ന്യൂദല്‍ഹി: അഴിമതി ആരോപണം നിഷേധിച്ചുകൊണ്ട് കേന്ദ്രനിയമമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്ന് അരവിന്ദ് കേജ്രിവാള്. സുപ്രീം കോടതിയിലെ മൂന്ന് അഭിഭാഷകര്‍ ഉള്‍പ്പെട്ട സംഘം അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖുര്‍ഷിദും മുലായംസിംഗ് യാദവും പരസ്പരം സംരക്ഷിക്കുകയാണെന്നും കേജ്രിവാള് പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുലായത്തിനെതിരെ കേസ് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹം ഖുര്‍ഷിദിനെ സഹായിക്കുകയാണെന്നും കേജ്രിവാള് ആരോപിച്ചു.
ഖുര്‍ഷിദിനെതിരെ മതിയായ തെളിവുകളുണ്ട്. എന്നാല്‍ ആര് അന്വേഷണം നടത്തും എന്നത് വലിയ ചോദ്യമാണ്. അഖിലേഷ് യാദവ് അന്വേഷിക്കുമോ എന്നും കേജ്രിവാള് ചോദിച്ചു. അഖിലേഷിന്റെ അച്ഛന് മുലായത്തിനെതിരെ സുപ്രീം കോടതിയില്‍ ഇപ്പോഴും കേസ് നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിനെതിരെ വാദിക്കുന്നതിന് ആര് അഭിഭാഷകനെ നിയമിക്കും. ഖുര്‍ഷിദ് ഇത് ചെയ്യുമോ എന്നും കേജ്രിവാള് ചോദിച്ചു. വികലാംഗര്‍ക്ക് ഉപകരണം നല്‍കാനായി നടത്തിയ ക്യാമ്പില്‍ പലര്‍ക്കും ഉപകരണങ്ങള്‍ നല്‍കിയതായി ഖുര്‍ഷിദും ഭാര്യയും കഴിഞ്ഞ ദിവസം തെളിവുകള്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ ഇതില്‍ പലരെക്കുറിച്ചും അന്വേഷിച്ചപ്പോള്‍ അവരെ കണ്ടെത്താനായില്ല. സഹായം കിട്ടിയ മറ്റൊരാളെ കണ്ടെത്തിയപ്പോള്‍ അയാള്‍ വികലാംഗനല്ലെന്നും കണ്ടെത്തിയതായി കേജ്രിവാള് പറഞ്ഞു.
ഖുര്‍ഷിദ് മുലായത്തേയും അഖിലേഷ് ഖുര്ഷിദിനേയുമാണ് നിലവില്‍ സംരക്ഷിച്ചുകൊണ്ടിരിക്കുന്നതെന്നും കേജ്രിവാള് പറഞ്ഞു. രാജി ആവശ്യപ്പെട്ട് ദല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധം കേജ്രിവാളും സംഘവും താല്‍ക്കാലികമായി അവസാനിപ്പിച്ചു. രണ്ടാം ഘട്ട സമരം ഈ മാസം 17 മുതല്‍ ഖുര്‍ഷിദിന്റെ മണ്ഡലമായ ഫരൂഖാബാദില്‍ ആരംഭിക്കുമെന്നും കേജ്രിവാള് അറിയിച്ചു. ഖുര്‍ഷിദ് രാജിവെക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കേജ്രിവാള് പറഞ്ഞു. ഖുര്‍ഷിദിനെതിരായ ആരോപണങ്ങളെ കോണ്‍ഗ്രസ് എന്തിനാണ് പ്രതിരോധിക്കുന്നത്.ട്രസ്റ്റുമായി കോണ്‍ഗ്രസിന് എന്ത് ബന്ധമാണ് ഉള്ളതെന്നും കേജ്രിവാള് ചോദിച്ചു.
പത്ത് ദിവസം നല്കിയാല് അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകള്‍ ഖുര്‍ഷിദ് നശിപ്പിക്കുമെന്നും കേജ്രിവാള് പറഞ്ഞു. ഖുര്‍ഷിദിന്റെ ട്രസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും കേജ്രിവാള് മുന്നറിയിപ്പ് നല്കി. ഖുര്‍ഷിദിന്റെയും ഭാര്യ ലൂയിസ് ഖുര്‍ഷിദിന്റെയും നേതൃത്വത്തിലുള്ള സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ട്രസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് ഫണ്ട് നല്‍കിയെന്നായിരുന്നു ആരോപണം. കേജ്രിവാള് തന്നെയാണ് ഈ ആരോപണം പുറത്തുകൊണ്ടുവന്നത്.
അതേസമയം, ഖുര്‍ഷിദുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തിയ എക്കേണോമിക് ഒഫന്‍സീവ് വിങ്ങ്സ് രേഖകള്‍ ശേഖരിച്ചുതുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളില്‍ സംഘം പരിശോധന നടത്തി. ഇവിടെ നിന്നും ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് സുബ്രത് ത്രിപധി മാധ്യമങ്ങളോട് പറഞ്ഞു. ട്രസ്റ്റ് അവരുടെ സമ്മതത്തോടെയാണ് രേഖകള്‍ തന്നതെന്നും റെയ്ഡല്ല നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അന്വേഷണത്തെക്കുറിച്ചോ അഴിമതി ആരോപണത്തെക്കുറിച്ചോ പ്രതികരിക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് തയ്യാറായില്ല. അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും മുന്‍ ബിഎസ്പി സര്‍ക്കാരിന്റെ കാലത്താണ് ഇതെല്ലാം നടന്നതെന്നും അഖിലേഷ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാതെ ഈ വിഷയത്തില്‍ താന്‍ പ്രതികരിക്കില്ലെന്നും അഖിലേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: