ന്യൂദല്‍ഹി: കൂടങ്കുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.. സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുമെന്നും കോടതി വ്യക്തമാക്കി.
നിലയത്തിനായി എത്രപണം ചെലവാക്കി എന്നതിലല്ല കാര്യം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. പാരിസ്ഥിതിക അനുമതി സംബന്ധിച്ച ആക്ഷേപം ഗൗരവതരമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്.
കൂടംകുളം ആണവ നിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നതിന് അനുമതി നല്കിയ മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയെ സമീപിച്ചത്. ആണവ നിലയത്തിന്റെ പ്രവര്‍ത്തനത്തിന് പുതിയ നിയമപ്രകാരം അനുമതിയില്ലെന്ന് പ്രശാന്ത് ഭൂഷണ് കോടതിയെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
കേസ് അനന്തമായി നീട്ടികൊണ്ടുപോകാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കൂടങ്കുളം സമരസമിതി ചെയര്മാന് എസ്.പി.ഉദയകുമാര്‍ പ്രതികരിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ആണവനിലയത്തെക്കുറിച്ച് സുപ്രീംകോടതി ആശങ്ക അറിയിച്ചിരുന്നു.
കൂടംകുളത്ത് ആണവനിലയം സ്ഥാപിച്ചാല്‍ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് നേരത്തെ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: