കാഞ്ഞങ്ങാട് : ജില്ലയിലെ ചെക്ക് പോസ്റ്ററുകളില്‍ വാഹന പരിശോധന പ്രഹസനമാവുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ പ്രധാന ചെക്ക് പോസ്റ്റായ മഞ്ചേശ്വരം, ജില്ലാഅതിര്ത്തിയോടു ചേര്‍ന്ന് ചെറുവത്തൂറ് എന്നീ ചെക്ക് പോസ്റ്റുകളിലാണ് യാതൊരു വിധ പരിശോധനയും കൂടാതെ വാഹനങ്ങള്‍ കടന്നുപോകുന്നത്. കര്‍ണാടകയില്‍ നിന്നു വരുന്ന ചരക്കു ലോറികളുള്‍പ്പെടെയുള്ള വാഹനങ്ങളിലാണു പരിശോധന പ്രഹസനമാകുന്നത്. രണ്ടു ഡ്രൈവര്‍മാര്‍ വേണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ചാലയില്‍ നാട്ടുകാര്‍ തടഞ്ഞുവച്ച ടാങ്കര്‍ ലോറികള്‍ കടന്നുവന്നത് മഞ്ചേശ്വരം, ചെറുവത്തൂറ് ചെക്ക് പോസ്റ്റുകള്‍ വഴിയാണ്. ഈ രണ്ട് ചെക്ക് പോസ്റ്റുകളിലും 5൦൦ രൂപ വീതം കൈക്കൂലി നല്‍കിയതായി ഡ്രൈവര്‍മാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഡ്രൈവര്‍മാരില്‍ നിന്നു കൈക്കൂലി വാങ്ങുന്നതായി പരാതി വ്യാപകമായതിനെ തുടര്‍ന്നു മഞ്ചേശ്വരം, ചെറുവത്തൂറ് ചെക്ക് പോസ്റ്റുകളില്‍ നേരത്തെയും നിരവധി തവണ വിജിലന്‍സ് പരിശോധന നടത്തുകയും കണക്കില്‍പ്പെടാത്ത തുക കണ്ടെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഓണക്കാലത്തു കര്‍ണാടകയില്‍ നിന്നു സ്പിരിറ്റും വിദേശ മദ്യവും കേരളത്തിലേക്കൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ മഞ്ചേശ്വരം, പെര്‍ള, ചെറുവത്തൂറ് ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഈ മൂന്നു ചെക്ക് പോസ്റ്റുകളിലും പരിശോധന പഴയപടി തന്നെയായിരുന്നു. വാണിജ്യ വില്‍പ്പന എക്സൈസ് – ചെക്ക് പോസ്റ്റുകള്‍ ഒരേസ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിനു ജീവനക്കാരോ ആധുനിക ഉപകരണങ്ങളോ മറ്റു സൗകര്യങ്ങളോ ഇവിടെയില്ലാത്തതിനാല്‍ വലിയ വാഹനങ്ങള്‍ വേണ്ടവിധം പരിശോധനയ്ക്കു വിധേയമാക്കാന്‍ സാധിക്കുന്നില്ലെന്നാണു ജീവനക്കാര്‍ പറയുന്നത്. മുടിക്കെട്ടിയെത്തുന്ന ചരക്കുലോറികള്‍ പരിശോധിക്കാന്‍ ഇരുമ്പു കമ്പികളല്ലാതെ മറ്റു ഉപകരണങ്ങളൊന്നുമില്ലെന്നാണ് ജീവനക്കാരുടെ ന്യായീകരണം. പരിശോധനയ്ക്കായി ലോറിയിലെ സാധനങ്ങളെല്ലാം താഴെയിറക്കി വെച്ചാല്‍ ഒടുവില്‍ അതു അതേപടി വാഹനത്തിലേക്കു തിരികെവയ്ക്കേണ്ടതിനാല് ഇത്ര പ്രയാസകരമായ പരിശോധന വേണ്ടെന്ന നിലപാടിലായിരുന്നു ചെക്ക് പോസ്റ്റ് അധികൃതര്‍. ഈ പഴുതിലൂടെയാണ് അനധികൃതമായി സാധനങ്ങള്‍ ജില്ലയിലേക്കു കടത്തുന്നത്. ജനങ്ങളുടെ ജീവനു ഭീഷണിയായി ടാങ്കര്‍ ലോറികള്‍ നിബന്ധനകളൊന്നും പാലിക്കാതെ കടന്നുവരുമ്പോള്‍ കൈക്കൂലി വാങ്ങി ഇവയെ ജനവാസ കേന്ദ്രങ്ങളിലേക്കു കടത്തിവിടുന്ന ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി തന്നെ വേണമെന്നാണു പാതയോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: