എരുമേലി: വിവാദങ്ങളുടെയും അഴിമതിയുടെയും പറുദീസയായിമാറിയ എരുമേലി ഗ്രാമപഞ്ചായത്തിലെ ഭരണപ്രതിസന്ധി പഞ്ചായത്തിന്റെ വികസന പദ്ധതികളെ താളം തെറ്റിക്കുന്നു.
സമീപപഞ്ചായത്തുകളിലേതടക്കം സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളും കോടികളുടെ വികസന പദ്ധതികരേഖകള് തയ്യാറാക്കി ചര്‍ച്ചയ്ക്ക് അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടും എരുമേലി പഞ്ചായത്തില്‍ മാത്രം പദ്ധതിരേഖ എങ്ങുമെത്തിയില്ല. ഭരണപരിചയമില്ലാത്ത പുതിയ ഭരണസമിതിയും പഞ്ചായത്തിലെ ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കങ്ങളും നിസ്സഹകരണവുമാണ് പദ്ധതി രേഖ തയ്യാറാക്കുന്നതിന് വിഘാതമായി തീര്‍ന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി എസ്. സുരേഷ്കുമാര്‍ ജന്മഭൂമിയോടു പറഞ്ഞു.
നാലുകോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് എരുമേലി സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തില്‍ വകയിരുത്തിയിരുന്നത്. എന്നാല്‍ പദ്ധതി നിര്‍വ്വഹണത്തിനുള്ള കരട് രേഖ തയ്യാറാക്കി ഗ്രാമസഭയടക്കമുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് കമ്മറ്റികളില്‍ ചര്‍ച്ച ചെയ്ത് പദ്ധതിക്ക് അന്തിമരൂപം നല്കുന്ന തടക്കമുള്ള കാര്യങ്ങളാണ് ഇനിയും ചെയ്യാനുള്ളത. ശബരിമല സീസണ് ആരംഭിക്കാന്‍ ഒരു മാസം കൂടി ബാക്കി നില്‍ക്കേ പദ്ധതികളിന്മേലുള്ള ചര്‍ച്ചകളുടെ സുതാര്യതയെ ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. വികസനുപദ്ധതി കരട് രേഖകള്‍ മുന്‍വര്‍ഷത്തെപ്പോലെ പുറത്തുനിന്നുള്ളവരെക്കൊണ്ട് എഴുതി തയ്യാറാക്കി 20 ന് നടക്കുന്ന വികസന സെമിനാറില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് സെക്രട്ടറിയും പറയുന്നത്.
വര്‍ക്കിംഗ് ഗ്രൂപ്പ് കമ്മറ്റി പ്രതിനിധികളടക്കം 150 ഓളം പേരടങ്ങുന്ന വികസനസമിതി പദ്ധതിരേഖ വിശദമായി ചര്‍ച്ച ചെയ്ത്, 25 ന് നടക്കുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ അന്തിര രൂപം നല്കാന് കഴിയുമെന്ന വിശ്വാസം പല പഞ്ചായത്തംഗങ്ങള്ക്കുമില്ല. വികസന പദ്ധതി രേഖകള്‍ നേരത്തെ തയ്യാറാക്കിക്കൊണ്ടിരുന്ന പരിചയമുള്ള ജീവനക്കാരെ തര്‍ക്കംമൂലം സ്ഥലം മാറ്റുകയും പകരം ജീവനക്കാരെ നിയമിക്കുന്നതില്‍ കാലതാമസമെടുത്തതുമാണ് വീഴ്ചയുടെ ഒരു കാരണമെന്നും സെക്രട്ടറി പറഞ്ഞു. ഇതിനിടയിലാണ് പഞ്ചായത്തംഗങ്ങളും ജിവനക്കാരും തമ്മിലുള്ള വടംവലിയും അഴിമതിയും നിസ്സഹകരണവും തുടരുന്നത്. അഴിമതിയും വിവാദങ്ങളുമായി നിരവധി കേസുകളില്‍ പഞ്ചായത്ത് സെക്രട്ടറി കോടതികള്‍ കയറിയിറങ്ങുകയാണ്. ഇതിനിടയില്‍ പഞ്ചായത്തിന്റെ വികസന പദ്ധതിരേഖ തയ്യാറാക്കല്‍ ശ്രമകരമായ പണിയാണെന്ന് സെക്രട്ടറി പറയുന്നു.
ജീവനക്കാരുടെ ഗണ്യമായ കുറവ് മൂലം നട്ടം തിരിഞ്ഞുകൊണ്ടിരിക്കുന്ന പഞ്ചായത്തില്‍ പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ അനിശ്ചിതത്വവും പ്രധാനകാരണമായിത്തീര്ന്നു. പഞ്ചായത്തിന്റെ വികസനകാര്യത്തില്‍ ശ്രദ്ധിക്കെണ്ടുന്ന പല അംഗങ്ങളും നിലവാരത്തിനൊത്ത് ഉയരുന്നില്ല. എന്നാല്‍ പുതിയ പഞ്ചായത്തംഗങ്ങളുടെ മറവില്‍ ചില ജീവനക്കാര്‍ ഭരണത്തില്‍ കൈകടത്തി അഴിമതിക്ക് കളമൊരുക്കി കൊടുത്തതായും ആരോപണമുണ്ട്.
ശബരിമലസീസണ്‍ മുന്നൊരുക്കങ്ങളും വികസന പദ്ധതിരേഖ തയ്യാറാക്കലും രണ്ടു വലിയ ജോലികളാണ് പഞ്ചായത്ത് ഭരണസമിതിക്ക് മുന്നിലുള്ളത്.
വികസന പദ്ധതികള്‍ ആക്ഷേപങ്ങളൊന്നുമില്ലാതെ തയ്യാറാക്കി അംഗീകാരത്തിനായി അയയ്ക്കണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനവും സമയവും വേണം. എംഎല്‍എ പ്രഖ്യാപിച്ച എരുമേലി ടൗണ്‍ഷിപ്പും, ലക്ഷങ്ങള്‍ ചെലവഴിച്ചു പാതിവഴിയിലായ ഖരമാലിന്യ സംസ്കാരണ പ്ലാന്റ് നിര്‍മ്മാണം, പുറമ്പോക്ക്ഭൂമി തിരിച്ചു പിടിക്കല്‍ തുടങ്ങിയ അടിയന്തിരമായ കാര്യങ്ങളാണ് ഈ വര്‍ഷവും എങ്ങുമെത്താതെ കിടക്കാന്‍ പോകുന്നത്. ഇതിനിടെ പഞ്ചായത്ത് ഭരണമാറ്റത്തെ സംബന്ധിച്ചുള്ള ചൂടേറിയ രഹസ്യ ചര്‍ച്ചകളാണ് അനിശ്ചിതത്വങ്ങള്‍ക്ക് കാരണമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: