കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഇന്ത്യ ഏറ്റവും മുന്നിലാണെന്ന് ചില്‍ഡ്രന്‍ ഓഫ് ഇന്ത്യ 2011 റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഇന്ത്യയില്‍ വളര്‍ച്ച 24 ശതമാനമാണ്. 2011 ല്‍ 33100 കേസുകള്‍ ഉണ്ടായെങ്കില്‍ 2010 അത് 26,694 ആയിരുന്നു. കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നതിന്റെ വര്‍ധന 30 ശതമാനമാണ്. പെണ്‍ഭ്രൂണഹത്യയുടെ വളര്‍ച്ച 27 ശതമാനമാണ്. പെണ്‍ഭ്രൂണഹത്യയില്‍ കേരളം ബീഹാറിന് തൊട്ടുപുറകിലാണ്. ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഭവം പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന് മുംബൈയിലെ ചുവന്ന തെരുവില്‍ എത്തിയ്ക്കുന്നതാണ്. ഇക്കാര്യത്തില്‍ വളര്‍ച്ച 27 ശതമാനമാണത്രെ. അടുത്തയിടെ മുംബൈയിലെ ചുവന്ന തെരുവില്‍ നടന്ന റെയ്ഡില്‍ മോചിപ്പിച്ചവരില്‍ നല്ലൊരു ശതമാനം പ്രായപൂര്‍ത്തിയാകാത്ത ബാലികകളായിരുന്നു. പശ്ചിമബംഗാളില്‍നിന്നും ബീഹാറില്‍നിന്നും നേപ്പാളില്‍നിന്നും മാത്രമല്ല കേരളത്തില്‍നിന്നും ജോലി വാഗ്ദാനം ചെയ്ത് ആദിവാസി പെണ്‍കുട്ടികളുള്‍പ്പെടെ വേശ്യാലയങ്ങളില്‍ എത്തിക്കപ്പെടുന്നു. ഏറ്റവും അധികം പെണ്‍കുട്ടികള്‍ പശ്ചിമബംഗാളില്നിന്നാണെന്നും പഠനം കണ്ടെത്തിയിരുന്നു.
കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ മാത്രമല്ല വര്‍ധിക്കുന്നത് കുട്ടിക്കുറ്റവാളികളും സമൂഹത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. ബുധനാഴ്ച കോട്ടയത്തെ ജുവനെയില്‍ ഹോമില്‍ നടത്തിയ പരിശോധനയില്‍ അന്തേവാസികളില്‍ ഭൂരിഭാഗവും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയാകുന്നതായും വാര്ഡന്മാരുടെ ശാരീരിക പീഡനത്തിനിരയാകുന്നതായും കണ്ടെത്തി. കോട്ടയം ജുവനെയില്‍ ഹോം സംസ്ഥാനത്തെ ഏറ്റവും മോശമായ ഹോം ആണെന്ന് സാമൂഹ്യക്ഷേമ വകുപ്പ് പറയുമ്പോഴും സംസ്ഥാനത്തൊട്ടാകെ ജുവനെയില്‍ ഹോമിലും അനാഥാലയങ്ങളിലും കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാകുന്നു.
കൊല്ലത്തെ 40 അന്തേവാസികളുള്ള ഹോമില്‍ എട്ട് വാച്ചര്‍മാര്‍ക്ക് പുറമെ താല്‍ക്കാലിക വാച്ചര്‍മാരേയും നിയോഗിച്ചത് ലൈംഗികാസ്വാദനത്തിനാണെന്ന് വ്യക്തം. ഇവിടെ മുതിര്‍ന്ന കുട്ടികളും വാര്ഡന്മാരുടെ പ്രേരണയ്ക്ക് വഴങ്ങി ചെറിയകുട്ടികളെ പീഡിപ്പിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. ക്ഷേമരാജ്യം എന്നവകാശപ്പെടുമ്പോഴും ഭാവി തലമുറയുടെ ശാരീരിക-മാനസികാരോഗ്യം സംരക്ഷിക്കാനല്ല പീഡിപ്പിക്കാനാണ് ഇവിടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: