ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍നിന്ന് മകന് അനുനാരായണന്‍ വിളിച്ചപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാവ് കേദാര്‍നാഥ് സാഹ്നി അന്തരിച്ച വിവരം അറിയിച്ചു. ജനസംഘത്തിന്റെ ആരംഭകാലത്തുതന്നെ അതിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന കേദാര്ജിയെ 1967 ലെ കോഴിക്കോട് ജനസംഘ സമ്മേളനത്തിലാണ് ആദ്യം പരിചയപ്പെട്ടത്. ദല്‍ഹിയുടെ ഡപ്യൂട്ടി മേയറായിരുന്നു (ഉപമഹാപൗരന്)അന്നദ്ദേഹം. കുറെ വര്‍ഷം അഖിലേന്ത്യാ മേയേഴ്സ് കൗണ്‍സിലിന്റെ അദ്ധ്യക്ഷനുമായിരുന്നു. സിക്കിമില്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗം മിക്കപത്രങ്ങള്ക്കും വാര്‍ത്തയേ ആയിരുന്നില്ല. ഭാരതവിഭജനത്തെത്തുടര്‍ന്ന് പശ്ചിമ പഞ്ചാബില്‍നിന്ന് വന്ന സംഘപ്രവര്‍ത്തകരില്‍ അദ്ദേഹവുമുണ്ടായിരുന്നു. ലാഹോറിലെ സംഘകാര്യകര്‍ത്താക്കളില്‍ ഡോ.ഭായി മഹാവീര്ജിയും കേദാര്ജിയുമൊക്കെ വിഭജനക്കാലത്ത് ഹിന്ദുക്കളുടെ രക്ഷക്കായി വളരെ ധീരമായി പ്രവര്‍ത്തിച്ചവരായിരുന്നു. ആയിരക്കണക്കിന് ഹിന്ദു സിഖ് അഭയാര്‍ത്ഥികളെ അതികഠിനമായ പരിതസ്ഥിതിയെ നേരിട്ട് സുരക്ഷിതരായി അതിര്‍ത്തി കടത്തി കൊണ്ടുവരുന്ന പ്രവര്‍ത്തനമാണ് അവര്‍ ചെയ്തത്.
പിന്നീട് ദല്‍ഹി കേന്ദ്രമായിട്ടാണ് കേദാര്‍ജി പ്രവര്‍ത്തിച്ചത്. ഭാരതീയ ജനസംഘം 1951 ല്‍ സ്ഥാപിച്ചപ്പോള്‍ ദീനദയാല്‍ ഉപാദ്ധ്യായയുടെ നിര്‍ദ്ദേശമനുസരിച്ച് ദല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയവരില്‍ അദ്ദേഹവും പെടുന്നു. അക്കാര്യത്തില്‍ കേദാര്‍ജി അസൂയാവഹമായ നേട്ടം കൈവരിക്കുകയും ചെയ്തു. 1950 കള്‍ മുതല്‍ ഇക്കാലംവരെ ഭാരത തലസ്ഥാനത്ത് ആദ്യം ജനസംഘവും പിന്നീട് ബിജെപിയും ഒന്നാംസ്ഥാനം നിലനിര്‍ത്തുന്നുണ്ടെങ്കില്‍ അതിന്റെ അടിത്തറയുറപ്പിച്ചതില് പ്രമുഖമായ പങ്ക് കേദാര്‍നാഥ് സാഹ്നിയുടെതു തന്നെയായിരുന്നു.
1958 ലാണ് ദല്‍ഹി കോര്പ്പറേഷന് രൂപീകൃതമായത്. അതുവരെ നഗരത്തിന്റെ വിവിധഭാഗങ്ങള്‍ പ്രത്യേകം തദ്ദേശസ്ഥാപനങ്ങളാണ് ഭരണകാര്യങ്ങള്‍ നടത്തിവന്നത്. വിഭജനത്തിന്റെ ഫലമായി നഗരത്തിലെ സംഖ്യയില്‍ പശ്ചിമ പഞ്ചാബില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ലക്ഷക്കണക്കിന് ഹിന്ദു, സിഖ് വിഭാഗക്കാരുടെ എണ്ണം കൂടിച്ചേര്‍ന്നു. അവരാകട്ടെ വിഭജനത്തിന് അരുനിന്ന് തങ്ങളെ പരമ്പരാഗത ജന്മസ്ഥാനങ്ങളില്നിന്ന് ഓടിപ്പോരാന്‍ കാരണക്കാരായ കോണ്‍ഗ്രസിനോട് കലശലായ അരിശം പൂണ്ടുനില്‍ക്കുകയായിരുന്നു. ദല്‍ഹി, ന്യൂദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന്, കന്റോണ്‍മെന്റ് ബോര്‍ഡ് എന്ന മൂന്ന് സ്ഥാപനങ്ങളാണ് പുതിയതായി ഭരണഭാരം ഏല്‍ക്കേണ്ടിയിരുന്നത്. ദല്‍ഹി ജനസംഘത്തിന്റെ ചുമതലക്കാരായി ലാല്‍കൃഷ്ണ അദ്വാനിയേയും കേദാര്‍നാഥ് സാഹ്നിയേയുമാണ് ദീനദയാല്‍ജി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ നിയുക്തരാക്കിയത്. 80 ഡിവിഷനുകളാണ് നഗരസഭയ്ക്കുണ്ടായിരുന്നത്. ജനസംഘത്തിന് 25 ഉം കോണ്‍ഗ്രസിന് 27 ഉം സ്ഥാനങ്ങളില്‍ വിജയിക്കാനായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എട്ടു സ്ഥാനങ്ങള്‍ നേടാന്‍ കഴിഞ്ഞു. ഒരു സ്ഥാനം ഹിന്ദുമഹാസഭയ്ക്കും കിട്ടി. ഏതാനും സ്വതന്ത്രരും ജയിച്ചു. അങ്ങനെ അവിടത്തെ നിര്‍ണായക കക്ഷിയായി കമ്മ്യൂണിസ്റ്റ് കക്ഷി മാറി. ഇന്നത്തെപ്പോലെ അന്നും ജനസംഘത്തെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സിപിഐ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് തയ്യാറായി. അവരുടെ പ്രമുഖയായിരുന്ന 1942 ലെ വീരനായിക അരുണാ ആസഫ് ആലിയെ ഒന്നാമത്തെ മേയറാക്കാന്‍ തയ്യാറാകണമെന്നതായിരുന്നു ആവശ്യം. കോണ്‍ഗ്രസ് അത് സമ്മതിച്ച് അരുണയെ മേയറാക്കി. പക്ഷെ തമ്മിലടി തുടര്‍ന്നു. 1959 ല്‍ കേരളത്തിലെ ഇഎംഎസ് മന്ത്രിസഭയെ നെഹ്റു സര്‍ക്കാര്‍ പിരിച്ചുവിട്ടതോടെ ദല്‍ഹിയിലെ സഖ്യം പൊളിഞ്ഞു.
ദല്‍ഹി ഭരണം കൈവശപ്പെടുത്താന്‍ ജനസംഘം ഈയവസരം ഉപയോഗിക്കണമെന്ന് അദ്വാനിജിക്കും കേദാര്ജിക്കും തോന്നി. ദീനദയാല്‍ജിയും ഈ അഭിപ്രായത്തോട് യോജിച്ചു. ഹിന്ദുമഹാസഭയും ഏതാനും കക്ഷിരഹിതരും കൂടെ അതില്‍ സഹകരിച്ചു. ജനസംഘവും സിപിഐയും മാറിമാറി മേയര്‍ പദവിയും ഡപ്യൂട്ടി മേയര്‍ പദവിയും വഹിക്കണമെന്ന് രേഖാമൂലം ഉടമ്പടിയുണ്ടാക്കി. ആദ്യം അരുണാ ആസഫ് അലി മേയറും കേദാര്‍നാഥ് സാഹ്നി ഡപ്യൂട്ടി മേയറുമായി. ഭരണരംഗത്ത് വേണ്ടത്ര പരിചയം സമ്പാദിക്കാന്‍ ഈയവസരം കേദാര്‍ജി ശരിക്കും ഉപയോഗിച്ചു. ആ സഖ്യം അടുത്ത തെരഞ്ഞെടുപ്പ് വരെ തുടര്‍ന്നു.
ദല്‍ഹിയില്‍ കമ്മ്യൂണിസ്റ്റുകളുടെ സ്വാധീനം ക്രമേണ കുറയുന്നതായിട്ടാണ് പിന്നീട് കാണപ്പെട്ടത്. അവരുടെ കേന്ദ്രകമ്മറ്റി ഓഫീസുപോലും കല്‍ക്കത്തയ്ക്ക് മാറ്റേണ്ട അവസ്ഥവന്നു. പിന്നീട് ബംഗാളിലേയും കേരളത്തിലേയും ലോകസഭാംഗങ്ങളാണ് ദല്‍ഹിയിലെ കേന്ദ്രകമ്മറ്റിയേയും പാര്ട്ടിഘടകത്തേയും നിലനിര്‍ത്തുന്നതെന്നത് തികഞ്ഞ പരമാര്‍ത്ഥമാണ്. അവിടത്തെ മഹാനഗര നിഗമിലോ, നഗരപരിഷത്തിലോ ഒരു സ്ഥാനം നേടാന്‍പോലും കഴിയാത്ത അവസ്ഥയാണിന്ന് സിപിഐയ്ക്കും സിപിഎമ്മിനും.
1967 ല്‍ ദല്‍ഹി നഗരനിഗമും (കോര്‍പ്പറേഷനും) മഹാനഗര പരിഷത്തും (മെട്രോപോളിറ്റന്‍ കൗണ്‍സില്‍) ജനസംഘം വന്‍ഭൂരിപക്ഷത്തോടെ നേടിയെടുത്തു. കേദാര്‍ജി ദല്‍ഹിയിലെ ഡപ്യൂട്ടിമേയറായി. യഥാര്‍ത്ഥ ദല്ഹികാരനാവണം മേയര്‍ എന്ന തത്വം മുന്‍നിര്‍ത്തി ലാലാഹന്ഡരാജ് ഗുപ്തയെ കോര്‍പ്പറേഷനിലേക്കും നാമനിര്‍ദ്ദേശം ചെയ്തു മേയറാക്കുകയാണുണ്ടായത്. ഭരണകാര്യങ്ങളുടെ നിര്‍വഹണം കേദാര്‍ജി തന്നെ നിര്‍വഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് കൗണ്‍സിലര്‍ (മുഖ്യകാര്യകാരി പാര്ഷത്) ആയിരുന്ന വിജയകുമാര്‍ മല്‍ഹോത്രയുമായി ചേര്‍ന്ന് കേദാര്‍ജി ദല്‍ഹി നഗരത്തില്‍ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍, ആ മഹാനഗരത്തേയും യമുനാ തീരത്തേയും വെളിമ്പ്രദേശങ്ങളെയും നൂറുകണക്കിന് ഖബറിസ്ഥാനുകളെയും ഏറ്റവും മനോഹരസ്ഥാനങ്ങളാക്കി. ഭാരതത്തിലെയെന്നല്ല ലോകത്തെതന്നെ ഏറ്റവും മനോഹരനഗരമെന്ന സ്ഥാനം ദല്‍ഹിക്ക് അക്കാലത്ത് നേടാന്‍ കഴിഞ്ഞു.
അഖിലേന്ത്യാ മേയേഴ്സ് കൗണ്‍സിലിന്റെ അധ്യക്ഷനെന്ന നിലയ്ക്ക് തിരുവനന്തപുരത്ത് മേയര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചുപോയി അധികം കഴിയുന്നതിനുമുമ്പായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലും ദല്‍ഹി ഭരണം ജനതാപാര്ട്ടിയ്ക്കാണ് ലഭിച്ചത്. ചീഫ് എക്സിക്യൂട്ടീവ് കൗണ്‍സിലറായി കേദാര്‍ജി തെരഞ്ഞെടുക്കപ്പെട്ടു.
1957 ല്‍ നഗരസഭയില്‍ ഡപ്യൂട്ടി മേയറാകുന്ന സമയം വരെയും കേദാര്‍ജി അജ്മേരി ഗേറ്റിലുണ്ടായിരുന്ന പാര്‍ട്ടി ഓഫീസിലായിരുന്നു താമസം. വളരെ ലളിതമായ ജീവിതരീതിയും കാര്യമാത്ര പ്രസക്തമായ സംഭാഷണവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
ജന്മഭൂമി എറണാകുളത്ത് ആരംഭിച്ച 1977 കാലത്ത്, ദല്‍ഹിയില്‍ പോയി കേന്ദ്രസര്‍ക്കാരിന്റേയും സംസ്ഥാനസര്‍ക്കാരിന്റേയും പരസ്യങ്ങള്‍ നേടാന്‍ ശ്രമിച്ചിരുന്നു. കേദാര്‍ജിയുടെ ഔദ്യോഗിക വസതിയില്‍ പോയപ്പോള്‍ വളരെ ഹാര്‍ദ്ദവമായ സ്വീകരണമാണ് ലഭിച്ചത്. ജന്മഭൂമിയെ സംബന്ധിച്ച വിവരങ്ങളൊക്കെ അദ്ദേഹം എഴുതി വാങ്ങി. അവിടത്തെ പബ്ലിക് റിലേഷന്‍ വകുപ്പില്‍ പോയി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഏതാനും കാഷ്വല്‍ പരസ്യങ്ങള്‍ കിട്ടാന്‍ അത് സഹായകമായി എന്നേയുള്ളൂ.
ബിജെപി രൂപീകൃതമായ ശേഷം കേദാര്‍ജി അതിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. എന്‍ഡിഎ ഭരണകാലത്ത് അദ്ദേഹം സിക്കിം ഗവര്‍ണറായി നിയമിതനായി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു കഴിയവേയാണ് കേദാര്‍ജിയുടെ മരണം.
കോലാഹലങ്ങളുണ്ടാക്കി സ്വന്തം പേര് സദാ മാധ്യമങ്ങളില്‍ സജീവമാക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല കേദാര്‍നാഥ് സാഹ്നി. എന്നാല്‍ പ്രൗഢിയും അന്തസ്സും കലര്‍ന്ന ഹൃദയപൂര്‍വമായ പെരുമാറ്റം അദ്ദേഹത്തെ വ്യത്യസ്തനാക്കി. ആദ്യകാല ജനസംഘ പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടി കഥാവശേഷനായി.
>> പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: