നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും കൊളംബോയിലേക്ക് പറന്നുയരാന്‍ ഒരുങ്ങുന്നതിനായി റണ്‍വേയിലേക്ക് നീക്കിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ബ്രേക്ക് തകരാറിലായതായി കണ്ടെത്തി. പറന്നുയരുന്നതിനുമുമ്പ് ബ്രേക്ക് തകരാറിലായതു കണ്ടതുമൂലം വന്‍ ദുരന്തമാണ് ഒഴിവായത്.
വിമാനം പുറപ്പെടുന്നതിനുമുമ്പ് വിമാനത്തിനുണ്ടാകുന്ന ഓയില്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ളവ കണ്ടെത്തുന്നതിന് ആവശ്യമായ പരിശോധനകള്‍ വിമാനങ്ങളില്‍ നടത്താത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പരിശോധനകള്‍ നടത്തി പൂര്‍ണ്ണ ഉറപ്പ് വരുത്താതെ വിമാനങ്ങള്‍ പറന്നുയര്‍ന്നാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ വന്ദുരന്തങ്ങളിലാണ് എത്തിച്ചേരുന്നത്.
ഇന്നലെ രാവിലെ 9.30ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും കൊളംബോയിലേക്ക് പുറപ്പെടുന്നതിനായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം പുഷ്ബാക്ക് ചെയ്യുന്നതിനിടെയാണ് തകരാര്‍ കണ്ടെത്തിയത്. പുഷ്ബാക്ക് ചെയ്യുന്നതിനിടെ ഓയില്‍ ചോര്‍ച്ച കണ്ടത്തെയതിനെത്തുടര്ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ബ്രേക്ക് പിസ്റ്റണ്‍ തകരാറിലായത് ശ്രദ്ധയില്‍പ്പെട്ടത്.
പരിശോധനയ്ക്കിടെ ബ്രേക്ക് സംവിധാനത്തിന്റെ ഒരു ഭാഗം അടര്‍ന്നു താഴെ വീഴുകയും ചെയ്തു. ഇത് കുടുതല്‍ പരിഭ്രാന്തി പരത്തി. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി. 156 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വിമാനം വിശദമായി പരിശോധിച്ചു. സിഐഎസ്എല്ലിലെ എഞ്ചീനിയര്‍മാര്‍ എത്തി തകരാര്‍ പരിഹരിച്ചതിനുശേഷം രാത്രി 12.40 ഓടെ വിമാനം കൊളംബോയിലേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: