കാസര്‍കോട് : മഴ കനത്തതോടെ നഗരത്തിലെ മിക്ക റോഡുകളും തകര്‍ന്ന് കുണ്ടുംകുഴിയുമായി. മഴക്ക് ഒരു മാസം മുമ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച് ടാറിംഗ് നടത്തിയ റോഡുകളാണ് തകര്‍ന്നത്. ദേശീയപാത, ചളിയംകോട്, കറന്തക്കാട്, ബീച്ച് റോഡ്, അടുക്കത്ത് ബയല്, നായന്മാര്മൂല, തളങ്കര, കൊറക്കോട് തുടങ്ങിയ വിവിധ റോഡുകളാണ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായത്. ബീച്ച് റോഡ് പൊതുമരാമത്ത് വകുപ്പാണ് ഒരു മാസം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് ടാറിംഗ് നടത്തിയത്. എന്നാല്‍ ഒരു മഴയ്ക്കു തന്നെ റോഡ് തകര്‍ന്നു. ഏറെ തിരക്കുപിടിച്ച ഈ റോഡ് തകര്‍ന്നതോടെ വാഹനഗതാഗതം ദുഷ്ക്കരമായിട്ടുണ്ട്. ദേശീയ പാതയിലെ മിക്ക റോഡുകളും തകര്‍ന്ന് വാന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. കറന്തക്കാട്, അടുക്കത്ത്ബയല്‍ നഴ്സിംഗ് ഹോമിനു സമീപം, തുടങ്ങിയ സ്ഥലങ്ങളിലാണ് ദേശീയപാത തകര്‍ന്നിട്ടുള്ളത്. ദൂരെ ദിക്കില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നതും പതിവായിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. കുഴി വെട്ടിക്കുന്നതിനിടയില്‍ തെന്നിവീണ് നിരവധി ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. കറന്തക്കാട് റോഡില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടായ സ്ഥലത്ത് തെരുവ് വിളക്ക് ഇ്ല്ലാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ കുഴിയില്‍ വീഴുന്നതും നിത്യസംഭവമാണ്. മഴയ്ക്ക് മുമ്പ് നിര്‍മ്മിച്ച റോഡുകള്‍ പെട്ടെന്ന് തകരാന്‍ കാരണം നിര്‍മ്മാണ പ്രവൃത്തിയിലെ അഴിമതിയാണെന്ന് വാഹന ഉടമകളും, നാട്ടുകാരും ആരോപിക്കുന്നു. കുഴിയില്‍ വീണ് വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍ തകരാറിലാകുന്നതു കാരണം ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉടമകള്‍ക്കുണ്ടാകുന്നത്. തകര്‍ന്ന റോഡുകള്‍ അറ്റകുറ്റ പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: