ന്യൂദല്‍ഹി: കടക്കെണിയിലായ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് വീണ്ടും പ്രതിസന്ധിയില്‍. കിങ്ങ്ഫിഷറിലെ എഞ്ചിനീയര്‍മാര്‍ നടത്തുന്ന സമരത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ച് ഒരു വിഭാഗം പൈയിലറ്റുമാര്കൂടി സമരത്തില്‍ പങ്കാളികളായതിനെ തുടര്‍ന്ന് നിരവധി സര്‍വീസുകളാണ് കമ്പനിക്ക് നിര്‍ത്തി വയ്ക്കേണ്ടി വന്നത്. ഇതേ തുടര്‍ന്ന് കിങ്ങ്ഫിഷറിന്റെ ഓഹരിയില്‍ ഇടിവുണ്ടായി.
ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായി കങ്ങ്ഫിഷര് വക്താവ് പ്രകാശ് മിര്‍പുരി പറഞ്ഞു. ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാര്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ന്യൂദല്‍ഹി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട എല്ലാ കിങ്ങ്ഫിഷര്‍ വിമാനങ്ങളും റദ്ദാക്കിയതായാണ് വിവരം.
മാര്‍ച്ച് മാസം മുതല്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച മുതലാണ് കിങ്ങ്ഫിഷര്‍ എഞ്ചിനീയര്‍മാര്‍ സമരം തുടങ്ങിയത്. ആദായ നികുതി വകുപ്പിന്റേയും ബാങ്കുകളുടേയും നിരന്തരമായ നിരീക്ഷണത്തിലാണ് മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ്.
കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് വീണ്ടും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ വ്യോമയാന മന്ത്രാലയവും ഡിജിസിഎയുമായി ചര്‍ച്ച നടത്തും. വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കൂടുതല്‍ വായ്പ നല്കാന് ബാങ്കുകളും തയ്യാറല്ല. വ്യോമയാന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചത് രാജ്യത്തെ കടക്കെണിയിലായ വിമാന കമ്പനികള്‍ക്ക് അല്പം ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ കിങ്ങ്ഫിഷറിന്റെ ഓഹരികള്‍ വാങ്ങാന്‍ വിദേശ എയര്‍ലൈനുകള്‍ ഇതുവരെ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. അതേസമയം വിദേശ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തിയതായാണ് വിജയ് മല്യ പറയുന്നത്. സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കിങ്ങ്ഫിഷറിന്റെ ഓഹരിയില്‍ അഞ്ച് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: