ന്യൂദല്‍ഹി: കാവേരിനദിയില്‍ നിന്ന് തമിഴ്നാടിന് ജലം വിട്ടു നല്‍കണമെന്ന ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. കാവേരി ജല അതോറിറ്റി അധ്യക്ഷനായ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗിന് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രിക്ക് സെപ്റ്റംബര്‍ 28 ന് പുറപ്പെടുവിച്ച ഉത്തരവ് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.
കാവേരി പ്രശ്നത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ കോടതി വിമര്‍ശിച്ചു. പ്രശ്നം വഷളാക്കുന്നത് രാഷ്ട്രീയ സംഘടനകളാണെന്നും കര്‍ഷകരെ ഇക്കാര്യത്തില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കോടതി പറഞ്ഞു. ജലം നല്കുന്നതില് പ്രതിഷേധിച്ചുള്ള പ്രക്ഷോഭങ്ങള്‍ പ്രത്യേകിച്ച് പ്രയോജനമുണ്ടാക്കില്ലെന്നും മറിച്ച് വിപരീതഫലം ഉണ്ടാക്കാനാണ് സാധ്യതയെന്നും ജസ്റ്റിസുമാരായ ഡി.കെ.ജയ്ന്‍, മദന്‍.ബി.ലോക്കുര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. കര്‍ണാടക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് നരിമാന്റെ നേതൃത്വത്തിലുള്ള നിയമവിദഗ്ദ്ധര്‍ കോടതിയില്‍ ഹാജരായി.
കഴിഞ്ഞ മാസം 28നാണ് കാവേരി നദിയില്‍ നിന്ന് പ്രതിദിനം 9000 ഘനയടി ജലം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. സെപ്റ്റംബര്‍ 19 ന് ചേര്‍ന്ന കാവേരി അതോറിറ്റിയോഗത്തില്‍ പ്രധാനമന്ത്രി ഡോ.മന്മോഹന്സിംഗാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഈ മാസം 15 വരെ തമിഴ്നാടിന് ജലം നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ നിര്‍ദ്ദേശം നടപ്പാക്കാന്‍ കര്‍ണാടക വിസമ്മതിച്ചു. തുടര്‍ന്ന് തമിഴ്നാട് സുപ്രീംകോടതിയെ സമീപിക്കുകയും 9000 ഘനയടി ജലം പ്രതിദിനം നല്കാന് സുപ്രീംകോടതി കര്‍ണാടകക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
അതേ സമയം കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പ്രധാനമന്ത്രി മന്മോഹന് സിംഗുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തി. കാവേരി നദീജല പ്രശ്നം പരിഹരിക്കുന്നതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് കൂടിക്കാഴ്ച്ച നടത്തിയത്. വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ, ജലവിഭവ മന്ത്രി പവാന്‍ കുമാര്‍ ബന്‍സാല്‍, കര്‍ണാടക റെയില്‍വെ മന്ത്രി കെ.എച്ച് മുനിയപ്പ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കാവേരി നദീജല പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പ്രശ്നം പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബംഗളൂരു,മാണ്ഡ്യ, ഹസാന്, മൈസൂര്‍ എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും, ജല ദൗര്‍ലഭ്യം സംസ്ഥാനത്തെ വിളകളെ ബാധിക്കുമെന്നും സംഘം പ്രധാനമന്ത്രിയോട് പറഞ്ഞു. തമിഴ്നാട് സര്‍ക്കാരന്റെ മാത്രം താല്‍പ്പര്യം പരിഗണിച്ച് കേന്ദ്രം തീരുമാനമെടുക്കരുതെന്നും എല്ലാവരുടേയും താല്‍പ്പര്യം പരിഗണിക്കണമെന്നും ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സംഘം വ്യക്തമാക്കി. കര്‍ണാടകയില്‍ മഴ അവസാനിച്ചു. എന്നാല്‍ തമിഴ്നാട്ടില്‍ വര്‍ഷകാലം ആരംഭിക്കാനിരിക്കുന്നതേയുള്ളൂവെന്നും തമിഴ്നാടിന് ആവശ്യത്തിന് വെള്ളം ലഭിക്കുമെന്നും സംഘം പറഞ്ഞു.
അതേസമയം, വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയെസന്ദര്ശിച്ചു. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിനുമുന്നോടിയായാണ് ഷെട്ടാര്‍ കൃഷ്ണയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
പ്രധാനമന്ത്രി മന്മോഹന് സിംഗ് അധ്യക്ഷനായുള്ള കാവേരി നദീജല അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് തമിഴ്നാടിന് ജലം വിട്ട് നല്കാന് സുപ്രീം കോടതി ഉത്തരവിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാവേരി നദിയില്‍ നിന്ന് 9000 ഘനയടി വെള്ളം കഴിഞ്ഞയാഴ്ച്ച മുതല്‍ കര്‍ണാടക വിട്ടുനല്‍കിയിരുന്നു. വന്‍ പ്രതിഷേധത്തിനിടയിലാണ് നദിയില്‍ നിന്നുള്ള വെള്ളം ഇപ്പോള്‍ നല്കിക്കൊണ്ടിരിക്കുന്നത്.
വെള്ളം വിട്ടുനല്‍കുന്നതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമായപ്പോള്‍ വിഷയം പുന:പരിശോധിക്കണമെന്നുകാട്ടി കര്‍ണാടക സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനിടയില്‍ വെള്ളം വിട്ടുനല്‍കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് എസ്.എം കൃഷ്ണ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായിരുന്ന കൃഷ്ണ പ്രധാനമന്ത്രിയുടെ നിലാപാടിനെ വിമര്ശനഭാഷയിലാണ് കൈക്കൊണ്ടത്. കര്‍ണാടകയിലെ ജനങ്ങളുടെ വികാരം മനസിലാക്കണമെന്നും പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെടണമെന്നും കൃഷ്ണ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: