ഭോപ്പാല്‍: യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അതിജീവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. ഇപ്പോള്‍ തന്നെ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമായി. ഈ സാഹചര്യത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും അവര്‍ പറഞ്ഞു.
ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപത്തെ ബിജെപി പിന്തുണയ്‌ക്കില്ലെന്നും സുഷമ ആവര്‍ത്തിച്ച് വ്യക്തമാക്കി. രാജ്യം ഇടക്കാല തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. എസ്.പിയും ബി.എസ്.പിയും ഡിഎംകെയും എതിര്‍ക്കുന്ന വിദേശ നിക്ഷേപ പ്രശ്നം സര്‍ക്കാരിനെ വീഴ്‌ത്തുമെന്നും വിദിശയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവേ അവര്‍ പറഞ്ഞു.
ഭൂമിയിലും ആകാശത്തും പാതാളത്തിലും അഴിമതി നടത്തിയ സര്‍ക്കാരാണു യുപിഎയുടേത്. കോണ്‍വെല്‍ത്ത് അഴിമതി ഭൂമിയിലും 2 ജി സ്പെക്ട്രം ആകാശത്തും കല്‍ക്കരി അഴിമതി പാതാളത്തിലും നടത്തിയെന്ന് അവര്‍ വിശദീകരിച്ചു. ഇതില്‍ നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടിയാണു ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചതും സബ്സിഡി എല്‍പിജി സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതും.
വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ യുപിഎയ്‌ക്കു ബിജെപി പിന്തുണ ലഭിക്കില്ല. കോണ്‍ഗ്രസിനെ മാറ്റി രാജ്യത്തെ രക്ഷിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു. മധ്യപ്രദേശില്‍ ബിജെപി തുടര്‍ച്ചയായ മൂന്നാം പ്രാവശ്യവും അധികാരത്തിലെത്തുമെന്നും സുഷമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: