തൃശൂര്‍: രണ്ട് പിഞ്ചുകുട്ടികളെ കുളത്തിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ പ്രതിയായ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പ് നടത്തി. അന്തിക്കാട് മാങ്ങാട്ടുകരവീട്ടില് സുരേന്ദ്ര(40)നെയാണ് ഇന്നലെ ഉച്ചയോടെ മാങ്ങാട്ടുകര ക്ഷേത്രക്കുളത്തിനരികില് തെളിവെടുപ്പിനായി കൊണ്ടുവന്നത്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ ഗുരുവായൂരില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു. ഭാര്യ അമ്പിളി തനിക്ക് വിട്ടുമാറാത്ത അസുഖം ഉണ്ടെന്ന് അഭിനയിക്കുകയാണോയെന്ന സംശയമാണ് കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
സംഭവദിവസം രാവിലെ ആശുപത്രിയില്‍നിന്നും കുട്ടികളുമായി മുറ്റിച്ചൂര്‍ സെന്ററില്‍ എത്തിയ പ്രതി അവിടെനിന്ന് ഓട്ടോ വിളിച്ച് കാഞ്ഞാണി തൃക്കുന്നത്ത് ക്ഷേത്രക്കുളത്തിനരികിലേക്ക് പോയി. അവിടെ ആളുകളെ കണ്ടതിനാല്‍ മറ്റൊരു ഓട്ടോയില്‍ മാങ്ങാട്ടുകര ക്ഷേത്രപരിസരത്ത് എത്തി. മൂത്തകുട്ടി ആദിത്യവേണിയെ നടത്തിയും രണ്ടാമത്തെ കുട്ടി കൃഷ്ണവേണിയെ എടുത്തും വെള്ളം കാണിച്ചുതരാമെന്നു പറഞ്ഞ് ക്ഷേത്രക്കുളത്തിന്റെ വടക്കുപടിഞ്ഞാറെ കരയിലേക്ക് കൊണ്ടുപോയശേഷം മൂത്തകുട്ടിയെ ആദ്യവും തുടര്‍ന്ന് രണ്ടാമത്തെ കുട്ടിയേയും കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. കൃത്യത്തിനുശേഷം സ്വന്തം ഫോണ്‍ വലിച്ചെറിഞ്ഞ് പടിഞ്ഞാറെവഴി വാടാനപ്പള്ളി സെന്ററില്‍ എത്തി സമീപത്തെ ബാറില്‍നിന്ന് മദ്യപിച്ചശേഷം ഗുരുവായൂരിലേക്ക് ബസ് കയറി. തൊട്ടടുത്തിരുന്ന യാത്രക്കാരനില്‍നിന്നും ഫോണ്‍ വാങ്ങി കാഞ്ഞങ്ങാട്ടുള്ള ജ്യേഷ്ഠന് പ്രകാശനെ വിവരമറിയിച്ചു. ഗുരുവായൂരിലെത്തിയ പ്രതി സ്വകാര്യ ബൂത്തില്‍നിന്ന് ജ്യേഷ്ഠനെ വീണ്ടും വിളിച്ചു.
ജ്യേഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ ബസ് സ്റ്റാന്റില്‍ തങ്ങി. ജ്യേഷ്ഠന് പോലീസിന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂരിലെത്തിയ പോലീസ് ബസ് സ്റ്റാന്റിന്റെ മൂലയില്‍ ഇരുന്ന് ഉറങ്ങുന്ന നിലയില്‍ കണ്ട പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 10മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മരിച്ച ആദിത്യവേണിയുടേയും കൃഷ്ണവേണിയുടേയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മണലൂരിലെ ജ്യേഷ്ഠന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഈ കുരുന്നുകള്‍ക്ക് കണ്ണീര്പ്പൂക്കളര്പ്പിക്കാനെത്തി. ഉച്ചക്ക് രണ്ടുമണിയോടെ വടൂക്കര ശ്മശാനത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: