ലോസ് ആഞ്ജലസ്/ശ്രീനഗര്‍: മുഹമ്മദ് നബിയെ ചിത്രീകരിച്ച വിവാദ സിനിമ ഇന്നസെന്‍സ് ഓഫ് മുസ്ലീംസ് യൂട്യൂബില്‍ നിരോധിക്കാന്‍ ആവശ്യപ്പെടാനാവില്ലെന്ന് ലോസ് ആഞ്ജലസ് കോടതി വ്യക്തമാക്കി. സിനിമയിലെ നടി സിന്‍ഡി ലീ ഗാര്‍ഷ്യ നിര്‍മ്മാതാവിനെതിരെയും സിനിമ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിന് യൂട്യൂബിനെതിരെയും നല്കിയ പരാതിയിലാണ് കോടതി വിധി. നടിയുടെ പരാതി ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി തെറ്റിദ്ധരിപ്പിച്ചാണ് സിനിമയിലഭിനയിപ്പിച്ചതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
അതേസമയം, സിനിമ യൂട്യൂബില്‍ നിന്നും നീക്കം ചെയ്യാനുള്ള പോരാട്ടം തുടരുമെന്ന് നടിയുടെ അഭിഭാഷകന് അറിയിച്ചു. മരുഭൂമിയിലെ സാഹസിക ചിത്രമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് നിര്‍മ്മാതാവ് സിനിമയിലഭിനയിപ്പിച്ചതെന്ന് കാണിച്ചാണ് നടി ലോസ് ആഞ്ചലസ് കോടതിയില്‍ പരാതി നല്‍കിയത്. വിവാദ സിനിമ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യണമെന്ന് റഷ്യയിലെ അഭിഭാഷക സമൂഹം ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. യൂട്യൂബിലെ സിനിമ നീക്കം ചെയ്യാന്‍ സുഡാനും ഉത്തരവിട്ടുണ്ട്. ഇന്ത്യ, ഈജിപ്റ്റ്, ലിബിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ ഇതിനോടകം തന്നെ സിനിമയുടെ ഭാഗങ്ങള്‍ യൂട്യൂബില്‍ നിന്ന് നിരോധിച്ചിട്ടുണ്ട്.
അതേസമയം, കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു. ഇസ്ലാം നിന്ദ ആരോപിക്കപ്പെട്ട സിനിമ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലക്കാണ് നിരോധം ഏര്‍പ്പെടുത്തിയത്. സിനിമ ലഭ്യമാകാതിരിക്കാന്‍ എല്ലാ നടപടികളും ഉറപ്പ് വരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ഇന്റര്‍നെറ്റ് ടെലികോം സേവനദാതാക്കള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച്ച രാത്രി സംസ്ഥാന ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 1885 ലെ ഇന്ത്യന്‍ ടെലെഗ്രാഫ് നിയമപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ഫേസ് ബുക്കും, യൂട്യൂബും നിരോധിക്കാനാണ് ഉത്തരവില്‍ പറയുന്നത്.
പ്രവാചകന് മുഹമ്മദ് നബിയെക്കുറിച്ചുള്ള സിനിമക്കെതിരെ ലോകം മുഴുവന്‍ പ്രതിഷേധം ആളിക്കത്തുകയാണ്. കഴിഞ്ഞയാഴ്ച്ച ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമണവുമായി ബന്ധപ്പെട്ട് 80 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് ദല്‍ഹിയിലെ യുഎസ് കോണ്‍സുലേറ്റിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച്ച ലിബിയയിലെ യുഎസ് കോണ്‍സുലേറ്റിനുനേരെയുണ്ടായ ആക്രമണത്തില്‍ യുഎസ് സ്ഥാനപതിയുള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടിരുന്നു.
വിവാദ സിനിമക്കെതിരെ പാക് സംഘടനകള്‍ പ്രതിഷേധ റാലി നടത്തി. ബിഷപ്പുമാരുടെയും സഭാ മേധാവികളുടെയും കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ പ്രസ് ക്ലബ് കെട്ടിടത്തിനു മുമ്പിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഇസ്ലാം മതത്തെ അവഹേളിക്കുന്ന ചിത്രം ആഗോളതലത്തില്‍ നിരോധിക്കണമെന്നും പാക്കിസ്ഥാന് ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഏവരും ബഹുമാനിക്കുന്ന മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന സിനിമ ഇന്റര്‍നെറ്റില്‍ നിന്ന് ആദ്യം നീക്കം ചെയ്യുകയാണ് വേണ്ടതെന്ന് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ബിഷപ്പ് റിയാസ് ഷെരീഫ് പറഞ്ഞു. സമാധാനപരമായി പ്രകടനം നടത്തണമെന്ന് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫ് പ്രക്ഷോഭകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ ദേശീയ അവധി ദിനമായും പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് നേരത്തെ തന്ന രാജ്യത്ത് യൂട്യൂബ് നിരോധിച്ചിരുന്നു.
ഈ സിനിമ നിര്‍മ്മിച്ചവരില്‍ ക്രൈസ്തവ നാമധാരികളും ഉണ്ടാകാം. അവര്‍ യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികളല്ല. മറ്റു മതങ്ങളെ അംഗീകരിക്കുന്നവര്‍ക്കു മാത്രമെ ശരിയായ മതത്തില്‍ വിശ്വസിക്കാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. കുരിശും ബൈബിളും ഏന്തിയാണ് വിശ്വാസികള്‍ റാലിയില്‍ പങ്കെടുത്തത്. പ്രതിഷേധ വാചകങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഇവര്‍ ഉയര്‍ത്തി പിടിച്ചിരുന്നു. സിനിമക്കെതിരെ കഴിഞ്ഞദിവസവും പ്രക്ഷോഭകാരികള്‍ ഇസ്ലാമാബാദിലെ യുഎസ് എംബസിക്കുനേരെ പ്രതിഷേധം നടത്തിയിരുന്നു. എംബസിക്കുമുന്നില്‍ തടിച്ചുകൂടിയ പ്രക്ഷോഭകാരികളെ പോലീസ് സമാധാനപരമായി പിരിച്ചുവിട്ടു. ഒബാമയുടെ കോലം കത്തിച്ച പ്രക്ഷോഭകാരികള്‍ പോലീസിനുനേരെ കല്ലേറ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: