കൊട്ടാരക്കര: കുരിശടികളില്‍ കരിഓയില്‍ ഒഴിച്ചതിനെത്തുടര്‍ന്ന് വിശ്വാസിയായ ജേക്കബ് മാത്യു പോലീസ് പിടിയിലായി. പത്തനാപുരം ഏലിക്കോട്ട് ബിന്ദുഭവനത്തില്‍ ജേക്കബ് മാത്യു സത്യത്തിലും ആത്മാവിലും ദൈവത്തെ ദര്‍ശിക്കാതെ വിഗ്രഹങ്ങളെ ആരാധിക്കുന്നതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു കരിഓയില്‍ അഭിഷേകത്തിലൂടെ.
ദൈവത്തിന്റെ ഉള്‍വിളികേട്ട് കരിഓയില്‍ ഒഴിക്കാനല്ല, അടിച്ചുടയ്‌ക്കാനായിരുന്നു ആദ്യ പദ്ധതിയെന്ന് ജേക്കബ് മാത്യു പോലീസിനോട് പറഞ്ഞു. ഇതിനായി കരുതിവച്ചിരുന്ന കൂടവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കിഴക്കേതെരുവ്, ചെങ്ങമനാട്, കോട്ടവട്ടം, ആവണീശ്വരം എന്നിവിടങ്ങളിലെ കുരിശടികളിലെ രൂപങ്ങളിലാണ് കരിഓയില്‍ പ്രയോഗിച്ച നിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയത്. എസ്.പി. ബാലചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പുനലൂര്‍, കൊട്ടാരക്കര ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ രണ്ട് ടീമായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വര്‍ക്ഷോപ്പുകള്‍, തൊട്ടടുത്ത ദിവസങ്ങളില്‍ കുരിശടിയില്‍ എത്തിയവര്‍ തുടങ്ങി നിരവധി പേരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയില്‍ ആണ് വിളക്കുടി സ്നേഹതീരം എന്ന അനാഥാലയത്തിന് സമീപം ഒറ്റയ്‌ക്ക് പ്രാര്‍ഥനയും മറ്റും നടത്തുന്ന ജേക്കബ് മാത്യു സംശയത്തിന്റെ നിഴലിലാവുന്നത്.
മാര്‍ത്തോമാ സഭ വിശ്വാസിയാണെങ്കിലും പെന്തക്കോസ്ത് സഭയുടെ പ്രാര്‍ത്ഥനക്കും സുവിശേഷത്തിനും സ്ഥിരമായി പോകാറുണ്ടായിരുന്ന ഇയാള്‍ വിഗ്രഹാരാധനയ്‌ക്ക് എതിരെ സംസാരിച്ചിരുന്നു. ഈ സംശയത്തിന്റെ ബലത്തില്‍ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ വീടിന് സമീപത്ത് നിന്നും കരിഓയില്‍ പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ താന്‍ തന്നെയാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചു. റബര്‍ റോളറിനടിക്കാന്‍ വച്ചിരുന്ന കരിഓയില്‍ അഞ്ച് ലിറ്റര്‍ കന്നാസിലാക്കി തന്റെ മാരുതി കാറിലാക്കി കോട്ടവട്ടം മുതല്‍ കൊട്ടാരക്കര വരെയുള്ള കുരിശടികളില്‍ തളിക്കുകയായിരുന്നു. ബാക്കിയുള്ളവ ആവണീശ്വരത്തെ പള്ളിയിലും. കന്നാസ്, വസ്ത്രങ്ങള്‍, കാര്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയിലായിരുന്നു കരിഓയില്‍ അഭിഷേകം. പ്രതിയെ കുരിശടികളില്‍ എത്തിച്ച് തെളിവെടുത്തു.
പുനലൂര്‍ ഡിവൈഎസ്പി ജോണ്‍കുട്ടി, കൊട്ടാരക്കര ഡിവൈഎസ്പി ആന്റോ, സിഐ വിജയകുമാര്‍, പുനലൂര്‍ സിഐ വിജയന്‍, എസ്‌ഐമാരായ ബെന്നിലാലു, മോഹനന്‍, സുനീഷ്, ജോസഫ്ജോണ്‍, അബ്ദുള്‍സമദ്, പ്രഭാകരന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: