സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് വിഭാവനം ചെയ്തിരിക്കുന്ന അതിവേഗ റെയില്‍പാത സംബന്ധിച്ച പ്രാഥമിക പഠന റിപ്പോര്‍ട്ട് ഒട്ടേറെ ആശങ്കകകളുയര്ത്തുന്നതെന്ന് വ്യക്തമായ സൂചന. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് അതിവേഗ റെയില്‍ കോറിഡോറിനുവേണ്ടി ആധുനിക സാറ്റലൈറ്റ് സംവിധാനങ്ങളുടെ സഹായത്തോടെയും മറ്റും ശാസ്ത്രീയമായി പ്രീ ഫീസിബിലിറ്റി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയും പിന്നീട് മംഗലാപുരത്തേക്കും നീട്ടാന്‍ പദ്ധിയിട്ടിരിക്കുന്ന പാതയുടെ 527 കിലോമീറ്റര്‍ ദൂരമാണ് കേരളത്തിലൂടെ കടന്നുപോകുന്നത്.
ഭൂമിയില്‍നിന്ന് ഉയരത്തില്‍ നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് തൂണുകളില്‍ സ്ഥാപിക്കുന്ന ‘റൈറ്റ് ഓഫ് വേ’ (റോ)യിലൂടെയായിരിക്കും മണിക്കൂറില്‍ ശരാശരി 350 കിലോമീറ്റര്‍ വേഗതയില്‍ ഇലക്ട്രോ മാഗ്നറ്റിക് (വൈദ്യുത കാന്തിക) സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രെയിനുകള്‍ പാഞ്ഞുപോവുക. 22.5 മീറ്റര്‍ വീതിയിലായിരിക്കും സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ഇതിനായി ഭൂമി ആവശ്യമായി വരിക.
സര്‍ക്കാര്‍ സഹായത്തോടെ സ്വകാര്യ സംയുക്ത സംരംഭമായാണ് അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. 1.18 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അതിവേഗ റെയിലിന് 2010 ഫെബ്രുവരി 10 ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡ് വരെയുള്ള ദൂരം മൂന്ന് മണിക്കൂറില്‍ താഴെ മാത്രം സമയംകൊണ്ട് യാത്ര ചെയ്യാം എന്നതാണ് ഇതിന്റെ പ്രധാന ഗുണവശമായി സര്‍ക്കാര്‍ എടുത്തുകാട്ടുന്നത്. കേരളാ ഹൈസ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് എന്ന കമ്പനിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. ഇന്‍കല്‍ എംഡി കൂടിയായ ടി.ബാലകൃഷ്ണന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അതിവേഗ റെയില്‍ കമ്പനിയില്‍ വ്യവസായ വകുപ്പ് സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മ, ടി.പി.തോമസ് കുട്ടി എന്നിവര്‍ ഡയറക്ടര്‍മാരുമാണ്.
പദ്ധതി നിര്‍മാണത്തിനായി ഡിഎംആര്‍സി നടത്തിയ പ്രാഥമിക പഠന റിപ്പോര്‍ട്ട് 15 ഇനങ്ങളാക്കി തിരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. റെയില്‍ പാത കടന്നുപോകുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ച് ‘റൈറ്റ് ഓഫ് വെ’ തയ്യാറാക്കുവാന്‍ മാത്രം. 2000 ഏക്കറിലധികം ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. ഇതിനുപുറമെ സ്റ്റേഷനുകള്‍ക്കും റെയില്‍വേ ബറിനും മറ്റ് അനുബന്ധ സംവിധാനങ്ങള്‍ക്കുമായി നൂറ് കണക്കിന് ഏക്കര്‍ ഭൂമി അധികമായി ഏറ്റെടുക്കേണ്ടതായും വരും.
ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് തയ്യാറാക്കിയ പ്രാഥമിക പഠന റിപ്പോര്‍ട്ടിലെ 5,12,15 അനുഛേദങ്ങള്‍ കേരളം പോലൊരു സംസ്ഥാനത്ത് അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന അതീവ ഗുരുതരമായി നിരവധി പ്രതികൂല ഘടകങ്ങളെക്കുറിച്ചുള്ള ചിത്രം വരച്ചുകാട്ടുന്നുണ്ട്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടായേക്കാവുന്ന പുനരധിവാസ പ്രശ്നങ്ങള്‍, അതീവ ഗുരുതരമായ പാരിസ്ഥിതിക നശീകരണം, ശബ്ദ, ജല മലിനീകരണം, കൃഷി നാശം തുടങ്ങിയ ദോഷവശങ്ങളുടെ പട്ടിക തയ്യാറാക്കി റിപ്പോര്‍ട്ടില്‍ അക്കമിട്ടുനിരത്തിയിട്ടുണ്ട്.
പദ്ധതി നിര്‍വഹണത്തിന്റെ ഗുണദോഷവശങ്ങള് പ്രതിപാദിക്കുന്ന പട്ടികയിലെ 25 ഇനങ്ങളില്‍ പതിനേഴും കേരളത്തിന് ദോഷകരമായ കാര്യങ്ങളാണ് ഇതുമൂലം ഉണ്ടാകുവാന്‍ സാധ്യതയെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ തന്നെ ആറു കാര്യങ്ങള്‍ ദീര്‍ഘകാലത്തെ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്നതാണെന്നും റിപ്പോര്‍ട്ടിലെ 11/8, 9 ഭാഗങ്ങളില്‍ പട്ടികയായി രേഖപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി നിര്‍മാണം ഭൂമിയുടെ ഉപയോഗ ക്രമത്തേയും മണ്ണിന്റെ ഘടനയേയും മാറ്റിമറിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഭൂമിയും വസ്തുവകകളും ഏറ്റെടുക്കുമ്പോഴുണ്ടാകാവുന്ന പുനരധിവാസം മറ്റൊരു പ്രതികൂല ഘടകമായി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. നിര്‍മാണഘട്ടത്തിലും തുടര്‍ന്ന് അതിവേഗ റെയില്‍ വഴി ട്രെയിന്‍ ഓടാന്‍ തുടങ്ങിക്കഴിഞ്ഞാലും ജനങ്ങളുടെ സ്വര്യജീവിതത്തിനും കേരളത്തിന്റെ കാര്‍ഷിക, പരിസ്ഥിതി, ആവാസ വ്യവസ്ഥക്കും പദ്ധതി മൂലം ഉള്ള ദോഷവശങ്ങള്‍ ഒട്ടേറെയാണെന്ന് ഡിഎംആര്‍സി പഠന റിപ്പോര്‍ട്ടില്‍ അക്കമിട്ടുനിരത്തിയിരിക്കുന്നത് ഇതുസംബന്ധിച്ച ആശങ്കകള്‍ വാനോളം ഉയര്‍ത്തുന്നതാണെന്ന് വ്യക്തമാക്കപ്പെടുന്നു.
അതിവേഗ റെയില്‍ പദ്ധതിയിലേക്ക് എടുത്തുചാടുന്നതിന് മുന്‍പായി ആശങ്കകള്‍ക്ക് ഇടവരുത്തുന്ന നിരവധി പ്രതികൂല ഘടകങ്ങളെക്കുറിച്ച് ആഴത്തിലും പരപ്പിലുമുള്ള പഠനം അനിവാര്യമാണെന്ന് ഡിഎംആര്‍സി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. എന്നാല്‍ സംയുക്ത മേഖലയില്‍ ഇത്തരം ഒരു ബൃഹദ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കുന്നതിന് മുന്‍പായി ഗൗരവകരമായ ചര്‍ച്ചകളോ, മുന്നൊരുക്കങ്ങളോ നടത്തിയതായി സൂചനയില്ല. എന്നുമാത്രമല്ല പാത കടന്നുപോകുന്ന സ്ഥലങ്ങളിലുള്ള ജനങ്ങള്‍ക്കുപോലും അതിവേഗ റെയില്‍ സംബന്ധിച്ചും അതിന്റെ നിര്‍മാണ പ്രക്രിയയെ സംബന്ധിച്ചും അജ്ഞരായിരുന്നു. ഭൂമി അളന്നുതിരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ചു തന്നെ പലരും അറിയുന്നത് എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
റെയില്‍പാത കടന്നുപോകുന്ന സ്ഥലങ്ങളുടെ ‘റൂട്ട് മാപ്പ്’ പ്രസിദ്ധീകരിക്കുകയും ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടി ക്രമങ്ങള്‍ ഫാസ്റ്റ് ട്രാക് സംവിധാനത്തിലൂടെ പുരോഗമിക്കുകയുമാണിപ്പോള്. ആശങ്കകള്‍ അകറ്റി മാത്രമേ പദ്ധതിയുമായി മുന്പോട്ടുപോവുകയുള്ളൂ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചിരിക്കുന്നത്. നിര്‍ദ്ദിഷ്ട റൂട്ടിലൂടെ പാത നിര്‍മിച്ചാല്‍ 2000 ല്‍ പരം ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടതായി വരിക. എന്നാല്‍ ഇരുവശങ്ങളിലുമായി 500 മീറ്റര്‍ വീതം വീതിയില്‍ ബഫര്‍ സോണിനുകൂടി ഭൂമി ഏറ്റെടുക്കേണ്ടതായി വന്നാല്‍ ഇത് 15000 ഏക്കറായി ഉയരും. ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലുമായി ഒരുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കുടിയൊഴിയേണ്ടതായും വരും.
പ്രാഥമിക പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുക എന്നതാണ് അടുത്തഘട്ടം. ഇതിന് ഒരുവര്‍ഷത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞാല്‍ ക്യാബിനറ്റ് അംഗീകാരം നല്‍കേണ്ടതുണ്ട്. തുടര്‍ന്ന് നാല് ഘട്ടങ്ങളിലായി ഏഴുവര്‍ഷത്തിനകം സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് നടത്തിപ്പിന്റെ ലക്ഷ്യമായി മുന്നില്‍ കാണുന്നത്.
ഭരണകക്ഷിയിലെ പരിസ്ഥിതി വാദികള്‍ അതിവേഗ റെയില്‍ സംരംഭത്തോടുള്ള തങ്ങളുടെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്ന റൂട്ട് വഴി റെയില്‍ കോറിഡോര്‍ അംഗീകരിക്കില്ലെന്ന് ബിജെപി കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്. അതിവേഗ റെയില്‍ സംബന്ധിച്ച് തെറ്റായ പ്രചരണം നടത്തുന്നത് ഗൗരവമായി കാണുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉയര്ന്നുവരാനിരിക്കുന്നതേയുള്ളൂ.
എം.കെ.സുരേഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: