കോഴിക്കോട്: മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയും വിദേശബന്ധവും കണ്ടെത്താന്‍ സിബിഐ അന്വേഷണത്തിന്ന് ശുപാര്‍ശ ചെയ്യുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ് പയറ്റുന്നത് എല്‍ഡിഎഫിന്റെ അതേതന്ത്രം. സിബിഐ അന്വേഷണത്തിന് കേന്ദ്രത്തിലേക്ക് ശുപാര്‍ശ ചെയ്യുകയും അത് നിരസിച്ച കേന്ദ്ര നിലപാടിനെത്തുടര്‍ന്ന് അക്കാര്യത്തില്‍ മിണ്ടാതിരിക്കുകയും ചെയ്യുകയായിരുന്നു എല്‍ഡിഎഫ് ചെയ്തത്. ഇന്ന് സിബിഐ അന്വേഷണത്തിന് വേണ്ടി സമരം നടത്തുന്ന സിപിഎം, ശുപാര്‍ശ കേന്ദ്രം നിരസിച്ച ഉടനെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് സിബിഐ അന്വേഷണം ഭാവിയില്‍ നടപ്പില്‍വരാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
സിബിഐ അന്വേഷണത്തിനുവേണ്ടിയുള്ള സമരം തീവ്രമാകുകയും ഹൈക്കോടതി വിധിയില്‍ കൂട്ടക്കൊലയ്ക്കുപിന്നിലെ ഗൂഢാലോചന അന്വേഷിക്കാത്തതിനെ കടുത്ത ഭാഷയില്‍ വിമര്ശിക്കുകയുംചെയ്ത സാഹചര്യത്തിലാണ് യുഡിഎഫ് ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ നിര്ബന്ധിതരായിത്തീര്ന്നിരിക്കുന്നത്. സിബിഐ അന്വേഷണത്തെ ശക്തിയുക്തം എതിര്‍ത്തിരുന്ന മുസ്ലീംലീഗും കോണ്‍ഗ്രസും യുഡിഎഫിന്റെ പ്രധാന അമരക്കാരായി നിലനില്ക്കുമ്പോള് ശുപാര്‍ശയുടെ ഗതി എന്തായിത്തീരുമെന്ന് അനുമാനിക്കാവുന്നതേയുള്ളൂ. മാറാട് കൂട്ടക്കൊലക്ക് ശേഷം നടന്ന സമാധാന ചര്‍ച്ചകളിലെല്ലാം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സിംഗിള്‍ പോയിന്റ് അജണ്ട നടപ്പാക്കാനാണ് കോണ്‍ഗ്രസും ലീഗും ശ്രമിച്ചത്. സമാധാന ചര്‍ച്ചകള്‍ക്കായി മുന്നിട്ടിറിങ്ങിയ കോഴിക്കോട്ടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ പ്രമുഖനായ എന്‍.പി. രാജേന്ദ്രന് അത് പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ‘പാണക്കാട്ട് തങ്ങളെയും എന്നെയും ജയിലിലടക്കാനാണോ നിങ്ങളുടെ പ്ലാന്‍’ എന്നായിരുന്നു അന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന കെ.മുരളീധരനും സിബിഐ അന്വേഷണത്തിന്നെതിരായ നിലപാട് എടുത്തു. ബിജെപി കേന്ദ്രം ഭരിക്കുമ്പോള്‍ സിബിഐയെ സ്വാധീനിക്കും എന്നതായിരുന്നു അന്ന് മുരളീധരന് നല്കിയ വിശദീകരണം.
അന്നത്തെ ഐഗ്രൂപ്പ് മന്ത്രിമാരായ കടവൂര്ശിവദാസനും പി.ശങ്കരനും മന്ത്രിസഭാ യോഗത്തില്‍ എടുത്ത നിലപാടുകളും സിബിഐ അന്വേഷണത്തെ അവഗണിക്കണമെന്നായിരുന്നു. കരുണാകരന് ഗ്രൂപ്പില്‍പ്പെട്ട അന്നത്തെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. എം.വീരാന്‍കുട്ടിയാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതിനായി സിപിഎം കോണ്‍ഗ്രസ് സംയുക്തസമ്മേളനം വിളിച്ചുകൂട്ടാന്‍ മുന്‍കയ്യെടുത്തത്. സിബിഐ അന്വേഷണത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച യുഡിഎഫിന്റെ അതേ നിലപാടാണ് പിന്നീട് ഭരണത്തില്‍ വന്നപ്പോള്‍ സിപിഎമ്മും എടുത്തത്.
ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് അംഗീകരിച്ചത്കൊണ്ട് അതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ഭരണപരമായ കടമ നിര്‍വ്വഹിക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. കേന്ദ്രം നിരസിച്ച ഉടനെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിലൂടെ സിപിഎം സിബിഐ അന്വേഷണം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയായിരുന്നു. നിലവില്‍ ഒരന്വേഷണം നടക്കുമ്പോള്‍ മറ്റൊരു ഏജന്‍സി അതേകേസ് അന്വേഷിക്കുന്നത് ശരിയല്ല എന്ന ഹൈക്കോടതിയുടെ നിഗമനം മാറാട് സിബിഐ അന്വേഷണ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗൂഢാലോചന അന്വേഷിക്കാത്തതിന് അന്വേഷണകമ്മീഷന് നിശിതമായി വിമര്‍ശിച്ച ക്രൈംബ്രാഞ്ചിനെ തന്നെയാണ് എല്‍ഡിഎഫ് മന്ത്രിസഭ ഗൂഢാലോചന അന്വേഷിക്കാന്‍ ഏല്പിച്ചത്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: