കൊച്ചി: ജന്മാഷ്ടമി ദിനമായ ഇന്നലെ കേരളം അമ്പാടിയായി മാറിയപ്പോള്‍ ഉണ്ണിക്കണ്ണനും രാധയുമായി അണിനിരന്ന പതിനായിരക്കണക്കിന് ബാലികാബാലന്മാര് കൃഷ്ണകൃപാ സാഗരത്തിലാറാടി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആയിരക്കണക്കിന് ശോഭായാത്രകള്‍ വീക്ഷിക്കാന്‍ ജനലക്ഷങ്ങള്‍ തിങ്ങിക്കൂടി.
എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നൂറുകണക്കിന് ശോഭായാത്രകള്‍ നടന്നു. തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും വന്‍ സാന്നിധ്യം ശോഭായാത്രകള്ക്കുണ്ടായിരുന്നു. കൊച്ചി മഹാനഗര്‍ സമിതിയുടെയും ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷ സമിതിയുടെയും ആഭിമുഖ്യത്തില്‍ വിപുലമായ രീതിയില്‍ ശോഭായാത്ര നടന്നു. ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, ശ്രീകുമാരി രാമചന്ദ്രന്, ജസ്റ്റിസ് പി.കൃഷ്ണമൂര്‍ത്തി, കൊച്ചിന് നഗരസഭാ കൗണ്‍സിലര്‍ സുധ ദിലീപ് എന്നിവര്‍ പങ്കെടുത്തു. മട്ടാഞ്ചേരി ഭാഗത്ത് 18ഓളം കേന്ദ്രങ്ങളില്‍നിന്നും ശോഭായാത്രകളുണ്ടായി. പള്ളുരുത്തി, മരട്, നെട്ടൂര്‍, കുമ്പളം മുതലായ സ്ഥലങ്ങളിലും ശോഭായാത്രകള്‍ നടന്നു. ആയിരക്കണക്കിന് കുട്ടികള്‍ കൃഷ്ണവേഷം ധരിച്ചെത്തിയിരുന്നു. അഷ്ടമിരോഹിണിയോടനുബന്ധിച്ച് രാവിലെതന്നെ ക്ഷേത്രങ്ങളില്‍ വന്‍ തിരക്കനുഭവപ്പെട്ടു.
ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലയില്‍ നൂറുകണക്കിന് സ്ഥലങ്ങളില്‍ നടന്ന ശോഭായാത്രയില്‍ ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരും രാധികമാരും വിവിധ പുരാണ കഥാപാത്രങ്ങളും അണിനിരന്നു. അരൂര്‍, പാണാവള്ളി, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, എടത്വ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, മാന്നാര്‍, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ മഹാശോഭായാത്രകള്‍ നടന്നു. ആയിരത്തോളം ചെറു ശോഭായാത്രകളും വീഥികളെ അമ്പാടിയാക്കി. അമ്പലപ്പുഴ, ഏവൂര്‍, മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണിയോട് അനുബന്ധിച്ച് വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ ചെറുശോഭായാത്രകള്‍ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ സംഗമിച്ച് മഹാശോഭായാത്രയായി വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്ത് സമാപിച്ചു. നൂറുകണക്കിന് കൃഷ്ണ-രാധവേഷമണിഞ്ഞ ബാലികാബാലന്മാര് ശോഭായാത്രയില്‍ അണിനിരന്നു. നിശ്ചലദൃശ്യങ്ങളും അകമ്പടിയായി. തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി.വിജയന് മഹാശോഭായാത്ര ഉദ്ഘാടനം ചെയ്തു.ജി.മഹാദേവന് സന്ദേശം നല്കി.
സമാപന ചടങ്ങില്‍ സി.കെ.സതീശന് ജന്മാഷ്ടമി സന്ദേശം നല്കി. ഗുരുവായൂരില്‍ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ അഷ്ടമിരോഹിണിയോടനുബന്ധിച്ച് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര, തിരുവില്വാമല, ചേര്‍പ്പ്, എന്നിവിടങ്ങളില്‍ മഹാശോഭായാത്രകള്‍ നടന്നു. ജന്മാഷ്ടമിയോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ ഗോപൂജയും സാംസ്കാരിക സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറി.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: