വാഷിങ്ങ്ടണ്‍: സംവാദത്തില്‍ തനിക്ക് മോശം പ്രകടനമാണ് ഉണ്ടായത്. അത് തന്റെ മോശമായ ഒരു കളി ആയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രസിഡന്റ് ബരാക് ഒബാമയുടെ ആത്മവിശ്വാസത്തില്‍ കുതിര്‍ന്ന വാക്കുകളായിരുന്നു ഇത്. നവംബര്‍ ആറിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി നടന്ന സംവാദത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോമ്മ്നിക്ക് ജനസമ്മതി ഉയര്‍ന്നതായി സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു തൊട്ടുപിറകെയാണ് ഒബാമ ഇത്തരത്തില്‍ പ്രതികരിച്ചത്. റോമ്മ്നിക്കെതിരെ വന്‍ വിജയം നേടുമെന്ന് ഒബാമ പറഞ്ഞു. സംവാദത്തിലെ തിരിച്ചടി താന്‍ കാര്യമാക്കുന്നില്ല ഇതിന് മുമ്പും ഇത്തരം തിരിച്ചടിയിലൂടെയാണ് താന്‍ വൈറ്റ് ഹൗസിന്റെ പടി ചവിട്ടിയത് ഒബാമ ആവര്‍ത്തിച്ചു.
ഈ മാസം 16ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന അടുത്ത സംവാദത്തെയാണ് താന്‍ ഇപ്പോള്‍ നോക്കിക്കാണുന്നത്. ലോകം മുഴുവനും ഇതു തന്നെയായിരിക്കും ഉറ്റുനോക്കുക, ഒബാമ പറഞ്ഞു. ഒക്ടോബര്‍ മൂന്നിന് നടന്ന സംവാദത്തിനുശേഷം ആദ്യമായാണ് ഒബാമ ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ പ്രത്യക്ഷപ്പെടുന്നത്.
സംവാദത്തിലെ റോമ്മ്നിയുടെ വിജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒബാമ വളരെ വിനീതനായാണ് സംസാരിച്ചത്. താന്‍ വിനീതനാണെന്നും സത്യസന്ധമായി മത്രമേ എല്ലാകാര്യങ്ങളും ചിന്തിക്കുകയുള്ളൂവെന്നും പറഞ്ഞു. റോമ്മ്നിയെ വാഴ്ത്തപ്പെട്ടവനാക്കിയ നിങ്ങള്‍ അത് തെറ്റാണെന്ന് ഒരിക്കല്‍ പറയേണ്ടിവരും. സംവാദത്തിലെ റോമ്മ്നിയുടെ വിജയം നല്ലകാര്യമായെ താന്‍ എടുത്തിട്ടുള്ളു. എല്ലാ കളികളിലും എല്ലാവര്ക്കും വിജയിക്കാന്‍ സാധിക്കില്ല. അത് നിങ്ങള്‍ മനസിലാക്കണം. ഈ വിജയം ദീര്‍ഘകാലം നിലനില്‍ക്കില്ലെന്നും ഒബാമ പ്രതികരിച്ചു. ലക്ഷക്കണക്കിന് ജനങ്ങളുടെ പിന്തുണ തനിക്കുണ്ട്. റോമ്മ്നിയെ ഇവര്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഒബാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: