ഇടുക്കി ജില്ലയില്‍ വണ്ടന്മേട് പഞ്ചായത്തിലാണ് പുരാതനമായ ശ്രീ മഹാഗണപതിക്ഷേത്രം. മഹാഗണപതി മൂലപ്രതിഷ്ഠയായിട്ടുള്ള ജില്ലയിലെ ഏക ക്ഷേത്രവുമാണിത്. ഇവിടെ വാസ്തുശില്പ കലാ ഭംഗിയില്‍ പണിതീര്‍ത്ത മഹാഗണപതി ക്ഷേത്രം. ക്ഷേത്രത്തിന് കിഴക്കും വടക്കും റോഡും പടിഞ്ഞാറ് വില്ലേജ് ഓഫീസും തെക്ക് പോലീസ് സ്റ്റേഷനുമാണ്. പണ്ട് ഇവിടെ കാടായിരുന്നു. കാട്ടുമൂപ്പന്മാരുടെ നേതാവായ ഊരുമൂപ്പന് കാട്ടില്‍ കിടന്ന ഒരു വിഗ്രഹം എടുത്തുകൊണ്ടുപോയി അതു വലിയ മൂപ്പനെ ഏല്‍പ്പിക്കുകയും ചെയ്തു. രാത്രിയായപ്പോള്‍ മൂപ്പന്റെ വീടിനു മുന്നില്‍ കാട്ടാനക്കൂട്ടങ്ങളെത്തി. അതുകണ്ട് അവിടെയുള്ളവര്‍ ഭയന്നു. പിന്നെ ഒട്ടും വൈകിയില്ല. വലിയമൂപ്പന്റെ നിര്‍ദ്ദേശപ്രകാരം വിഗ്രഹം തിരിച്ചുകൊണ്ടുവച്ചു. അതോടെ ആനകള്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ദേവസാന്നിധ്യം വെളിവായതോടെ അവിടെ ആള്ക്കാര് ആരാധനയും തുടങ്ങി. പിന്നീട് ക്ഷേത്രമുണ്ടായി എന്ന് ഐതിഹ്യം. മലയില്‍നിന്നും ആനയിറങ്ങിയ സ്ഥലമായതുകൊണ്ട് ഈ സ്ഥലത്തിന് ആനമലയന്‍പെട്ടി എന്ന് പേരുണ്ടായി. ആ പഴയ വിഗ്രഹം തന്നെയാണ് ഇപ്പോഴും ഇവിടെയുള്ളത്. അഷ്ടൈശ്വര്യങ്ങളൊത്ത വിഗ്രഹം. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ക്ഷേത്രവുമാണിത്. ക്ഷേത്രത്തിനു മുന്നില്‍ ധ്വജമുണ്ട്. ബലിക്കല്ലും ധ്വജവും മുഖമണ്ഡപവും തട്ടുവിളക്കുകളും വിശാലമായ നടശ്ശാലയും അകത്തുണ്ട്. ഒരേ നടശ്ശാലയില്‍ മുഖമണ്ഡപവും വലിയ ബലിക്കല്ലും കൊടിമരവുമുള്ള കേരളത്തിലെ മൂന്നു ക്ഷേത്രങ്ങളിലൊന്നാണിത്. ശ്രീകോവിലിനു മുന്നില്‍ മനോഹരമായ മണ്ഡപം.
ശ്രീകോവിലില്‍ പ്രധാനദേവന് മഹാഗണപതി. മോദക ഹസ്തമാണ് സന്ദര്‍ശം. ശ്രീകോവിലിന്റെ വലതുഭാഗത്ത് ശാസ്താവും ഇടതുവശത്ത് വനദുര്‍ഗ്ഗയും പ്രത്യേകം കോവിലിലാണ്. നാലമ്പലത്തിനു പുറത്ത് വലതുഭാഗത്ത് നാഗരാജാവും നാഗയക്ഷിയും സര്‍പ്പസങ്കല്പമായ ചിത്രകൂട പ്രതിഷ്ഠയുമുണ്ട്. ഇടതുഭാഗത്ത് രക്ഷസിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. മൂന്നുനേരം പൂജ. മഹാഗണപതിഹോമം പ്രധാന വഴിപാട്. ക്ഷേത്രത്തില്‍ ആറുദിവസമാണ് ഉത്സവം. കുംഭമാസത്തില്‍ ഭരണിക്ക് കൊടിയേറി മകയിരത്തില്‍ ആറാട്ട്. പുണര്‍തം നക്ഷത്രത്തില്‍ പുനഃപ്രതിഷ്ഠാദിനാഘോഷം. കൊടിയേറ്റു കഴിഞ്ഞ് മൂന്നാം ദിവസം പള്ളിവേട്ട. നാലാംദിവസം ആറാട്ട്. ആറാട്ടെഴുന്നെള്ളത്ത് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് ആറാട്ടുകടവിലെത്തിച്ചേരുന്നതും അവിടെനിന്നും ആനയുടെയും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആമയാള്‍ ജംഗ്ഷനിലെത്തി കരക്കാരുടെ അന്‍പൊലിയും സ്വീകരിച്ച് ക്ഷേത്രത്തിലെത്തുന്നു. അപ്പോള്‍ ഏലക്കാപ്പറയും നാണയപ്പറയും ദേവന് സമര്‍പ്പിക്കപ്പെടും. ഏലക്കാപ്പറ വ്യാപാരികളുടേതും നാണയം കൊണ്ടുള്ള പറ ഭക്തജനങ്ങള്‍ ഒരു വര്‍ഷത്തെ കാണിക്കായി സമര്‍പ്പിച്ചതുമാണ്.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: