കൊല്ലം: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള പോലീസിന്റെ പ്രവര്‍ത്തനം ഏറെ കാര്യക്ഷമമാണെന്ന് സിനിമാതാരം ജഗദീഷ്. ക്രമസമാധാന പാലനം നന്നായി നടക്കുന്നതും കേരളത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ സമ്മേളനം കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകള്‍ ഇല്ലാതിരുന്ന കാലത്തും പ്രമാദമായ കേസുകള്‍ തെളിയിക്കുന്നതില്‍ സംസ്ഥാന പോലീസ് പ്രാഗത്ഭ്യം തെളിയിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇപ്പോഴും ഈ മികവ് സേന നിലനിര്‍ത്തുന്നുണ്ട്. തെളിയിക്കപ്പെടാത്ത കേസുകളുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുവരികയാണ്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നല്കുന്ന പരിഗണന ക്രമസമാധാന പാലനത്തിനും നല്‍കണമെന്നും ജഗദീഷ് നിര്‍ദേശിച്ചു. പോലീസില്ലാത്ത ലോകം സ്വപ്നം മാത്രമാണ്. ഇങ്ങനെയൊരു അവസ്ഥയില്‍ എത്തണമെങ്കില്‍ നമ്മുടെ ചിന്താഗതികള്‍ അടിമുടി മാറേണ്ടതുണ്ട്. പക്ഷേ ജാതിയുടെയും മതത്തിന്റെയും കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഗ്രാഫ് പുറകോട്ടാണ്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ സംഘടിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇക്കൂട്ടര്‍ അന്യമതക്കാരെ ഒറ്റപ്പെടുത്താന്‍ പാടില്ല. നാടിന്റെ പുരോഗതി ലക്ഷ്യമാക്കി വിശാലചിന്താഗതിയോടെ വേണം ഇത്തരക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ജഗദീഷ് പറഞ്ഞു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.എം.ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ഖാദര്‍കുഞ്ഞ്, വൈസ് പ്രസിഡന്റ് അഡ്വ.ടി.രഘുനാഥന് നായര്‍, ബി.ജെ. കെ.തമ്പി, അഡ്വ.ശങ്കരനാരായണന്, കേരളശബ്ദം മാനേജിംഗ് എഡിറ്റര്‍ ഡോ.ബി.എ.രാജാകൃഷ്ണന്, പ്രസ്ക്ലബ് സെക്രട്ടറി ബിജു പാപ്പച്ചന്, മണികണ്ഠന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: