കുളത്തൂപ്പുഴ: കേരളത്തിലെ പ്രമുഖ ശാസ്താക്ഷേത്രങ്ങളില്പെട്ടതും ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് അയ്യപ്പഭക്തരെത്തുന്നതുമായ കുളത്തൂപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രത്തോടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അവഗണനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
ശബരിമല ക്ഷേത്രത്തിന്റെയൊപ്പം അയ്യപ്പഭക്തര്‍ തീര്‍ത്ഥയാത്രാ ഗണത്തില്‍പ്പെടുത്തിയിരിക്കുന്ന ക്ഷേത്രങ്ങളാണ് കുളത്തൂപ്പുഴ, ആര്യന്‍കാവ്, അച്ചന്‍കോവില്‍ തുടങ്ങിയ ക്ഷേത്രങ്ങളും എരുമേലി ക്ഷേത്രവും. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡോ, സര്‍ക്കാര്‍ വകുപ്പുകളോ യാതൊരു നടപടിയും എടുക്കുന്നില്ല. എന്നുമാത്രമല്ല, ഇവിടെ എത്തുന്ന തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുകയുമാണ്. കാലങ്ങളായുള്ള ഈ തീര്‍ത്ഥാടക ചൂഷണത്തിനെതിരെ ഭക്തജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് സമരത്തിനൊരുങ്ങുകയാണ് വിവിധ ഹൈന്ദവ സംഘടനകള്‍.
ഒരുകോടി രൂപയോളം വാര്‍ഷികവരുമാനമുള്ള മഹാക്ഷേത്രത്തിന്റെ വികസനത്തിന് ആവശ്യമായ നടപടികള്‍ മാറിവരുന്ന ദേവസ്വം ബോര്‍ഡുകള്‍ എടുത്തിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളപ്പൊക്കത്തില്‍ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന് താഴ്ച ഉണ്ടായെങ്കിലും അറ്റകുറ്റപ്പണി നടത്താനോ പുനര്‍നിര്‍മ്മിക്കാനോ തയാറായിട്ടില്ല എന്നതാണ് വാസ്തവം.
ക്ഷേത്രത്തിലെ നിലവറയില്‍ നിന്നും ശേഖരിച്ചിട്ടുള്ള ഓട്ടുപാത്രങ്ങള്‍, മണി, വിളക്ക്, മറ്റ് വിലപിടിച്ച വസ്തുക്കള്‍ എന്നിവ കൃത്യമായി ലേലം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യാതെ ചാക്കുകെട്ടുകളിലാക്കി ചുറ്റമ്പലത്തിനുള്ളില്‍ അടുക്കി വച്ചിരിക്കുകയാണ്. ക്ഷേത്രത്തിനുള്ളില്‍ മഹാവിഷ്ണു ക്ഷേത്രത്തിനായി നിര്‍മ്മിച്ച ശ്രീകോവില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ ആയി ഉപയോഗിക്കുകയാണ്. ക്ഷേത്രാചാരവിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ മതില്കെട്ടിനകത്ത് നിന്ന് നീക്കം ചെയ്യേണ്ടതും അത്യാവശ്യമാണ്.
കാലങ്ങളായി ഉപദേശകസമിതി ഇല്ലാത്തതും മുന്‍പ് ഉണ്ടായിരുന്ന സമിതി ദേവസ്വം ഓംബുഡ്സ്മാന് നടപടി നേരിടുന്നതും വികസനം മന്ദഗതിയിലാക്കി. കുടിവെള്ള വിതരണത്തിനും തീര്‍ത്ഥാടകര്‍ക്ക് വേണ്ട പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും സൗകര്യമൊരുക്കാത്തവര് പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിന് മുന്‍പന്തിയിലാണ്. ഇതിരെയുള്ള പരാതികള്‍ നേരത്തെ കോടതിയിലും എത്തിയിരുന്നു. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യാതൊരു മുന്നൊരുക്കവും ആരംഭിക്കാത്ത ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ ഹൈന്ദവസംഘടനകളുടെ യോഗം നിവേദനം നല്കാന് തീരുമാനിച്ചു. കുളത്തൂപ്പുഴ ക്ഷേത്രം ശബരിമല വികസനപ്ലാനില് ഉള്‍പ്പെടുത്തുക, പാലം മുതല്‍ വടക്കേകടവുവരെ വിശാലമായ കുളിക്കടവ് നിര്‍മ്മിക്കുക, പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കുക, ചുറ്റമ്പലം പുനര്‍ നിര്‍മ്മിക്കുക, വിഷ്ണുക്ഷേത്രം പുനര്‍നിര്‍മ്മിക്കുക, തിരുമക്കള്‍ മത്സ്യങ്ങളെ സംരക്ഷിക്കുന്നതിന് സ്ഥിരം വാച്ചറെ നിയമിക്കുക, പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഇന്റര്‍ലോക്ക് ഉപയോഗിച്ച് യാര്‍ഡ് നിര്‍മ്മിക്കുക, കാലങ്ങളായി അനുഷ്ഠിച്ചുവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിക്കാന്‍ നടപടി സ്വീകരിക്കുക, എല്ലാ വഴിപാട് പ്രസാദങ്ങളും ഭക്തജനങ്ങള്‍ക്ക് നല്കാന് നടപടിയുണ്ടാവുക, ക്ഷേത്രവും പരിസരവും ശുചീകരിക്കാന്‍ സ്ഥിരം സംവിധാനം ഉണ്ടാക്കുക, കുടിവെള്ള സംവിധാനം വിപുലീകരിക്കുക, ഭക്തജനങ്ങള്‍ 75000 രൂപ വിഹിതം അടച്ചിട്ടുള്ള അലങ്കാര ഗോപുരം അടിയന്തിരമായി നിര്‍മ്മിക്കുക എന്നതാണ് യോഗം ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍.
വിഎച്ച്പി പഞ്ചായത്ത് സെക്രട്ടറി എം. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വിഎച്ച്പി സംസ്ഥാന സഹസത്സംഗപ്രമുഖ് എന്‍. ഉണ്ണികൃഷ്ണന് യോഗം ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് താലൂക്ക് ബൗദ്ധിക് പ്രമുഖ് വി. രാജന്, മണ്ഡല് കാര്യവാഹ് ജി. സജിനാഥ്, ബാലഗോകുലം മണ്ഡല് കാര്യദര്‍ശി പി.എസ്. സുരേഷ്, അജിപ്രകാശ്, ബിജെപി പഞ്ചായത്ത് സമിതി സെക്രട്ടറി ടി.എസ്. രാജേന്ദ്രന്‍നായര്‍, എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് കെ. ദിവാകരന്, സെക്രട്ടറി പി. സഹദേവന്, എന്‍എസ്എസ് കരയോഗം സെക്രട്ടറി എന്‍. ഗോപകുമാര്‍, ഇല്ലത്ത് പിള്ള സേവാസംഘം ജില്ലാ പ്രസിഡന്റ് ആര്. വേലായുധന്‍പിള്ള, കെപിഎംഎസ് ശാഖാ പ്രസിഡന്റ് ജി. സന്തോഷ് തുടങ്ങിയ ഹൈന്ദവസംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ഭക്തര്‍ ഒപ്പിട്ട ഭീമഹര്‍ജി ദേവസ്വം കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: