ഇസ്ലാമാബാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന സരബ്ജിത്ത് സിംഗിന്റെ മോചനം പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഗൗരവതരമായി എടുത്തിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ വ്യക്തമാക്കി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പാക്കിസ്ഥാനിലെത്തിയ കൃഷ്ണ സര്‍ദാരിയുമായുള്ള കൂടിക്കാഴ്ചയില്‍ സരബ്ജിത്തിന്റെ മോചനം ഉന്നയിച്ചിരുന്നു. വിഷയം സര്‍ദാരി ഗൗരവമായാണ് എടുത്തിരിക്കുന്നതെന്നും കേസിന്റെ വിശദാംശങ്ങള്‍ നല്കാന് അദ്ദേഹത്തിന്റെ ഓഫീസിന് നിര്‍ദ്ദേശം നല്‍കിയതായും കൃഷ്ണ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനുഷിക പരിഗണന എന്ന നിലയിലാണ് സരബ്ജിത്തിന്റെ വിഷയത്തില്‍ തങ്ങള്‍ സമീപിച്ചിരിക്കുന്നത്. 20 വര്‍ഷം പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞ വ്യക്തി എന്ന നിലയിലും വിഷയം ഉന്നയിച്ചിരുന്നു. 1990 ല്‍ പാക്കിസ്ഥാനില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ ഗൂഢാലോചന നടത്തിയത് സരബ്ജിത്താണെന്നാണ് ആരോപണം. സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടിരുന്നു.
അതേസമയം, പാക് വിദേശകാര്യമന്ത്രി റഹ്മാന് മാലിക് ഇന്ത്യ സന്ദര്‍ശിക്കും. എസ്.എം.കൃഷ്ണയാണ് മാലികിനെ ഇന്ത്യാ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്. നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിസാ നിയമങ്ങള്‍ ലഘൂകരിച്ചിരുന്നു. കൃഷ്ണയും മാലികുമാണ് കരാറില്‍ ഒപ്പുവെച്ചത്. കൃഷ്ണയുടെ പാക് സന്ദര്‍ശനം ഇന്നലെ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: