ബംഗളൂരു: ബഹിരാകാശ രംഗത്ത് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 58 ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിട്ടുണ്ട്. ഐഎസ്ആര്‍ഒ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹങ്ങളുടേയും റോക്കറ്റുകളുടേയും വിക്ഷേപണങ്ങളടക്കമാണ് പദ്ധതി ഇട്ടിരിക്കുന്നത്.
2012-2017 കാലയളവില്‍ 60 ദൗത്യങ്ങളാണ് ലക്ഷ്യം വെക്കുന്നത്. ഇതില്‍ 58 വിക്ഷേപണങ്ങള്‍ക്കുള്ള പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞു. 33 ഉപഗ്രഹങ്ങളും 25 വിക്ഷേപണ വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും. പതിനൊന്നാം പദ്ധതിയില്‍ വിവിധ ദൗത്യങ്ങള്‍ക്കായി 2000കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. എട്ട്, ഒമ്പത്, പത്ത് പദ്ധതി കാലയളവില്‍ പത്തുമുതല്‍ 13 വരെ ദൗത്യങ്ങളാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ 2007-2012 പദ്ധതി കാലയളവില്‍ 29 ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി. വര്‍ധിച്ച ട്രാന്‍സ്പോണ്ടറുകളുടെ ആവശ്യം കണക്കിലെടുത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ 14 വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുകയാണ്. 2012-17 കാലയളവില്‍ 794 ട്രാന്‍സ്പോണ്ടറുകള്‍ ആവശ്യമായി വരുമെന്നാണ് ബഹിരാകാശ വകുപ്പ് അറിയിച്ചത്. മൊബെയില്‍ കമ്മ്യൂണിക്കേഷന്‍ ലക്ഷ്യം വെച്ച് ഉയര്‍ന്ന ശേഷിയുള്ള എസ് ബാന്‍ഡ് ഉപഗ്രഹവും പുതിയ തലമുറയില്‍പ്പെട്ട ജിയോ ഇമേജിങ് ഉപഗ്രഹവും വിക്ഷേപണത്തില്‍ ഉള്‍പ്പെടും. ബ്രോഡ് ബാന്‍ഡ് വിസാറ്റ്, ക്യു ബാന്റ് എന്നീ സൗകര്യങ്ങള്‍ക്കായുള്ള ഉപഗ്രഹങ്ങളും ദൗത്യത്തില്‍ ഉള്‍പ്പെടും.
12-ാം പദ്ധതി കാലയളവില്‍ 16 പിഎസ്എല്‍വി ദൗത്യങ്ങളും ആറ് ജിഎസ്എല്‍വി മാര്‍ക്ക് രണ്ട് ദൗത്യങ്ങളുമാണ് ലക്ഷ്യം വെക്കുന്നതെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിന്റെ വിപുലീകരണത്തിനും മൂന്നാമത്തെ ലോഞ്ചിംഗ് പാഡ് നിര്‍മിക്കുന്നതിനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: