കര്‍ഷകനും തൊഴിലാളിയും അടിയാളവര്‍ഗവും ചേര്‍ന്ന സാധാരണ മനുഷ്യന്റെ വിയര്‍പ്പും വികാരവുമാണ് അക്കിത്തം കവിത. ധര്‍മാധിഷ്ഠിതമായ ഭാരതീയ കാവ്യപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണത്. മനുഷ്യന് തന്നെ ഇവിടെ ദര്‍ശനമായി മാറുന്നു. സാമൂഹ്യപരിഷ്ക്കരണ സംരംഭത്തിന്റെ നന്മയും ഊര്‍ജവും ഉള്‍ക്കൊണ്ടാണ് ആ കവിതയിലെ ആശയഘടകങ്ങള്‍ നാടിന്റെ ശബ്ദമായി പരിവര്‍ത്തനം ചെയ്തത്. വി.ടി.ഭട്ടതിരിപ്പാടിനോടൊപ്പം നിന്ന് അനീതിക്കെതിരെ പോരാടാനും ഇടശ്ശേരി ഗോവിന്ദന് നായരുമായി ചേര്‍ന്ന് പൊന്നാനിക്കളരിയുടെ മാനവികതാദി ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനും കഴിഞ്ഞ അക്കിത്തം ഏകമാനവ ലോകത്തേയും ധാര്മികസോഷ്യലിസത്തേയും പ്രാര്‍ത്ഥിക്കുന്നു. ആധുനിക മലയാള കവിതയുടെ ഭാവുകത്വപരിണാമത്തിന് നാന്ദിപര്വം രചിക്കുകയായിരുന്നു ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’. ഉപനിഷത്തും വേദാന്തവും ഗീതയുമുണര്ത്തുന്ന ദാര്‍ശനിക പരിപ്രേക്ഷ്യങ്ങളും വിവേകാനന്ദന്റെ വിചിന്തനവീര്യവും അരവിന്ദന്റെ കാവ്യദര്‍ശനവും എഴുത്തച്ഛന്റെ ധര്മദീപ്തിയും കവിതയുടെ വിണ്‍വെളിച്ചമായി അക്കിത്തം സാക്ഷാത്കരിക്കുന്നു. പട്ടിപിടുത്തക്കാരന് മുതല്‍ പുരോഹിതന്വരെയുള്ള മനുഷ്യരുടെ കഥയായി അത് അടയാളപ്പെടുകയാണ്.
“ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായി ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി”
എന്ന വരികളുണര്ത്തുന്ന ബുദ്ധകാരുണ്യമാണ് അക്കിത്തം കവിതയുടെ ധര്‍മസന്ദേശം.
മൂല്യശോഷണം, നാഗരികഭീകരത, ശാസ്ത്രഭീമന് ഞെരിക്കുന്ന മാനവധര്മസങ്കല്പ്പങ്ങള്, മണ്ണും മാനവും പ്രകൃതിയും നേരിടുന്ന ഭീഷണികള്‍ ഇവയ്ക്കുനേരെയുള്ള കാവ്യപ്രതിരോധ ശക്തിയായി കാവ്യകല രൂപപ്പെടുത്തിയപ്പോഴാണ് അത് സ്നേത്തിന്റെ ധര്‍മശാസ്ത്രമായി വളര്‍ന്നത്.
‘നിരുപാധികമാം സ്നേഹം
ബലമായി വരും ക്രമാല്‍
ഇതാണഴകിതേ സത്യം
ഇതു ശീലിക്കല്‍ ധര്‍മവും’
എന്ന് സ്നേഹമുഖങ്ങളെ വിശ്വസ്നേഹമൂല്യവും ജീവിതപ്രേരണയുമായി വിവര്‍ത്തനം ചെയ്യുകയാണ്. ഏറെക്കാലം ഇരുട്ടില്‍ കഴിഞ്ഞ് പിന്നീട് വെളിച്ചം നേടിയ ഋഗ്വേദത്തിലെ ദീര്‍ഘ തമസ്സ് എന്ന ഋഷി ഓതുന്നത് ‘ഏകം സദ് വിപ്രാഃ ബഹുധാ വദന്തി’ എന്ന ദര്‍ശനം വെളിച്ചമാണ്. ഈ ഏകസത്യത്തിന്റെ മഹാപ്രകാശത്തെയാണ്
‘വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം’
എന്ന മന്ത്രസമാനമായ കാവ്യസൂത്രത്തിലൂടെ കവി ഉപാസിക്കുന്നത്. യാഗസംസ്കാരത്തേയും അഹിംസാ ദര്‍ശനത്തേയും ഭക്തിപ്പൊരുളിനേയും സാധാരണ മനുഷ്യന്റെ നിത്യനൈമിത്തിക ജീവിതവുമായി കൂട്ടിയിണക്കാന്‍ കവിക്ക് കഴിയുന്നു. യോഗാത്മകതയുടെ മാനവമുഖം നേടാന്‍ നിയോഗിക്കപ്പെടുകയാണ് ആ കവിത. ഫ്യൂഡലിസ്റ്റ് ആശയസംഹിതകളോടും ചൂഷണ സംവിധാനക്രമങ്ങളോടും കൊളോണിയല്‍ വാഴ്ചയിലെ അധര്മശീലങ്ങളോടും പൊരുതാന്‍ മാനവതയുടെ പ്രത്യയശാസ്ത്രം ഊര്‍ജമായി. മനുഷ്യവിമോചനം, വിശപ്പിന്റെ നീതിശാസ്ത്രം, വിപ്ലവം എന്നിവയെല്ലാം സാമൂഹ്യാവബോധത്തിന്റെ നൈതികതയിലാണ് അക്കിത്തം പുനര്‍സൃഷ്ടിച്ചത്. ‘കുതിര്‍ന്ന മണ്ണും’, ‘വീരവാദ’വും ‘പ്രതികാര ദേവത’യും ‘കരിഞ്ചന്ത’യും ‘ആര്യനും’ ‘പണ്ടത്തെ മേശാന്തി’യും ഇതിന്റെ സത്യദര്‍ശനമാണ്.
‘കവിത സാമത്തിന്റെ രസമായ ഉല്‍ഗീഥം തന്നെ’യെന്ന ഋഷിവാക്യം കവിതയുടെ സമഗ്രസങ്കല്‍പ്പ പ്രത്യക്ഷമായി സ്വീകരിക്കുമ്പോഴും ‘തെരുവിലെ മനുഷ്യ’ന്റെ ഗദ്ഗദമായി സ്വന്തം കവിതയെ മുദ്രണം ചെയ്യുകയാണ് അക്കിത്തം. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ പ്രവചിച്ച കാലദുരന്തങ്ങള്‍ വര്‍ത്തമാനകാലം അക്ഷരാര്‍ത്ഥത്തില്‍ ഏറ്റുവാങ്ങുകയാണ്. ക്രാന്തദര്‍ശിയായ കവിയുടെ അരനൂറ്റാണ്ടിനപ്പുറത്തെ വചനത്തിന് കാലം നല്കിയ സത്യശിവസൗന്ദര്യമാണിത്.
‘ബലിദര്‍ശനം’ ‘ധര്‍മ സൂര്യന്’ എന്നീ കാവ്യങ്ങളും ‘ഇതിഹാസത്തോടൊപ്പം ധര്മസംരചനയുടെ മുഖമാണ് പ്രദര്‍ശിപ്പിക്കുക. ‘നിമിഷക്ഷേത്രം’, ‘ആലഞ്ഞാട്ടമ്മ’, ‘സ്പര്‍ശമണികള്‍’, ‘ഒരു കുടന്ന നിലാവ്,’ ‘അനശ്വരന്റെ ഗാനം’ തുടങ്ങിയ സര്ഗയത്നങ്ങള് ദാര്‍ശനികവും സാഹിതീയവുമായ മാനങ്ങളിലൂടെ കടന്നുപോകുന്നു. സ്തീത്വത്തെയും പെണ്മനസിനേയും സത്യാന്വേഷണ തൃഷ്ണയോടെ അടയാളപ്പെടുത്തുകയാണ് ‘ദേശസേവിക’, മധുവിധു എന്നീ കൃതികള്‍. പെണ്ണെഴുത്തില്‍ നിഴലിക്കാറുളള കൃത്രിമത്വങ്ങളെ തള്ളിക്കളഞ്ഞാണ് അക്കിത്തത്തിന്റെ സ്ത്രീസ്വത്വനിര്മിതി. നൈര്‍മല്യത്തിന്റേയും അനുഭൂതി താരള്യത്തിന്റെയും അക്ഷരമായി കുട്ടിക്കവിതകളെ പ്രകാശിപ്പിക്കാനും കുഞ്ഞിക്കണ്ണുകളിലെ വിശ്വശാന്തിയെ ഉന്മീലനം ചെയ്യാനും കവി ശൈശവഹൃദയം തുറന്നുവെക്കുന്നു.
കാലവും മൃത്യുവും പ്രകൃതിയും കവിയില്‍ സൃഷ്ടിക്കുന്ന ദാര്‍ശനിക വൈകാരികതയുടെ മാനം ആസ്തികതയുടേതാണ്. ചിത്രവും സംഗീതവും നര്‍മവും ജ്യോതിഷവും ആത്മനിഷ്ഠമായ ലാവണ്യബോധത്താല് അപഗ്രഥനവിധേയമാക്കാനും നാടോടിത്തവും കടങ്കഥയും പഴഞ്ചൊല്ലും പുരാവൃത്തവും കേരളീയതയുടെ പച്ചനാക്കിലയില്‍ രുചിഭേദങ്ങളായൊരുക്കാനും അക്കിത്തത്തിന്റെ കാവ്യകല ഉത്സുകമാണ്. പദസംസ്കാരത്തിലും വൈചിത്ര്യഭംഗികളിലും പ്രസാദപ്പൊലിമയുടെ വര്ണ്ണരേഖയിണങ്ങുന്നു. ഇമേജുകളുടെ സങ്കല്പ്പ വൈവിധ്യങ്ങളും ആദിബിംബാവലിയുടെ നിയത ക്രമങ്ങളും ലാവണ്യസൂചകങ്ങളായ കല്പ്പനകളും കാവ്യഭാഷയുടേയും ശൈലിയുടേയും ഭാവമുദ്രയാണ്.
‘നാടോടിപ്പാട്ടുകള്‍’ ‘മനഃസാക്ഷിയുടെ പൂക്കള്‍’, ‘സഞ്ചാരികള്‍,’ ‘കരതലാമലകം’, ‘വെണ്ണക്കല്ലിന്റെ കഥ’ ‘കുട്ടിക്കവിതകള്‍’, ‘സമന്വയത്തിന്റെ ആകാശം’, ‘അന്തിമഹാകാലം’ തുടങ്ങിയ സഞ്ചയം മനുഷ്യന് എന്ന മൗലികസമസ്യയുടെ അന്വേഷണപഥമാണ്. പ്രസാദാത്മകത്വവും ജീവിതപ്രേരണയുമാണ് അക്കിത്തം കവിതയുടെ ആന്തരികശോഭ.
‘മനുഷ്യനാമെന്‍ മനോരഥത്തിന്നു
മനുഷ്യമുക്തിയേ മനോജ്ഞമാം ലക്ഷ്യം’
എന്ന് ഉരുവിട്ടുണര്ത്തുന്ന മാനവതാ സങ്കല്‍പ്പം വിശ്വസ്നേഹത്തിന്റെയും സ്വാതന്ത്ര്യപ്പൊരുളിന്റേയും ജീവിതദര്‍ശനമായി ഉരുവം കൊള്ളുന്നു. ഭാഗവതവിവര്ത്തനത്തിലൂടെ ഭക്തി, സ്നേഹം തന്നെയെന്ന ‘നാരദഭക്തിസൂത്ര’ മന്ത്രണത്തെ വലംവെയ്ക്കുകയാണ് കവി. ‘ഇദം ന മമ’ ഇത് എനിക്കുവേണ്ടിയല്ല-എന്ന യജ്ഞപ്രകാശത്തെ സ്വന്തം കവിതയുടെ ചിറകുകളാക്കുകയാണ് അക്കിത്തത്തിന്റെ സ്വപ്നം. ‘യാഗാഗ്നിയുടെ വെളിച്ച’മെന്ന് ആ കവിത വിളികൊള്ളുന്നു. ‘ധര്മക്ഷേത്രത്തിലെ കെടാവിളക്കാ’യി അത് മൂല്യനിര്‍ണയം ചെയ്യപ്പെട്ടിട്ടുണ്ട്.
ദാര്‍ശനിക സാഹിത്യമാനങ്ങള്‍ പൈതൃകജ്ഞാനധാരയില് വിലയം കൊള്ളുമ്പോഴാണ് അക്കിത്തം കവിതയുടെ അന്തര്‍ജ്ഞാനം മിഴി തുറക്കുക. ഈ ജ്ഞാനസരണിയില്‍ ആത്മീയതയുടെ ആകാശവും ഭൗതികതയുടെ മണ്ണും ‘ഒന്നിന്റെ’ തത്വവേദിയാകുന്നു. അതുകൊണ്ടാണ്
‘ഇതു സത്യം പ്രാണന് പൊരി-
യുന്നേടത്തെന്റെ കണ്ണുനിറയുന്നു
അവരറിയാതവരെന്നില്
ക്കുടി പാര്‍ത്തീടുന്നു പിന്നെയെന്നെന്നും’
എന്ന് അനാഥന്റെയും അശരണന്റെയും ശരണാലയമാകാന് ആ കവിത നിയോഗിക്കപ്പെടുന്നത്.
വയലാര്‍ പുരസ്ക്കാരം അക്കിത്തത്തെ തേടിയെത്തുന്ന ഈ മുഹൂര്‍ത്തം മലയാള കവിതയ്ക്കുള്ള അംഗീകാരമാണ് അടയാളപ്പെടുത്തുന്നത്. നരനാരായണ മന്ത്രവുമായി കുമരനല്ലൂരിലെ ‘ദേവായന’ത്തില്‍ അക്ഷരപൂജയിലാണ് അക്കിത്തം. ഇനിയുമൊരായിരം കാവ്യപൂര്ണചന്ദ്രന്മാരെ ആ അകക്കണ്ണ് സ്വപ്നംകാണുകയാണ്. അഗ്നിയും നിലാവുമായി നവമാനവികതയുടെ സര്‍ഗ്ഗസഞ്ചാരം കാലങ്ങളിലേക്ക് ഒഴുകിപ്പരക്കട്ടെ.
കൂമുള്ളി ശിവരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: