ആലുവ: ആലുവയില്‍ പട്ടാപ്പകല്‍ കവര്‍ച്ചയും അക്രമവും അരങ്ങേറുന്നു, പോലീസ് നിഷ്ക്രിയം. റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നഗരത്തില്‍ ഏറെ ഭയപ്പാടോടെയാണ് ജനം കഴിയുന്നത്. പല ആവശ്യങ്ങള്‍ക്കായി പണവുമായി നഗരത്തിലെത്തുന്നവര്‍ക്കും ഇപ്പോള്‍ ഭയമാണ്. പകല്‍ അരങ്ങേറിയ പല കവര്‍ച്ചകള്‍ക്കും തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ബുധനാഴ്ച ബാങ്ക് ജംഗ്ഷനില്‍ ജ്വല്ലറിയില്‍ നടന്ന മോഷണമാണ് ഒടുവിലത്തെ സംഭവം. പട്ടാപ്പകല്‍ മുക്കുപണ്ടംവെച്ച് പകരം സ്വര്‍ണമോതിരം മോഷ്ടിക്കാന്‍ ശ്രമിച്ചവരെ കടയുടമകള്‍ കൈയോടെ പോലീസിലേല്‍പ്പിച്ചു. കുറച്ചുദിവസം മുമ്പ് മാര്‍ക്കറ്റ് പരിസരത്ത് സമാനസംഭവം അരങ്ങേറിയിരുന്നു. പുതിയ സൈക്കിള്ക്കടയുടെ ഉദ്ഘാടനദിവസം ചവിട്ടിനോക്കാന് എടുത്ത സൈക്കിളുമായി യുവാവ് കടന്നുകളയുകയായിരുന്നു. ഉടമകള്‍ ബൈക്കില്‍ പിന്തുടര്ന്ന് ഇയാളെ പിടികൂടി. സൈക്കിള്‍ തിരികെ വാങ്ങി വിട്ടയച്ചെങ്കിലും കുറച്ചുകഴിഞ്ഞ് കടയുടെ പരിസരത്തെത്തിയ യുവാവ് കടയ്ക്കുനേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് ഇയാളെ ഒാടിച്ചുപിടിച്ച് പോലീസിലേല്‍പ്പിച്ചു.
കഴിഞ്ഞമാസമാണ് രജിസ്ട്രാര്‍ ഓഫീസിന് സമീപം നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്ത് പട്ടാപ്പകല്‍ 12ലക്ഷം രൂപ കവര്‍ന്നത്. ഈ കേസില്‍ ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അന്ന് പുലര്‍ച്ചെ നഗരത്തിലെ പെട്രോള്‍പമ്പില്‍നിന്ന് 42,000 രൂപ തട്ടിയെടുത്തിരുന്നു. പമ്പ് ജീവനക്കാരന്റെ പക്കല്‍നിന്ന് പെട്രോള്‍ നിറക്കാനെന്ന വ്യാജേന എത്തിയവര്‍ പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റില് വച്ച് യാത്രക്കാരന്റെ മൊബെയില്‍ ഫോണ്‍ തട്ടിയെടുക്കാന്‍ കഴിഞ്ഞദിവസം ശ്രമം നടന്നു. എന്നാല്‍ മോഷ്ടാക്കളെ സ്റ്റാന്റിലുണ്ടായിരുന്നവര്‍ ഓടിച്ചുപിടിച്ച് പോലീസിന് കൈമാറി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതിലുള്ള പിടിച്ചുപറിയും നടക്കുന്നുണ്ട്. ആളൊഴിഞ്ഞ വഴിയിലും റെയില്‍വേ സ്റ്റേഷന് പരിസരത്തുമാണ് പിടിച്ചുപറിക്കാരുടെ ശല്യം കൂടുതലായി നടക്കുന്നത്. മയക്കുമരുന്ന് ലോബിയുമായി ബന്ധമുള്ള അക്രമികളാണ് ഇതിന് പിന്നിലെന്ന് പറയുന്നു. റെയില്‍വേ സ്റ്റേഷന് പരിസരമടക്കം വിജന സ്ഥലങ്ങള്‍ ഇത്തരക്കാരുടെ വിഹാരകേന്ദ്രങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: