കുടമറന്ന് മഴയത്ത് വെപ്രാളപ്പെട്ടോടുന്ന ബാല്യം. വളരുമ്പോഴും അങ്ങനെ മറന്ന ഒരുപാടുണ്ടാകും ഓര്‍മകളില്‍. മഞ്ചാടിയും മഴക്കോളും വേനല്ക്കമ്പവും മനസ്സില്‍ തിണര്‍ത്തുകിടക്കും. എന്നാല്‍ എടുക്കാന്‍ മറന്നതൊന്നുമില്ലെങ്കിലോ. ഋതുഭേദങ്ങളറിയാതെ, ബാല്യമില്ലാതെ, സ്വപ്നം കാണുന്നതിനെക്കുറിച്ചുപോലും സ്വപ്നങ്ങളില്ലാതെ മുകളില്‍ കുടയില്ലാതെ ആകാശം മാത്രമായവരെന്തു ചെയ്യും.
മുന്‍വിധിയോടെയാണ് ജോസ് മാവേലി സംവിധാനം ചെയ്ത ‘തെരുവിലെ നക്ഷത്രങ്ങള്‍’ കാണാന്‍ പോയത്. ഇറങ്ങിയതാകട്ടെ എല്ലാവിധികളേയും അട്ടിമറിക്കുന്ന ഉകണ്ഠകളുടെ പെരിശായും. സിനിമയെക്കാളും ഡോക്യുമെന്ററിയെക്കാളും കരള്‍ പിളര്‍ക്കുന്ന ഡോക്യുഫിക്ഷന്. തിയേറ്ററിലിരിക്കുന്നില്ലെന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നതാണ് സിനിമയെന്ന് പൊളാന്‍സ്കി പറഞ്ഞപോലെ. ആശയങ്ങളുടെ അവതരണം. അല്ലെങ്കില്‍ സന്ദേശത്തിന്റെ റിയാലിറ്റി ഷോ. കണ്ടിരുന്നപ്പോള്‍ കണ്ണുനനഞ്ഞു. കണ്ണീര് ശുദ്ധീകരണമാകുന്ന അവസ്ഥ. കരച്ചില് പശ്ചാത്താപമാണെങ്കില്‍ കരയാതെ നെഞ്ചില്‍ കനമാകുന്നത് പ്രായശ്ചിത്തവും. തെരുവും ചേരിയും സ്ക്രീന്‍ പറിച്ച് മുന്നില്‍ സ്ഥലകാലമാകുന്നെന്ന തോന്നല്‍.
തെരുവില്‍ ഉപേക്ഷിക്കപ്പെട്ടും വന്നുചേര്‍ന്നും അപഹരിക്കപ്പെട്ടും എത്തുന്നവര്‍ വകഞ്ഞുമാറ്റിയ അരികു ജീവിതമാകുന്നതുകണ്ട് പ്രേക്ഷകന് കിടുങ്ങുന്നു. ജീവിതമെന്ന നൂല്‍പ്പാലത്തില്‍ ഒന്നങ്ങു ചരിഞ്ഞിരുന്നെങ്കില്‍ ഇവരിലൊരാളാകുമായിരുന്നില്ലേയെന്ന് തോന്നിയ നിമിഷം.
സിനിമയാകുമ്പോള്‍ കഥയും നായകനും അനുസാരികളും വേണമെന്ന പരമ്പരാഗത ശീലത്തിന്റെ ഒരു ഘടന ഇതിനുമുണ്ട്. ഭിക്ഷാടന മാഫിയയില്‍നിന്നും രക്ഷപെട്ടോടുന്നതിനിടയില്‍ റോഡപകടത്തില്പ്പെടുന്നു മുത്തുകൃഷ്ണന്. അവനെ ആശുപത്രിയിലാക്കുന്ന വീട്ടമ്മ പാര്‍വതി. ഭിക്ഷാടന മാഫിയയുടേയും സ്വന്തം ഭര്‍ത്താവിന്റേയും ഭീഷണിക്ക് വഴങ്ങാതെ സ്വന്തം മകനെപ്പോലെ വളര്‍ത്താന്‍ ശ്രമിച്ച് ഒടുക്കം സംരക്ഷണത്തിനായി മുത്തുവിനെ ജോസ് മാവേലിയുടെ ജനസേവാ ശിശുഭവനിലാക്കുന്നു. പഠിച്ചുമിടുക്കനായ മുത്തു എറണാകുളം ജില്ലാ കളക്ടറാകുന്നു. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് അനാഥയായ പാര്‍വതിയമ്മയെ മുത്തു സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്നു. തെരുവുകള്‍ക്കും ചേരി നിവാസികള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന ഈ കളക്ടര്‍ കുടിയിറക്കപ്പെട്ട ചേരിക്കാര്‍ക്ക് വേണ്ടി നാട്ടുകാരുടെ സഹായത്തോടെ നൂറ് വീടുകള്‍ പണിത് നല്‍കുകയും ഭിക്ഷാടന മാഫിയയെ തകര്‍ക്കുകയും ചെയ്യുന്നു.
ഇങ്ങനെയൊരു കഥയില്ലെങ്കിലും തെരുവിന്റേയും ചേരിയുടേയും യാഥാര്‍ത്ഥ്യ പ്രത്യക്ഷങ്ങളും അവയുടെ പ്രതിനിധാനങ്ങളും മതി ‘തെരുവുനക്ഷത്രങ്ങള്‍’ക്ക് പ്രകാശിക്കാന്‍. ഓരോ വികസനവും അത്രതന്നെ തെരുവുകളേയും ചേരികളേയും സൃഷ്ടിക്കുന്നു. വോട്ടര്‍പ്പട്ടികയില്‍ പോയിട്ട് കാനേഷുമാരിയില്പ്പോലും കൈയും കണക്കും പേരുമില്ലാത്ത ഇവര്‍ക്ക് മേലെയാണ് പുരോഗതിയുടെ എമെര്‍ജിംഗ് കേരളയും മറ്റും ഉണ്ടാക്കുന്നത്, ബ്രഹ്മാവിന്റെ ആയുസ് കണക്കിനെപ്പോലും തോല്‍പ്പിക്കുന്ന അഴിമതിക്കോടികള് കൃഷി ചെയ്യുന്നത്.
തിന്നും കുടിച്ചും പാര്‍ക്കാന്‍ ആകാശത്തെ തുളയ്ക്കുന്ന സൗധങ്ങളുമായി നമ്മള് ജീവിതം ആഘോഷിക്കുമ്പോള്‍ ഭക്ഷണവും വസ്ത്രവും തലചായ്ക്കാനിടവുമില്ലാതെ വിലപിക്കുന്ന തെരുവും ചേരിയും നമ്മുടെതന്നെ ഉച്ഛിഷ്ടവും പൊങ്ങച്ചബാക്കിയും എറിയാനുള്ള മാലിന്യക്കുഴികളാവുകയാണോ.
മനുഷ്യനെ തെരുവിലിറക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ ഒരുവശത്ത്. പിച്ചച്ചട്ടിയില്‍നിന്നുപോലും കൈയിട്ടുവാരുന്ന നെറികെട്ട രാഷ്ട്രീയക്കാര്‍ മറുവശത്ത്. ഇവരെ വിമര്‍ശിച്ച് അവര്‍ക്കിടയില്‍ എളുപ്പത്തില്‍ കൈകഴുകുന്ന പീലാത്തോസുമാരായി നമ്മളും. വാഗ്ദാനങ്ങളുടെ മെഴുക്കും പ്രത്യയശാസ്ത്രങ്ങളുടെ പുഴുക്കുംകൊണ്ടൊന്നും പട്ടിണി മാറില്ല. ദാരിദ്ര്യത്തെ അളന്നും കൂട്ടിയും കിഴിച്ചും പെരുക്കിയും ദുശാഠ്യങ്ങള്കൊണ്ട് സമ്പന്നരായ സാമ്പത്തിക വിദഗ്ദ്ധരുടെ സൂത്രങ്ങള്കൊണ്ടും തീരില്ല പട്ടിണി. എല്ലാം സര്‍ക്കാര്‍ ചെയ്യാന്‍ കാത്തിരിക്കുന്ന തരികിട മലയാളിക്ക് തന്നാലാവത് അണ്ണാറക്കണ്ണനെപ്പോലെ എന്ന് ഇതിലെ മുത്തുകൃഷ്ണനെന്ന കളക്ടര്‍ കാട്ടിത്തരുന്നു.
കാരുണ്യത്തിന്റെ മലയാളി ബോധ്യമായി നമുക്കൊരു ജനസേവ ശിശുഭവനും സേവന കേരളത്തിന്റെ ബ്രാന്റ് അംബാസഡറായി ഒരു ജോസ് മാവേലിയുമുണ്ടെന്നുള്ളത് അവനവനിസത്തില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്കിടയിലെ ആശ്വാസമാണ്. ജോസ് എന്ന പേരിനൊപ്പം നമ്മുടെ സമത്വസമൃദ്ധിയുടെ ഭൂതകാല പ്രതിനിധിയായ മാവേലി കൂടിച്ചേര്‍ന്നത് പ്രകൃതിയുടെ നിയോഗമാകാം. കോടികള്‍ തുലച്ച് അറുവഷളന്‍ സിനിമകള്‍ ഇപ്പോഴും ഇറങ്ങുന്ന നമ്മുടെ നാട്ടില്‍ നെഞ്ചു പൊള്ളുന്ന ഇത്തരമൊരു നിര്‍മിതിക്ക് ഒരു ‘മാവേലി’തന്നെ വേണ്ടിവന്നെന്നതും ചരിത്രം.
കുഞ്ഞുങ്ങള്‍ ദൈവങ്ങളാണ്. മനുഷ്യര്‍ കുഞ്ഞുങ്ങളാവുമ്പോള്‍ ദൈവങ്ങളാണ്. വളരുമ്പോള്‍ കുഞ്ഞുങ്ങള്‍ വഴിമാറി ദൈവങ്ങളും വിട്ടുപോകുന്നു. തെരുവു കുഞ്ഞുങ്ങളുടെ ശത്രു മുതിര്‍ന്നവര്‍ തന്നെയാണ്. അവനവന്റെ ബാല്യങ്ങളിലേക്ക് ഓര്‍മ്മകളിലൂടെ സ്നേഹംകൊണ്ട് മടങ്ങിയാല്‍ ആ സ്നേഹ ശുശ്രൂഷ കൊണ്ടുതന്നെ എല്ലാ തെരുവുകളിലും നമുക്ക് മരുന്നു പുരട്ടാം.
തര്ക്കോവ്സ്ക്കിയന് സിനിമകളിലെ ആധി പുകയുന്ന കുട്ടിക്കാലവും അതില്‍ത്തന്നെ ആശാകിരണവും ഉള്ളതുപോലെ ഈ ചിത്രത്തിലുമുണ്ട് പ്രതീക്ഷ.
പരിചിതരും പ്രശസ്തരുമായ താരങ്ങള്‍ പ്രതിഫലം കൂടാതെയാണ് ഇതില്‍ അഭിനയിച്ചിട്ടുള്ളത്. സലിംകുമാര്‍, ക്യാപ്റ്റന്‍ രാജു, ഭീമന് രഘു, ടിനി ടോം, രാജാസാഹിബ്, സാജു കൊടിയന്‍, ഹരിശ്രീ മാര്ട്ടിന്, കവിയൂര്‍ പൊന്നമ്മ, ലക്ഷ്മി, കല്‍പ്പന, തെസ്നിഖാന്, ഊര്‍മിളാ ഉണ്ണി, കുളപ്പുള്ളി ലീല തുടങ്ങിയ നീണ്ടനിര. മുന്‍മന്ത്രിയും എംഎല്‍എയുമായ ജോസ് തെറ്റയില്‍, പത്രപ്രവര്‍ത്തക ലീലാമേനോന്. നിമിഷത്തിന് പൊന്നും വിലയുള്ള നമ്മുടെ ഗാനഗന്ധര്വന് യേശുദാസ് ആശയക്കനമുള്ള മൂന്ന് പാട്ടുപാടി അഭിനയിച്ചിട്ടുള്ളതും പ്രതിഫലമില്ലാതെ. ഈ സംരംഭത്തിന്റെ എല്ലാമായ ജോസ് മാവേലിയുടെ സാന്നിദ്ധ്യവും നിറയുന്നു. ചിത്രത്തിലുടനീളം പ്രതിഫലം പറ്റാതുള്ള സേവനത്തിന്റെ നിറനന്മയുണ്ട്.
തെരുവു ജീവിതമില്ലാത്ത ഒരു ഇന്ത്യയാണ് ചിത്രം ലക്ഷ്യം വെക്കുന്നത്. ഇതൊരു മഹത്തായ ജനാധിപത്യ സങ്കല്‍പ്പമാണ്. തിയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകനും മനസിലുണ്ടാകും അതിനുവേണ്ടിയുള്ളൊരു റിപ്പബ്ലിക്.
>> സേവ്യര്‍.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: