കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് സര്‍വീസ് നടത്തുന്ന കപ്പലുകളിലെ ഓഫീസര്‍മാര്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചതിനെ തുടര്‍ന്ന് ദ്വീപുമായി ബന്ധപ്പെടുത്തുന്ന കപ്പല്‍ സര്‍വീസുകള്‍ പ്രതിസന്ധിയില്‍. ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്റെ നിയന്ത്രണത്തില്‍ സര്‍വീസ് നടത്തുന്ന കപ്പലുകളിലെ 90 ഓളം ഓഫീസര്‍മാരാണ് വേതന വര്‍ധനവും തൊഴില്‍സ്ഥിരതയും ആവശ്യപ്പെട്ട് ഇന്നലെ രാവിലെ മുതല്‍ പണിമുടക്കുന്നത്. കൊച്ചിയില്‍ നിന്ന് ഇന്നലെ വൈകീട്ട് 5 മണിക്ക് പുറപ്പെടേണ്ടിയുന്ന എം വി കവറത്തിയിലെ ഒമ്പത് ഓഫീസര്‍മാര്‍ പണിമുടക്കി കപ്പലില്‍ നിന്നിറങ്ങിപ്പോയി. ഇതോടെ കപ്പലിലുണ്ടായിരുന്ന 750 ഓളം യാത്രക്കാര്‍ മണിക്കൂറുകളോളം കൊച്ചി തുറമുഖത്ത് കുടുങ്ങി. പിന്നീട് അടിയന്തരമായി എട്ട് ഓഫീസര്‍മാരെ പുതുതായി ജോലിക്കെടുത്ത് രാത്രി എട്ടു മണിയോടെ കപ്പല്‍ കൊച്ചി തുറമുഖത്ത് നിന്ന് യാത്രയായി.
ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെക്കും രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്കുമുള്ള കപ്പല്‍ ഗതാഗതം സമരത്തെ തുടര്‍ന്ന് സ്തംഭിച്ചിരിക്കയാണ്. സമരം ചെയ്യുന്ന ഓഫീസര്‍മാരെ പിരിച്ചു വിട്ട് പുതിയ ഓഫീസര്‍മാരെ വെച്ച് സര്‍വീസ് പുരനാരംഭിക്കാനുള്ള നീക്കത്തിലാണ് ലക്ഷദ്വീപ് ഭരണകൂടവും ലക്ഷദ്വീപ് ഡെവലപ്മെന്റ് കോര്‍പറേഷനും. ഇതിന്റെ ഭാഗമായി കപ്പല്‍ ഗതാഗതം അവശ്യ സര്‍വീസായി ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്.
യാത്രാകപ്പലുകളിലെ ഓഫീസര്‍മാരുടെ സേവനം ലക്ഷദ്വീപ് ഡെവലപ്മെന്റ് കോര്പറേഷന് ഔട്ട്സോഴ്സ് ചെയ്തിരിക്കയാണ.് ടെണ്ടര്‍ വിളിച്ച് നാല് സ്വകാര്യ ഏജന്‍സികള്‍ക്കാണ് ഓഫീസര്‍മാരെ സപ്ലൈ ചെയ്യാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. ഇവര്‍ക്കുള്ള പ്രതിഫലം എല്‍ ഡി സി എല്‍ മാസം തോറും ഏജന്‍സികള്‍ക്കാണ് നല്‍കുക. ഇത്തരത്തില്‍ ജോലിക്ക് നിയോഗിക്കപ്പെട്ടവരാണ് ജോലി സ്ഥിരപ്പെടുത്തണമെന്നും വേതനം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമരംചെയ്യുന്നത്. എന്നാല്‍ ഇവര്‍ ലക്ഷദ്വീപ് അഡിമിനിസ്ട്രേഷനോ ലക്ഷദ്വീപ് ഡെവലപ്മെന്റ് കോര്‍പറേഷനോ നിയമിച്ച ജീവനക്കാരല്ലാത്തതിനാല്‍ വേതനത്തിന്റെ കാര്യത്തിലടക്കം ഒന്നും ചെയ്യാനില്ലെന്നാണ് അധികൃതരുടെ നിലപാട്. ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന കമ്പനിക്കാണ് ഓഫീസര്‍മാരെ സപ്ലൈ ചെയ്യാനുള്ള കരാര്‍ ലഭിക്കുന്നതെന്നതിനാല്‍ ഇവരുടെ ശമ്പളം തീര്‍ത്തും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലക്ഷദ്വീപിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് കപ്പല്‍ സര്‍വീസിനുള്ള സ്റ്റാഫിന്റെ നിയമന ചുമതല ഷിപ്പിംഗ് മന്ത്രാലയം ലക്ഷദ്വീപ് ഭരണകൂടത്തിന് നല്കിയിക്കുന്നത്. ഘട്ടം ഘട്ടമായി നേരിട്ട് നിയമനം നടത്താന്‍ തന്നെയാണ് കേന്ദ്രത്തില്‍ നിന്ന് നിര്‍ദേശമുള്ളതെങ്കിലും യോഗ്യതയുള്ള ആളുകളുടെ കുറവു മൂലം എല്‍ ഡി സി എല്‍ ഇവരുടെ സേവനം ഔട്ട് സോഴ്സ് ചെയ്യുകയായിരുന്നു. എന്തായാലും മറ്റ് ഏജന്‍സികള്‍ക്ക് കീഴില്‍ റിക്രൂട്ട് ചെയ്യപ്പെട്ടവരെ സ്ഥിരപ്പെടുത്തുന്ന പ്രശ്നമില്ലെന്നാണ് ഷിംപ്പിംഗ് മന്ത്രാലയത്തിന്റെയും നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: