യുഎന്‍: വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജെ യുഎസ് പ്രസിഡന്റ് ബരാക് ഒബാക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. യുഎന്‍ സമ്മേളന വേദിയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ഒബാമയെ വിമര്‍ശിച്ചത്. നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ തന്നെയും തന്റെ സ്ഥാപനത്തേയും ഒബാമ പീഡിപ്പിക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിനുമേല്‍ അമേരിക്ക കൈകടത്തുകയാണെന്നും അസാഞ്ജെ കുറ്റപ്പെടുത്തി.
മധ്യേഷ്യന്‍ രാജ്യങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് യുഎന്നില്‍ ഒബാമ പ്രസംഗിച്ചതിനെ പരിഹസിച്ചുകൊണ്ടാണ് അസാഞ്ജെ സന്ദേശം അയച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന ഒബാമ മറ്റേത് യുഎസ് പ്രസിഡന്റുമാര്‍ നടത്തിയതിലും കുറ്റകരമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും അസാഞ്ജെ പറഞ്ഞു. ലണ്ടനിലെ തടങ്കലില്‍ നിന്നുള്ള പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് യുഎന്നില്‍ പ്രദര്‍ശിപ്പിച്ചത്. സ്വീഡനില്‍ പീഡനക്കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന അസാഞ്ജെ നിലവില്‍ ഇക്വഡോര്‍ എംബസിയിലാണ് അഭയം തേടിയിരിക്കുന്നത്. തനിക്കതിരെയുള്ള നീക്കത്തിന് പിന്നില്‍ അമേരിക്ക തന്നെയെന്നാണ് അസാഞ്ജിന്റെ വാദം. ഒബാമ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സൂക്ഷിച്ച് പറയണമെന്നും അസാഞ്ജെ മുന്നറിയിപ്പ് നല്കി. എക്വഡോര്‍ വിദേശകാര്യ മന്ത്രി റിക്കാര്‍ഡോ പാറ്റിനോ ആണ് വീഡിയോ സന്ദേശം യുഎന്നില്‍ പ്രദര്‍ശിപ്പിച്ചത്.
അഭിപ്രായസ്വാതന്ത്ര്യത്തെ ഏറ്റവുമധികം ക്രിമിനല്‍ വല്‍ക്കരിച്ച പ്രസിഡന്റാണ് ബരാക് ഒബാമയെന്നും അസാഞ്ജ് കുറ്റപ്പെടുത്തി. അറബ് രാജ്യങ്ങളില്‍ അഭിപ്രായസ്വാതന്ത്ര്യമാകാമെന്ന് പറഞ്ഞ ഒബാമ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്ക്കുന്നുണ്ടെങ്കില് തനിക്കെതിരെയുള്ള നിലപാട് പിന്‍വലിക്കണമെന്നും അസാഞ്ജെ പറഞ്ഞു. അമേരിക്കയുടെ നയതന്ത്രരേഖകള് ചോര്‍ത്തിയതിന്റെ പേരില്‍ വിക്കിലീക്ക്സിന്റെ മേല്‍ കുറ്റം ചുമത്തി ഒബാമ ഇരട്ടമുഖം കാണിക്കുകയാണെന്നും പ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട്. ഇക്വഡോര്‍ എംബസിയില്‍ നിന്നും പുറത്തിറങ്ങുന്ന അസാഞ്ജിനെ ഏത് നിമിഷവും അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടീഷ് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഒബാമക്കെതിരെ ഇതിന് മുമ്പും അസാഞ്ജെ ആരോപണങ്ങള്‍ ഉന്നയിച്ചുണ്ടെങ്കിലും ഇത്തരമൊരു സമ്മേളനവേദിയില്‍ അദ്ദേഹത്തിനെതിരെ ഇതിനുമുമ്പ് ആരും രൂക്ഷവിമര്ശനമുന്നയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: