സാധകന് ദാന തല്‍പരനായിരിക്കണം
ഗേയം ഗീതാനാമസഹസ്രം
ധ്യേയം ശ്രീപതിരൂപമജസ്രം
നേയം സജ്ജനസംഗേ ചിത്തം
ദേയം ദീനജനായ ച വിത്തം
ആത്മസാക്ഷാത്കാരത്തിന്റെ ആവശ്യകത മനസിലാക്കിയ ആദ്ധ്യാത്മികസാധകന് ഒരനുഷ്ഠാനപദ്ധതി ഈ സമാപനശ്ലോകം കാഴ്ചവയ്ക്കുന്നു. എല്ലാ ആചാര്യന്മാരുടെയും ഉപദേശങ്ങള്‍ ഏതാണ്ടൊരുപോലെയാണ്. പക്ഷേ, അവയിലെ ആശയം ശരിയായ ഗ്രഹിക്കാന്‍ ശ്രമിക്കുന്ന ശിഷ്യന് ചുരുങ്ങും. ഈ ശ്ലോകത്തില്‍ പുതുതായൊന്നും ഉപദേശിക്കുന്നില്ല. ഒരു സാധകന് നിത്യവും അനുഷ്ഠിക്കേണ്ട നാലുകാര്യങ്ങളെ എണ്ണപ്പറയുകയാണ്. (1) ഭഗവദ്ഗീതാസ്വാദ്ധ്യായം (2) ഭഗവദ്ധ്യാനം (3) സത്സംഗം (4) ആതുരസേവനം.
സര്‍വ്വോപനിഷത്തുകളുടെയും സാരമായ ഗീത, മനുഷ്യന് അവലംബിക്കേണ്ട ദൈനംദിന ജീവിതരീതിയുടെ പ്രായോഗികതയില്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നു. ബുദ്ധിപൂര്‍വം ഗീതം പഠിക്കുന്നവന്റെ ചിന്താഗതി മെച്ചപ്പെടും. വീക്ഷണം വിശാലമാകും. അയാളുടെ ജീവിതരീതിയും ലോകത്തോടുള്ള സമീപനവുമൊക്കെ മാതൃകാപരവുമായിത്തീരും. ലക്ഷ്യത്തെയും മാര്‍ഗത്തെയും വിവരിക്കുന്നതിന് പുറമെ, മതത്തെ നിത്യജീവിതവുമായി ബന്ധപ്പെടുത്താനുള്ള പ്രായോഗികവശങ്ങള്‍ കാട്ടിത്തരികയും ചെയ്യുന്നു, ഗീത.
ശാസ്ത്രപഠനം ബുദ്ധിപരമായ സംതൃപ്തിക്ക് അത്യന്താപേക്ഷിതമെങ്കിലും അതുകൊണ്ടുമാത്രം സമ്പൂര്‍ണ്ണത ലഭിക്കുകയില്ല. ഉന്നതാശയങ്ങള്‍ യുക്തിക്ക് നിരക്കുന്നവതന്നെയായിരിക്കാം. അതുകൊണ്ടായില്ല. അവയെ സ്വജീവിതത്തില്‍ ബോധപൂര്‍വം പകര്‍ത്തുകയും അങ്ങനെ അവയുടെ മഹിത നേരിട്ടനുഭവിച്ചറിയുകയും വേണം. അപ്പോഴേ ജീവിതം ധന്യമാകൂ. അന്തര്മുഖവൃത്തികളോടുകൂടിയ സാധകന്മാര്ക്ക് സംശയം കൂടാതെ മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തില്‍ മഹത്തായ ആശയങ്ങളും തത്ത്വവിചാരരീതിയും ആദ്ധ്യാത്മിക ശാസ്ത്രഗ്രന്ഥങ്ങള്‍ നല്‍കുന്നുണ്ട്.
എന്നാല്‍ തത്ത്വശാസ്ത്രം എത്ര മികച്ചതാണെങ്കിലും, അതിലെ ഉല്കൃഷ്ണമൂല്യങ്ങള് ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ ഉപായമില്ലെങ്കില്‍ അതുകൊണ്ട് എന്തുപ്രയോജനം? ഇവിടെയാണ് മതത്തിന് സ്ഥാനം. തത്ത്വശാസ്ത്രത്തിലെ ആശയങ്ങള്‍ ജീവിതത്തില്‍ ആചരിക്കാവുന്ന രീതിയില്‍ സംവിധാനം ചെയ്യപ്പെട്ട പ്രായോഗിക പദ്ധതിയത്രെ മതം. അതായത് വിചാരാത്മകമായ തത്ത്വശാസ്ത്രത്തിന്റെ ആചാരാത്മകമായ ആവിഷ്കരണമാണ് മതമെന്നര്ത്ഥം. തത്ത്വശാസ്ത്രം ഇല്ലാത്ത മതം അന്ധവിശ്വാസവും മതം ഇല്ലാത്ത തത്ത്വശാസ്ത്രം ഭ്രാന്തും ആണെന്ന് വിവേകാനന്ദന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഉള്ളില്‍ തള്ളിവരുന്ന കാമാദിവികാരങ്ങളുടെ വേലിയേറ്റത്തില്‍ നമ്മുടെ സാധാനാസന്നാഹങ്ങള് – സ്വാദ്ധ്യായവും ഈശ്വരാരാധനയും – ഒക്കെ ഒഴുകിപ്പോവാന്‍ സാദ്ധ്യതയുണ്ട്. അത്തരം ആപത്ത് വരാതെ കഴിക്കാനുള്ള ഉപായമനത്രേ ‘സജ്ജനസംഗഗം. ഉന്നതാശയന്മാരും സംസ്കാര സമ്പന്നരുമായ മഹാത്മാക്കളുമായുള്ള സഹവാസത്തില്‍നിന്ന് ധന്യമായ ആദ്ധ്യാത്മികജീവിതം നയിക്കുന്നതിനുവേണ്ട പ്രചോദനവും ഉത്സാഹവും സാധകന് കിട്ടിക്കൊണ്ടിരിക്കും. അവരെ ഭയാശങ്കകള്‍ പിടികൂടുകയില്ല. അവരുടെ ആദ്ധ്യാത്മികയാത്ര സുഗമമായിത്തീരുന്നു. സജ്ജനസംസര്ഗ്ഗത്തിന് സൗഭാഗ്യം ലഭിക്കുന്ന സാധകന്മാര്ക്ക് നിഗൂഢങ്ങളായ ശാസ്ത്രവാക്യങ്ങളുടെ പൊരുള്‍ അറിയാനും അചഞ്ചലമായ ഭക്തി നേടാനും കഴിയുന്നു.
പറയപ്പെട്ട സാധനകള്‍ (അതായത് ഗീതാപഠനവും മതാചരണവും സത്സംഗവും) ചെയ്യുന്ന ആളാണ്: പക്ഷേ, മറ്റുള്ളവരുമായി ഇടപഴകി ജീവിക്കുമ്പോള്‍ ഒരേ പരമാത്മാവാണ് എല്ലാമായി വിളങ്ങിക്കൊണ്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുപോകുന്നു എങ്കില്‍, ആദ്ധ്യാത്മികജീവിതം വാഗ്ദാനം ചെയ്യുന്ന സമ്പൂര്‍ണത അയാള്‍ക്ക് നേടാവില്ല. എന്റെ ഹൃദയശ്രീകോവിലില്‍ വിളങ്ങുന്ന ഈശ്വരന് തന്നെയാണ് സര്‍വ ഹൃദയങ്ങളിലും കുടികൊള്ളുന്നത്. സര്‍വ്വഭൂതാന്തരാത്മാവിനെ അര്‍ച്ചിക്കാതെ, എല്ലാവരിലും ഈശ്വരനെ കാണാതെ, മരംകൊണ്ടോ ലോഹം കൊണ്ടോ നിര്‍മിച്ച വിഗ്രഹത്തെ പലവിധത്തില്‍ പൂജിക്കുന്നവന് ശരിയായ ഭക്തനല്ലതന്നെ.
അതുകൊണ്ട് ദാന തല്‍പരനായിരിക്കണം സാധകനെന്ന് ഇവിടെ നിഷ്കര്‍ഷിക്കുന്നു. ദാനത്തിന്റെ അര്‍ത്ഥം പലരും ശരിയായി മനസിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. ‘ഉള്ള് നിറഞ്ഞുകവിഞ്ഞൊഴുകല്’ – അതായിരിക്കണം ദാനത്തിന്റെ സ്വഭാവം. മറ്റുള്ളവര്‍ക്ക് ആവശ്യമുള്ളത് എന്തോ, അത് നമ്മില്‍ വേണ്ടത്രയുണ്ടെങ്കിലല്ലേ അവര്‍ക്ക് കൊടുക്കാന്‍ നമ്മെക്കൊണ്ടാവൂ? അതിനാല്‍ നല്ലതും വേണ്ടതുമൊക്കെ നാം വേണ്ടത്ര സമ്പാദിക്കണം; ആവശ്യക്കാര്‍ക്ക് പങ്കുവച്ചുകൊടുക്കുകയും വേണം.
വ്യാഖ്യാനം : സ്വാമി ചിന്മയാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: