വത്തിക്കാന്‍: മതേതരസങ്കല്പ്പത്തെ നേരിടണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ഇതിനായി ലോകമെമ്പാടുമുള്ള റോമന്‍ കത്തോലിക്കാ സഭാ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 50-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വളര്‍ന്നു വരുന്ന മതേതര സങ്കല്പത്തെ നേരിടാനും വിശ്വാസം പുനരുജ്ജീവിപ്പിക്കാനും ഇതില്‍ പദ്ധതികള്‍ ആവിഷ്കരിക്കും.
പള്ളി വിട്ടുപോയ കത്തോലിക്കരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് ലോകത്തെമ്പാടുമുള്ള ബിഷപ്പുമാരോട് പോപ്പ് ബനഡിക്ട് പതിനാറാമന്‍ ആവശ്യപ്പെട്ടു. മതേതര സങ്കല്പത്തിനെതിരെ ക്രിസ്തീയ വിശ്വാസികളെ അണിനിരത്തി വിശ്വാസത്തിലും മതത്തിലും അടിയുറച്ചു നില്ക്കാന് പ്രേരിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
262 കര്‍ദിനാള്‍മാര്‍, ആര്‍ച്ച് ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ എന്നിവരടങ്ങുന്ന സിനഡ് വിളിച്ചു ചേര്‍ത്ത് യൂറോപ്പിലും അമേരിക്കയിലും അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കത്തോലിക്കരുടെ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കണമെന്ന ആഹ്വാനമാണ് മാര്‍പ്പാപ്പ നടത്തിയത്. മാത്രമല്ല പാശ്ചാത്യ തത്ത്വശാസ്ത്രത്തില്‍ കടന്നു കൂടിയിരിക്കുന്ന മതേതരസങ്കല്പ്പങ്ങളുടെ വേര് ഇതിലൂടെ ഇല്ലായ്മ ചെയ്യണമെന്നും വ്യക്തമാക്കുന്നു. ഒക്ടോബര്‍ 11ന് ആരംഭിച്ച കത്തോലിക്ക സഭയുടെ മൂന്നാഴ്ച നീണ്ടു നില്ക്കുന്ന യോഗത്തിലാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലി(1962-65)ന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കത്തോലിക്കരുടെ വിധി നിര്‍ണയിക്കുന്ന വിശ്വാസത്തിന്റെ വര്‍ഷം നടപ്പാക്കാന്‍ നിര്‍ദേശിച്ചത്.
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രണ്ടാം വത്തിക്കാനിലെ വിദഗ്ധന്മാരിലൊരാളാണ്. രണ്ടാം വത്തിക്കാനിലെ നവോത്ഥാന ശബ്ദമെന്നറിയപ്പെടുന്ന അദ്ദേഹം ഉയര്‍ന്നു വരുന്ന മതേതരത്വത്തിന്റെ സമ്മര്‍ദ്ദം അതിജീവിക്കാനാണ് പുതിയ സുവിശേഷം ആവിഷ്കരിക്കുന്നതെന്ന് പറയപ്പെടുന്നു. ഇത് അദ്ദേഹം മാര്‍പാപ്പയായി സ്ഥാനമേറ്റ 2005 മുതല്‍ ആരംഭിച്ച പദ്ധതിയാണെന്നും വ്യക്തമാണ്. ഇദ്ദേഹത്തിന്റെ മുന്‍ഗാമിയായ ജോണ്‍ പോള്‍ ആറാമനും 1974ല്‍ ഇതുപോലെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പക്ഷേ ഇപ്പോള്‍ അനുഭവപ്പെടുന്ന തരത്തിലുള്ള വിശ്വാസരാഹിത്യം അന്നുണ്ടായിരുന്നില്ലെന്ന് വിദഗ്ധന്മാര് ചൂണ്ടിക്കാട്ടുന്നു.
മതേതരത്വം വളര്‍ത്തുന്നതിന്റെ ഭാഗമായി യൂറോപ്പിലെയും അമേരിക്കയിലെയും കത്തോലിക്കര്‍ തങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ സ്വയം ആചരിക്കുകയോ കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുകയോ ചെയ്തിട്ടില്ലത്രെ. ഈ വീഴ്ചയാണ് മതേതരത്വത്തിന് വളരാനുള്ള ഊര്‍ജം നല്‍കിയതെന്നാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നിഗമനം. വിശ്വാസത്തില്‍ നിന്നും പാര്‍ശ്വവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കത്തോലിക്കരെ മുഖ്യധാരയിലെത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും വ്യാഖ്യാനിക്കപ്പെടുന്നു.
കത്തോലിക്കാ സഭയിലെ അക്രൈസ്തവീകരണത്തില് പോപ്പ് ഏറെ ദുഃഖിതനാണെന്നും ഇതിനു കാരണം മതേതരത്വത്തിന്റെ വളര്‍ച്ചയാണെന്നും സഭയിലെ മുതിര്‍ന്ന വക്താവ് സൂചിപ്പിച്ചു. കത്തോലിക്കാ വിശ്വാസങ്ങളെ ആദരിക്കുകയോ ആചരിക്കുകയോ ചെയ്യാതെ സഭാവിശ്വാസികള്‍ സമാധാനവും ആത്മീയാനന്ദവും തേടി മറ്റു മതങ്ങളിലേക്ക് ചേക്കേറുകയാണ്. മതേതരസങ്കല്പ്പം കത്തോലിക്കാ സഭ രൂപം നല്‍കിയിരുന്ന സദാചാര മൂല്യങ്ങളെയും സഭയുടെ ശക്തമായ അടിത്തറയെയും തകര്‍ത്തു. വിവാഹ സങ്കല്‍പ്പം ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. വിവാഹ ബന്ധം വേര്‍പിരിയല്‍ ക്രമാതീതമായി വര്‍ധിച്ചു. അനേകം കുടുംബങ്ങള്‍ തകരുകയും വഴിപിരിഞ്ഞ രക്ഷാകര്‍ത്താക്കളുടെ എണ്ണം കൂടുകയും ചെയ്തു. കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിച്ചിരുന്ന ഘടകങ്ങളെല്ലാം ഇതുമൂലം ഇല്ലാതായെന്നും വിലയിരുത്തുന്നു.
മൂന്നാഴ്ച നീണ്ടു നില്ക്കുന്ന സിനഡില്‍ ഇതിനെക്കുറിച്ചെല്ലാം വിശദമായി ചര്‍ച്ചയും സംവാദവും ഉണ്ടാകും. വിശ്വാസത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയുന്ന മതേതര മേഖലകള്‍ ഒഴിവാക്കി വേണ്ട പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തി മുന്നോട്ടു പോകുമെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: