പള്ളുരുത്തി: ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ഏക ആശ്രയമായ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. നിത്യവും മുന്നൂറോളം പേര് ചുരുങ്ങിയത് ഇവിടെ ചികിത്സതേടിയെത്തുന്നു. കുമ്പളങ്ങിയിലെ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശ്രുപത്രി വിവരണമാണ്. 30 ബെഡ്ഡുകളില്‍ ഒരെണ്ണംപോലും ഒഴിവില്ല. നിലവിലെ ആശുപത്രിയിലെ ജനബാഹുല്യം കണക്കിലെടുക്കുമ്പോള്‍ ചുരുങ്ങിയത് ഒമ്പത് ഡോക്ടര്‍മാര്‍ ഇവിടെ സേവനസന്നദ്ധരായി വേണ്ടതാണ്. എന്നാല്‍ ഡ്യൂട്ടിക്കുള്ളത് നാല് ഡോക്ടര്‍മാര്‍ മാത്രം.
ഒരുകാലത്ത് സമ്പന്നമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹെല്‍ത്ത് സെന്ററില്‍ ഗൈനക്കോളജി വിഭാഗം വളരെ നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനായി ഒരു പ്രത്യേക ഡോക്ടറും ഇവിടെയുണ്ടായിരുന്നു. കാലക്രമത്തില്‍ ആശുപത്രി പരിസരത്ത് കെട്ടിടങ്ങള്‍ പലതുമുണ്ടായി. നാല്‍പ്പത്ലക്ഷം മുടക്കി കുട്ടികളുടെ ആശുപത്രി, ലക്ഷങ്ങള്‍ മുടക്കിയ പ്രസവ വാര്‍ഡ്, അതിനായി പ്രത്യേകം തിയേറ്റര്‍. എന്നാല്‍ ഇവയെല്ലാം ആശുപത്രിയിലെ ചമയങ്ങളായി മാത്രം മാറുന്ന അവസ്ഥയാണ് ഇന്ന്. കൂടുതല്‍ സ്റ്റാഫ് നഴ്സുമാര്‍ വേണ്ടിടത്ത് വിരലിലെണ്ണാവുന്നവര്‍ മാത്രം. ഏറ്റവും ന്യൂനതയായി ചൂണ്ടിക്കാട്ടുന്നത് ആശുപത്രിയില്‍ സ്ഥിരനിയമനത്തില്‍ നഴ്സുമാര്‍ ഇല്ലെന്നുള്ളതാണ്.
അഞ്ച് കൊല്ലം മുമ്പ് കുമ്പളങ്ങി സ്വദേശികളായ ചില സാമൂഹ്യപ്രവര്‍ത്തകര്‍ ആശുപത്രിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയില്‍ ആവശ്യമായ സ്റ്റാഫിനെ നിയമിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ആശങ്ക അകന്നില്ലെന്ന് മാത്രമല്ല ഹൈക്കോടതി വിധിയെ ജനപ്രതിനിധികള്‍ മാനിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എന്‍ആര്‍എച്ച്എം ഫണ്ട് പ്രകാരം ലഭിച്ച ലക്ഷങ്ങളുടെ അത്യാധുനിക ഉപകരണങ്ങളാണ് ആശുപത്രിയില്‍ കിടന്ന് തുരുമ്പെടുക്കുന്നത്.
പ്രസവവാര്‍ഡില്‍ 15ഓളം ബെഡ്ഡുകള്‍ അനാഥമായി കിടക്കുന്നു. ആശുപത്രിയോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടത്തില്‍ ഒരു ലാബ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഇവിടെ ടെക്നീഷ്യനില്ലാത്തതിനാല്‍ ലാബും പ്രവര്‍ത്തിക്കുന്നില്ല. അസുഖബാധിതരായവര്‍ സ്വകാര്യ ലാബുകളെ അഭയം പ്രാപിക്കുന്നു. എല്ലാമുണ്ടായിട്ടും ഒന്നും അനുഭവിക്കാനാവാതെ പാഴായിപോകുന്നത് കാണാനുള്ള യോഗമാണ് കുമ്പളങ്ങി ഗ്രാമത്തിന്. ജനപ്രതിനിധികള്‍ കണ്ണ് തുറന്നാല്‍ ഇതിനൊക്കെ അടിയന്തര പരിഹാരം കാണാന്‍ കഴിയും. കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്ക് കണ്ണ് തുറക്കാന്‍ എവിടെ സമയം…..
കെ.റോഷന് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: