കൊല്ലൂര്‍ മൂകാംബിക – ശ്രീലകത്ത് ഭദ്രദീപങ്ങളുടെ നടുവിലിരിക്കുന്ന അമ്മ. ശംഖു-ചക്ര-അഭയ-വരദഹസ്തയായി പത്മാസനസ്ഥിതയാണ്. ദേവി കുടികൊള്ളുന്ന ഇവിടം കോലമഹര്‍ഷിയുടെ കാലശേഷം കോലപപുരമായും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കൊല്ലൂരായി മാറിയെന്നത് പഴമ.
ഇന്ദ്രപദവി ലഭിക്കുന്നതിനായി ഋശ്യമൂകാചലത്തില്‍ ബ്രഹ്മാവിനെ പ്രത്യക്ഷനാക്കുവാന് തപസ്സുചെയ്ത കംഹാസുരന്റെ നാവില്‍ ദേവന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം സരസ്വതീദേവി വിളയാടി. ‘എന്തുവരമാണ് നിനക്ക് ആവശ്യമെന്ന് ചോദിച്ചപ്പോള്‍ ഒന്നും സംസാരിക്കുവാനാവാതെ മൂകനെപ്പോലെ നിന്നു. മൂകനായി നിന്ന ആ അസുരന് മൂകാസുരനും അവനെ വധിച്ചദേവി മൂകാംബികയായെന്നുമാണ് ഐതിഹ്യം.
കൊടുംവനത്തില്‍ ദേവിയെ ഉദ്ദേശിച്ച് ഒരു പ്രത്യേക സ്ഥാനത്ത് ധ്യാനത്തിലിരുന്നി ശങ്കരാചാര്യരുടെ മുന്നില്‍ ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നിവര്‍ മാറിമാറിപ്രത്യക്ഷപ്പെട്ടു. ഈ ശക്തികളെ ഒന്നായി സങ്കല്പിച്ച് ഒരു ശിലയിലേക്ക് അദ്ദേഹം ആവാഹിച്ചു തനിക്ക് പ്രത്യക്ഷപ്പെട്ട ദേവീരൂപത്തില്‍ ഒരു പഞ്ചലോഹവിഗ്രഹം പിന്നീട് സമര്‍പ്പിച്ച് ദിവ്യമായ ആ ശിലയുടെ പിറകില്‍ പ്രതിഷ്ഠിച്ചു. പൂജാദികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പ്രധാന ശിഷ്യനായ സുരേശ്വരാചാര്യര്ക്ക് നല്‍കിയയതിന് ശേഷം ശ്രീശങ്കരന് കൊല്ലൂരില്‍ നിന്നും യാത്രയായി. ഇവിടെനിന്നും 42 കിലോമീറ്റര്‍ അകലെയാണ് കുടജാദ്രി. അഗസ്ത്യമുനി മുതല്‍ ശ്രീശങ്കരന് വരെയുള്ളവരുടെ പാദസ്പര്ശത്താല് ധന്യമായ സ്ഥാനമാണിത്.
പണ്ഡിതന്മാരെ വാദിപ്രതിവാദത്തില്ക്കൂടി തോല്പിച്ച ശങ്കരാചാര്യര്‍ കുടജാദ്രിയിലുള്ള സര്‍വ്വജ്ഞപീഠം കയറികുയും അവിടെ ധ്യാനത്തില്‍ മുഴുകകുയം ചെയ്തു. ഇവിടെ കാണുന്ന കരിങ്കല്‍ മണ്ഡപവും ആദിശങ്കരവിഗ്രഹവും മൈസൂര്‍ രാജാക്കന്മാരുടെ സംഭാവനയായിരിക്കാം.
ശ്രീശങ്കരന് പ്രതിഷ്ഠ നടത്തിയെന്നതാണ് മൂകാംബിക ക്ഷത്രത്തിന്റെ പ്രധാന പ്രത്യേകത. പൂജയ്ക്കു വേണ്ടതെല്ലാം ഒരുക്കിവച്ചിട്ടാണ് മേല്‍ശാന്തി രാത്രിയില്‍ നടയടയ്ക്കുന്നത്. തുടര്‍ന്ന് ദേവന്മാരുടെ പൂജകള്‍ നടക്കുന്നതായി വിശ്വസിക്കുന്നു. രാവിലെ നട തുറക്കുമ്പോള്‍ വിഗ്രഹത്തില്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ കാണാം. ‘അകത്തുകണ്ടത് പുറത്ത് പറയരുതെന്നാണല്ലോ. അതുകൊണ്ട് പലതും രഹസ്യമായിരിക്കുന്നു.
ഏത് ഭാവത്തില്‍ നമ്മള് സങ്കല്‍പിച്ചുപ്രാര്‍ത്ഥിക്കുന്നുവോ ആ ഭാവത്തില്‍ അമ്മ നമ്മെ അനുഗ്രഹിക്കുന്നു. ക്ഷേത്രത്തിന്റെ പിറകിലായി ഒരു സ്ഥാനത്ത് ശ്രീശങ്കരന്റെ ചിത്രം കാണാം. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലം ഒരു മുറിയാക്കിമാറ്റിയിട്ടുണ്ട്. ഗണപതി, വീരഭദ്രന്, നഞ്ചുഠേശ്വരന്‍, ശിവന്, സുബ്രഹ്മണ്യന്, വിഷ്ണു എന്നിവരുടെ ഉപദേവതാ ക്ഷേത്രങ്ങളും ഉണ്ട്.
തഴവ എസ്.എന്‍.പോറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: