കൊല്ലം: ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ പുനരധിവാസം ഉറപ്പുവരുത്തുമെന്ന് മന്ത്രി കെ.സി ജോസഫ്. സാങ്കേതികപ്രശ്നങ്ങളില്‍ ഉള്‍പ്പെട്ട ഗള്‍ഫ് നാടുകളില്‍ ജയിലില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനായി സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്. സൗദിയില്‍ മാത്രം 1500 ഓളം മലയാളികള്‍ ജയിലുകളില്‍ ദുരിതം അനുഭവിക്കുന്നു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് നിയമസഹായമെത്തിക്കും.
ജയില്‍മോചിതരാകുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ വിമാന യാത്ര ടിക്കറ്റ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് അംഗങ്ങള്‍ക്കുളള ചികിത്സാധനസഹായ വിതരണവും മരണപ്പെട്ടുപോയ അംഗങ്ങളുടെ കുടുംബങ്ങള്‍ക്കുളള സഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രവാസിമലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുഖ്യപരിഗണനയാണ് നല്‍കുന്നത്. അര്‍ഹമായ എല്ലാ സഹായവും പ്രവാസികള്‍ക്ക് എത്തിക്കും. കേരളത്തിന്റെ സമ്പദ്ഘടനയില്‍ മുഖ്യപങ്ക് വഹിക്കുന്നത് പ്രവാസി മലയാളികളാണ്. മുപ്പത് ലക്ഷത്തോളം മലയാളികള്‍ വിദേശത്ത് പണിയെടുക്കുന്നു. വര്‍ഷംതോറും അമ്പതിനായിരം കോടി രൂപയാണ് പ്രവാസികള്‍ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. ഗള്‍ഫിലെ മലയാളി സമൂഹം ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കേരളത്തിന്റെ ഇന്നുള്ള വികസനത്തിന് പിന്നില്‍ ഗള്‍ഫ് മലയാളികളുടെ വിയര്‍പ്പിന്റെ മണമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് എക്കാലവും ഗള്‍ഫ് മലയാളികളോട് കടപ്പാടുണ്ട്. ഗള്‍ഫ് മലയാളികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായാണ് എയര്‍ കേരളക്ക് തുടക്കം കുറിക്കുന്നത്.
തുടക്കത്തില്‍ ലാഭ നഷ്ടങ്ങളില്ലാതെ എയര്‍ കേരളക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് ചെയര്മാന് അഡ്വ.പി.എം.എ സലാം അധ്യക്ഷത വഹിച്ചു. എം.അന്‍സാറുദ്ദീന്‍, എ.യൂനുസ്കുഞ്ഞ്, മാജിദ വഹാബ്, ബോര്‍ഡ് സി.ഇ.ഒ എച്ച്.ഷെറഫുദ്ദീന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: