ട ശേഷമാണ് കൊല്ലപ്പെട്ടത്. വിമതസേനയുമായുള്ള പോരാട്ടത്തിനൊടുവില്‍ ഓവുചാലില്‍ ഒളിച്ചിരുന്ന ഗദ്ദാഫിയെ ജന്മനാടായ സിര്‍ത്തില്‍ വെച്ചാണ് വധിച്ചത്. ഗദ്ദാഫിയേയും അദ്ദേഹത്തിന്റെ മരണത്തെയും കുറിച്ചുള്ള രഹസ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എങ്കിലും ഗദ്ദാഫിയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികം ലിബിയന്‍ ജനത വലിയ ആഹ്ലാദത്തോടെയാണ് കൊണ്ടാടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: