വൈരാഗ്യമെന്ന് പറയുന്നത് സാധാരണക്കാര്‍ മനസ്സിലാക്കിയിരിക്കുന്നതുപോലെയുള്ള, അര്‍ത്ഥകാമങ്ങളുടെ അഭാവത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതത്തില്‍, ചുടുകാട്ടില്‍ കാത്തിരിക്കുന്ന കഴുകന്റെ ഏകാഗ്രമായ മനോവൃത്തി പോലുള്ളതോ, ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്തില്‍ പോയി, വണിക് വീഥിയില്‍ കാണപ്പെടുന്ന യാചനാവൃത്തി പോലുള്ളതോ, ധനപതികളെ പ്രതീക്ഷിച്ചു വിക്രേയവീഥിയില്‍ ഒതുങ്ങിയിരിക്കുന്ന വസതുക്കളെ പോലുള്ളതോ അല്ല; വിഷയവൈരാഗ്യം എന്നത് നാം മനസ്സിലാക്കണം. അതൊരുത്തമമായ മാനസമഹാനിധി തന്നെ. അത് ലഭിച്ചാല്‍ പിന്നെ ഒന്നും വേണ്ടതില്ല. അര്‍ത്ഥകാമ വിഷയങ്ങളില്‍ ഇന്ദ്രിയങ്ങള്‍ക്ക് സ്വതസിദ്ധമായിട്ടുള്ള രാഗത്തെ വിഷയദോഷ ദര്‍ശനം എന്ന അഭ്യാസംകൊണ്ട് ഇല്ലാതാക്കാം എന്നും, ആ വിദ്യാഭ്യാസത്തിന്റെ പരിപാക്വോജ്വലമായ ഫലം തന്നെയാകുന്നു ‘വശീകാരം’ എന്ന് പേരുള്ള വൈരാഗ്യം എന്ന് യോഗദര്‍ശനം പറയുന്നു. “ദൃഷ്ടാനുശ്രവിക വിഷയവിതൃഷ്ണസ്യ വശീകാര സജ്ഞാ വൈരാഗ്യം” ദൃഷ്ടങ്ങള്‍ നമ്മുടെ അനുഭവത്തില്‍പ്പെട്ട് വിഷയങ്ങള്‍ ഈ ലോകത്തില്‍ തന്നെ നമുക്കനുഭവിക്കാന്‍ കഴിയാവുന്ന രൂപം, രസം മുതലായ വിഷയ പദാര്‍ത്ഥങ്ങള്‍ അതിനുള്ള ഉപകരണങ്ങള്‍, നിറഞ്ഞ ഐശ്വര്യം മുതലായത്, അനുശ്രവികങ്ങള്‍ ശാസ്ത്രത്തില്‍നിന്നും കേട്ടറിയപ്പെടാവുന്ന പൗരലൗകിക സുഖഭോഗ വിഷയങ്ങള്‍. സകാമ തപസ്, യജ്ഞം ദാനം മുതലായത് കൊണ്ട് ലഭിക്കാവുന്ന സ്വര്‍ഗ സുഖ സൗന്ദര്യ വിഭവങ്ങള്‍, ഈ രണ്ട് മാളികയിലും കേറിയിറങ്ങി ഒളിച്ചുകളിച്ച് രസിക്കുന്ന സ്വഭാവമുള്ള ഒരു മൊണ്ടിക്കാലനെപ്പോലെയാണ് ജീവാത്മാവ് സ്ഥിതി ചെയ്യുന്നത്; ഈ വിഷയങ്ങളില്‍ നിന്നും ബുദ്ധിപൂര്‍വമായി വിരമിക്കുക… വിഷയങ്ങളുടെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും മനസിന്റെ രാഗമുദിച്ചു പൊങ്ങാതിരിക്കുന്ന അവസ്ഥ. ഇതിനെയാണ് വശീകാര്യവൈരാഗ്യം എന്ന് പതഞ്ജലി മഹര്‍ഷി സൂത്രത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
വിഷയങ്ങളുടെ അഭാവം മാത്രമാണ് വൈരാഗ്യം. എന്നാല്‍ ഒന്നുമില്ലാത്ത മുഴുപട്ടിണിക്കാരും വൈരാഗ്യവാന്മാരാകാം. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. വിഷയങ്ങള്‍, അന്നപാന സാധനങ്ങള്‍, സുഖോപകരണങ്ങള്‍, ദുഃഖനിവൃത്തിക്കുള്ള സാധനങ്ങള്‍, ഐശ്വര്യ സൗന്ദര്യ സമൃദ്ധി, മുതലായവ ഇവിടെയുള്ളത് മാത്രമല്ല സ്വര്‍ഗ സുഖമെന്ന് അറിയപ്പെടുന്ന പരലോക വിഷയങ്ങളും എല്ലാം പ്രാപ്തമായാലും, ഇല്ലാതായാലും, വിവേകംകൊണ്ടും വിഷയദോഷ ദര്‍ശനംകൊണ്ടും മനസില്‍ സ്വീകരണമോ, വിദ്വോഷമോ ദീനതയോ ഭോഗവാസനയോ ഉദിയ്ക്കാതിരിക്കുക മനസിന് സ്വാധീനമായ ഈ അവസ്ഥയെയാണ് ‘വശീകാര വൈരാഗ്യം’ എന്ന് യോഗദര്‍ശനത്തില്‍ വിശദമാക്കുന്നത്. ഇതാകുന്നു ഒരു മുമുക്ഷുവിന്റെ സര്‍വോത്തുംഗമായ ചിത്തശുദ്ധി.
ആത്മോപദേശശതകം
വ്യാഖ്യാനം: സ്വാമി വിമലാനന്ദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: