ചരിത്രത്തിന്റെ അജ്ഞേയ കോണുകളില്‍ ഗവേഷണ ബുദ്ധിയോടെ വിഹരിച്ച് തെളിമയാര്‍ന്ന നിഗമനങ്ങള്‍ അവതരിപ്പിക്കുന്ന വിഖ്യാത ചരിത്രകാരനെന്ന നിലയില്‍ ഡോ. എം.ജി.എസ്. നാരായണന് നമുക്ക് സുപരിചിതനാണ്. ചേരകാല പ്രാചീന ചരിത്രപഠനത്തിലൂടെ തന്റെ ഗുരു ഇളംകുളത്തെ തിരുത്തിയ യുവഗവേഷകന് പിന്നീട് കടന്നുപോന്ന വഴികളിലെല്ലാം പുതുപാതകള്‍ തന്നെയാണ് തേടിയത്. അയോധ്യയിലെ തര്‍ക്കമന്ദിരത്തെക്കുറിച്ച്, പട്ടണം ഗവേഷണങ്ങളെക്കുറിച്ച്, മലയാളഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നല്‍കുന്നതിനെക്കുറിച്ച്, മാര്‍ക്സിസത്തെക്കുറിച്ച് വീക്ഷണവ്യതിരിക്തതകൊണ്ട് ശ്രദ്ധേയനായി ഡോ. എം.ജി.എസ്. നാരായണന്. നാളെ (ആഗസ്റ്റ് 20ന്) 80 തികയുന്ന രേവതി നക്ഷത്രക്കാരനായ ഈ ചരിത്രകാരന് പക്ഷേ, പിറന്നാള്‍ ആഘോഷങ്ങളില്ല. അവിടെയും പതിവുകള്‍ തെറ്റിക്കുകയാണ് ഈ ചരിത്രകാരന്. സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴില്‍ തൃപ്പൂണിത്തുറയിലെ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ ചുമതല വഹിക്കുന്ന എം.ജി.എസ് അതിന്റെ ആസ്ഥാനമായ തൃപ്പൂണിത്തുറ ഹില്‍പാലസില്‍ വെച്ച് തന്റെ വ്യക്തിജീവിതത്തിലെ അറിയപ്പെടാത്ത ഏടുകള്‍ ജന്മഭൂമി വായനക്കാര്‍ക്കുവേണ്ടി പങ്കു വെച്ചു.
ബാല്യം വിദ്യാഭ്യാസം
ബേപ്പൂര്‍ ആസ്ഥാനമായുള്ള പരപ്പനാട് രാജവംശത്തിന്റെ കീഴിലുള്ള 4 കാര്യസ്ഥരില്‍ ഒരു താവഴിയിലാണ് ജനനം. വള്ളിക്കുന്ന് നിറംകൈതക്കോട്ടയായിരുന്നു ഈ രാജവംശത്തിന്റെ പരദേവത. ബേപ്പൂര്‍ കൂടാതെ ഇന്നത്തെ പരപ്പനങ്ങാടി നെടുവയിലും ഈ രാജവംശത്തിന് ആസ്ഥാനമുണ്ടായിരുന്നു. ഈ രാജവംശം പിന്നീട് ഹരിപ്പാട്, മാവേലിക്കര, ചങ്ങനാശ്ശേരി, കിളിമാനൂര്‍ എന്നിവിടങ്ങളിലേക്ക് ചേക്കേറിയതായി കാണാം. ഹൈദരാലിയുടെ പടയോട്ടക്കാലത്താണ് ഈ ഭയന്നോട്ടം ഉണ്ടായത്. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന് രവിവര്‍മ്മ എന്നിവരൊക്കെ ഈ പാരമ്പര്യത്തില്‍ നിന്നാണ്.
പരപ്പനങ്ങാടിയില്‍ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് പൊന്നാനി എ അച്ചുതവാരിയര്‍ സ്മാരക ഹൈസ്കൂളില്‍ ചേര്‍ന്നു. കേളപ്പജി അന്നവിടെ അധ്യാപകനായിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന, ഈയിടെ അന്തരിച്ച വേണുക്കുറുപ്പ്, അന്നവിടെ ഉണ്ടായിരുന്നു. സ്കൂളിന്റെ എതിര്‍വശത്തുള്ള കൃഷ്ണപ്പണിക്കര്‍ വായനശാല അക്കാലത്തെ സാഹിത്യക്കളരിയായിരുന്നു. അക്കിത്തം, പി.സി. കുട്ടികൃഷ്ണന്, കടവനാട് കുട്ടികൃഷ്ണന്, വേണുക്കുറുപ്പിന്റെ അമ്മാവന് ഗോപാലക്കുറുപ്പ് എന്നിവരൊക്കെ സാഹിത്യക്കളരിയിലെ പതിവുകാര്. എന്റെ സാഹിത്യവാസനയെ പരിപോഷിപ്പിച്ച നാളുകളായിരുന്നു അത്. അന്ന് വക്കീല്‍ ഗുമസ്തനായി ഇടശ്ശേരി ഗോവിന്ദന് നായര്‍ പൊന്നാനിയില്‍ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു. സ്കൂളില്‍ കവിതയില്‍ ഒന്നാം സ്ഥാനം കിട്ടിയപ്പോഴാണ് ഇടശ്ശേരി യാദൃച്ഛികമായി വീട്ടില്‍ എത്തുന്നതും പരിചയപ്പെടുന്നതും. വീട്ടില്‍ അച്ഛന്റെ പെങ്ങളെ വിളിച്ച് ‘ഇവനെ സൂക്ഷിക്കണം, ഇവന് കുറേശ്ശെ കവിതയെഴുത്തുണ്ടെന്ന്’ പറഞ്ഞപ്പോഴാണ് കവിത പരിശോധിച്ചത് ഇടശ്ശേരിയാണെന്ന് മനസിലായത്. കവിതയിലും പ്രസംഗത്തിലും പ്രബന്ധരചനയിലും ചിത്രരചനയിലും കമ്പം കയറിയ നാളുകളായിരുന്നു അന്നൊക്കെ.
അമ്മയുടെ അകാലത്തിലുള്ള മരണം, അച്ഛന്റെ രണ്ടാം വിവാഹം, മരുമക്കത്തായത്തിന്റെ പതിവുകള്‍ ഇന്റര്‍മീഡിയേറ്റിന് കോഴിക്കോട് ചേര്‍ന്നത് ഒക്കെയായപ്പോള്‍ താമസം അമ്മ വീടായ പരപ്പനങ്ങാടിയിലേക്ക് മാറ്റി. തറവാടിന്റെ ഐശ്വര്യം ക്ഷയിച്ചു തുടങ്ങിയ കാലമായിരുന്നു അത്. പരപ്പനങ്ങാടിയില്‍ അന്നത്തെ വലിയ ഉദ്യോഗമായി കരുതിയിരുന്നത് വക്കീല്‍ ജോലിയായിരുന്നു. അതില്‍ ഭൂരിഭാഗവും തമിഴ് ബ്രാഹ്മണന്മാരായിരുന്നു. നായന്മാര് വക്കീല്‍ ഗുമസ്തന്മാരായി കഴിഞ്ഞുകൂടി. കോഴിക്കോട് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ തുടക്കം അക്കാലത്തായിരുന്നു. അതിന്റെ ഭാഗമായി നടന്ന സാഹിത്യമത്സരങ്ങളില് പങ്കാളിയായി. പ്രബന്ധരചനയില്‍ ഒന്നാമനായും പ്രസംഗത്തില്‍ രണ്ടാമതും എത്തി. തായാട്ട് ശങ്കരനായിരുന്നു പ്രസംഗത്തില്‍ ഒന്നാം സ്ഥാനവും പ്രബന്ധത്തില്‍ രണ്ടാം സ്ഥാനവും നേടിയത്. ഫറൂഖ് കോളജില്‍ ബി.എക്ക് ചേര്‍ന്നെങ്കിലും ഒരു വര്‍ഷമാണ് അവിടെ പഠിച്ചത്. യാത്ര ട്രെയിനിലായിരുന്നു. കടലുണ്ടിയില്‍ നിന്ന് വി.എം. കൊറാത്തുമുണ്ടാവും. കൊറാത്ത് പഠനം നിര്‍ത്തി ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി തുടങ്ങിയ കാലമായിരുന്നു അത്. പൊന്നാനിയിലെ കൂട്ടുകാര്‍ മുഴുവന്‍ അന്ന് തൃശൂര്‍ കേരളവര്‍മ്മ കോളേജിലായിരുന്നു. വേണുക്കുറുപ്പിന്റെ ക്ഷണവും കൂടിയായപ്പോള്‍ പഠനം സാഹിത്യക്കമ്പക്കാരുടെ കേന്ദ്രമായ കേരളവര്‍മ്മയിലേക്ക്. എഴുത്തുകാരനും കവിയുമായ പ്രൊഫ. പി. ശങ്കരന് നമ്പ്യാരായിരുന്നു അന്നത്തെ പ്രിന്‍സിപ്പല്‍. എന്‍.വി. കൃഷ്ണവാരിയര്‍ അധ്യാപകനായിരുന്നു. പുതിയ സുഹൃത്തുക്കളെ കിട്ടിയ കാലം. എപിപി നമ്പൂതിരിയെ പരിചയപ്പെടുന്നത് അവിടെവെച്ചാണ്. ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അവിടെ വെച്ചാണ്.
മലയാളസമാജത്തിന്റെ സെക്രട്ടറിയായി കെ.കെ. രാജ എന്ന കവിയുടെ മകന് രാജകുമാരന് മത്സരിക്കുന്നു. അയാള്‍ സെക്രട്ടറിയാവുന്നത് ഏറെപ്പേര്‍ക്കും ഇഷ്ടമില്ലായിരുന്നു. കുറേപ്പേരുണ്ടായിരുന്നു. അവര്‍ എന്നെ സ്ഥാനാര്‍ത്ഥിയാക്കി. എ.പി.പി. നമ്പൂതിരിയാണ് എന്നെ പരിചയപ്പെടുത്തുക. കവിയും എഴുത്തുകാരനും എന്നൊക്കെ പറഞ്ഞ് കുട്ടികള്‍ക്ക് മുമ്പില്‍ പരപ്പനങ്ങാടിക്കാരനായ എന്നെ പരിചയപ്പെടുത്തി. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഏറെപ്പേരും ഈഴവരായ പെണ്‍കുട്ടികളായിരുന്നു. പരപ്പനങ്ങാടി അന്നത്തെ അറിയപ്പെടുന്ന ഈഴവകേന്ദ്രവും. പെണ്‍കുട്ടികള്‍ ഏതാണ്ട് മുഴുവനായും എനിക്ക് വോട്ടു ചെയ്തു. രാജകുമാരന് തോറ്റു, ഞാന്‍ ജയിച്ചു. സാഹിത്യസമാജം ഏറെ സാഹിത്യപ്രവര്‍ത്തനങ്ങളുടെ ഇടമായി. എന്‍.എന്‍. കക്കാടും കഥാകാരി രാജലക്ഷ്മിയുടെ സഹോദരി സരസ്വതിയമ്മയൊക്കെയായിരുന്നു ക്ലാസുകള്‍ എടുത്തത്.
മദ്രാസിലെ പഠനം, എം. ഗോവിന്ദനുമായുള്ള ബന്ധവും
താമ്പരത്തെ മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ എം.എ. പഠനം ജീവിതവീക്ഷണത്തിലും സാഹിത്യ വീക്ഷണത്തിലും ഏറെ അനുഭവപാഠങ്ങള്‍ തന്ന കാലമായിരുന്നു. ഒരു ഐ.എ.എസ്കാരന് ആവുക എന്നതായിരുന്നു എന്നെക്കുറിച്ച് അച്ഛന്റെ സങ്കല്‍പ്പം. ഉന്നതവിജയം നേടിയിട്ടും ഐഎഎസ് എന്റെ പരിഗണനയിലേ ഉണ്ടായിരുന്നില്ല. അതുറക്കെപ്പറയാനുള്ള ധൈര്യമില്ലാത്തതിനാല്‍ ഫീസടച്ചു. രക്ഷപ്പെടാനുള്ള വഴിയായി കണ്ടത് മദ്രാസ് സര്‍ക്കാറിന്റെ കീഴില്‍ എപ്പോഴും ലഭിക്കാവുന്ന 9 എ വണ്‍ എന്ന ക്ലാര്‍ക്ക് ജോലിയില്‍ കയറുക എന്നതായിരുന്നു. 80 രൂപ ശമ്പളം. വലിയ തിരക്കൊന്നുമില്ല. വായനക്ക് ഏറെ സമയം.
മദ്രാസില്‍ വച്ച് ജയകേരളം വീക്കിലി, ലോകവാണി എന്ന ഡൈജസ്റ്റ് എന്നിവയിലൊക്കെ കവിതകള്‍ എഴുതുന്നത് പതിവായി. കേരളസമാജത്തിന്റെ പ്രസിദ്ധീകരണമായ ജയകേരളത്തിന്റെ എഡിറ്റര്‍ അപ്പുക്കുട്ടി ഗുപ്തനായിരുന്നു. പ്രചാരത്തില്‍ ഏറെ മുന്നിലായിരുന്നു ജയകേരളം. കേരള സമാജത്തിന്റെ സാഹിതീസഖ്യം എല്ലാ ശനിയാഴ്ചകളിലും കൂടിച്ചേരുന്ന സഹൃദയ സദസ്സായിരുന്നു. കെ.എ. കൊടുങ്ങല്ലൂര്‍, യു.എ. ഖാദര്‍, ഒ.എം. അനുജന്, എസ്.കെ. നായര്‍, എം. ഗോവിന്ദന്, സി.എന്‍. ശ്രീകണ്ഠന് നായര്‍ തുടങ്ങിയ പ്രമുഖര്‍ സാഹിതീസഖ്യത്തിലെ പതിവുകാരായിരുന്നു. എം.വി. ദേവനുമായി പരിചയപ്പെടുന്നതും നേരത്തെയുണ്ടായിരുന്ന ചിത്രകലയിലെ താല്‍പ്പര്യം ഒട്ടൊന്ന് വര്‍ധിച്ചതും ഇവിടെ നിന്നുതന്നെ. എം. ഗോവിന്ദന് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു. കേരളപ്പിറവിക്കുശേഷം കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കീഴില്‍ ജോലി ചെയ്യാന്‍ വയ്യ എന്ന് പറഞ്ഞ് ജോലി രാജിവെക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിസ്റ്റ് കെ.സി.എസ് പണിക്കരുടെ മകള്‍ ഡോ. പത്മാവതിയായിരുന്നു ഗോവിന്ദന്റെ ഭാര്യ. പ്രശസ്തയായ ഗൈനക്കോളജിസ്റ്റ്. ചെറിയമ്മയുടെ അടുത്ത സുഹൃത്തായിരുന്ന ഡോക്ടര്‍ ടി. പത്മനാഭനും അന്ന് മദ്രാസിലുണ്ടായിരുന്നു.
കോലായ ചര്‍ച്ച ഒരു കോഴിക്കോടന്‍ മാതൃക
കോലായ ചര്‍ച്ച വ്യത്യസ്തമായ ഒരു സാഹിത്യാനുഭവമായിരുന്നു. ചിത്രംവരയിലെ കമ്പം കാരണം മദ്രാസിലുള്ളപ്പോള്‍ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ വര പഠിക്കാന്‍ പോയിരുന്നു. അവിടെ നിന്നാണ് എം.വി. ദേവനെ പരിചയപ്പെടുന്നത്. നല്ല അടുപ്പമായി ആ ബന്ധം വളര്‍ന്നു. എ.വി. ഹെസ്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ചിത്രരചനയില്‍ സമ്മാനം കിട്ടിയിരുന്നു. അക്കാലത്തു തന്നെ കരുവാട്ടില്ലത്തെ നമ്പൂതിരിക്കുട്ടിയുടെ (ഇന്നത്തെ ആര്‍ട്ടിസ്റ്റ് നമ്പൂതിരി) ചിത്രംവര കണ്ട് അദ്ഭുതപ്പെട്ടുപോയിട്ടുണ്ട്. ചിത്രംവര എന്റെ മേഖലയല്ലെന്ന് അന്ന് തന്നെ തിരിച്ചറിഞ്ഞുവെങ്കിലും ഇടയ്ക്കിപ്പോഴും വരക്കുന്നു.
എം.എ. പഠനം കഴിഞ്ഞ് ഗുരുവായൂരപ്പന് കോളജില്‍ ചരിത്രാധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് കോഴിക്കോട്ടെ സാഹിത്യ സമ്പര്‍ക്കം ശക്തമാവുന്നത്. ദേവന് അന്ന് മാതൃഭൂമിയില്‍ എത്തിയിരുന്നു. ആര്. രാമചന്ദ്രന്, തിക്കോടിയന്, പവനന്, വി.ടി. ഇന്ദുചൂഡന്റെ കുടുംബം, കോഴിക്കോടന്‍, കക്കാട്, വേണുക്കുറുപ്പ്, എന്‍.പി. മുഹമ്മദ് തുടങ്ങിയ പ്രമുഖരുമായുള്ള സഹവാസത്തിന്റെ സന്ദര്‍ഭമായി അത് മാറി. രാമചന്ദ്രന് മാസ്റ്ററുടെ തളിയിലെ വീട്ടിലായിരുന്നു കോലായചര്‍ച്ച. സ്ഥിരാധ്യക്ഷന്‍ രാമചന്ദ്രന് മാസ്റ്റര്‍ തന്നെ. തികച്ചും അനൗപചാരികമായ ഇടപഴകല്‍. ഇഷ്ടമുള്ള വിഷയങ്ങള്‍ യാതൊരു മറയും മടിയും കൂടാതെ അവതരിപ്പിക്കാം. തുറന്ന ചര്‍ച്ച. എഴുതിവെക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന നിബന്ധന. റിപ്പോര്‍ട്ട് ചെയ്യാനിടവന്നാല്‍ പിന്നീട് തുറന്ന ചര്‍ച്ച അസാധ്യമാവും. മുഖം നോക്കാതെ വിമര്‍ശിക്കപ്പെടുന്നതുകൊണ്ട് പേരും പെരുമയും കാത്തുസൂക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്നവര്‍ അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. ഉറൂബും അഴീക്കോടും ഒരു തവണയാണ് വന്നത്. കുട്ടികൃഷ്ണമാരാരും വന്നിരുന്നില്ല. ഒരു കോലായചര്‍ച്ച മാരാരെക്കുറിച്ചായിരുന്നു. യാഥാസ്ഥിതിക വേലിക്കെട്ടുകള്‍ക്കപ്പുറത്തേക്ക് കടന്നതായിരുന്നു മാരാരുടെ ജീവിതവീക്ഷണം. ഞാനും എന്‍.പിയും മാരാരുടെ ആരാധകര്‍. നാലാപ്പാടിന്റെ രതിസാമ്രാജ്യത്തിന് ടിപ്പണി എഴുതിയത് മാരാരായിരുന്നു. മാരാരുടെ വ്യത്യസ്ത വീക്ഷണം എങ്ങിനെ രൂപപ്പെട്ടുവെന്നറിയാന്‍ നേരില്‍ കാണാന്‍ തീരുമാനിച്ചു. എല്ലാറ്റിനെയും സംശയദൃഷ്ടിയോടെ നോക്കുന്ന മാരാരെ അഭിമുഖീകരിക്കാന്‍ ഉള്ളില്‍ ഭയമായിരുന്നു. എന്നാല്‍ രതിസാമ്രാജ്യത്തിന്റെ പ്രൂഫ് വായിച്ചതും കുമാര സംഭവത്തിന്റെ എട്ടാം സര്‍ഗ്ഗം ട്യൂഷനെടുത്ത സന്ദര്‍ഭവും ഒരേസമയത്തായതുമൊക്കെ മാരാര്‍ വിശദീകരിച്ചു. അത് മാരാരുടെ ഷഷ്ഠിപൂര്‍ത്തി ഉപഹാരഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂക്ഷ്മമായ അപഗ്രഥനശേഷിയും അവതരണമികവും നേടാന്‍ സഹായിച്ച ‘കോലായ’ അതിന്റെ സ്വാഭാവിക അന്ത്യത്തിലെത്തി. ജോര്‍ജ് ഇരുമ്പയം നേതൃത്വം നല്കി പിന്നീട് മറ്റൊരു തരത്തില്‍ അതിനെ പുനരുജ്ജീവിപ്പിച്ചിരുന്നു. ആ ചര്‍ച്ചകള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
വള്ളത്തോള്‍, പിന്നെ മോഹിനിയാട്ടം
കേരള കവിത എന്ന കവികളെപ്പറ്റിയുള്ള പുസ്തകത്തില്‍ വള്ളത്തോളിന്റെ ജീവിതവീക്ഷണം എന്ന ലേഖനം എഴുതാന്‍ സി.ജെ. തോമസും അയ്യപ്പപ്പണിക്കരും എന്നെ ചുമതലപ്പെടുത്തി. വള്ളത്തോളിന്റേത് ഉപരിപ്ലവ ചിന്തയാണെന്നും കരുത്തുറ്റ ഉള്‍ക്കാഴ്ച കുമാരനാശാനാണെന്നുമുള്ള എന്റെ ധാരണ ലേഖനത്തില്‍ എഴുതി. ഏറെ വൈകി വള്ളത്തോളിന്റെ മരണശേഷമാണ് അത് പ്രസിദ്ധീകരിച്ചത്. പ്രകാശന വേളയില്‍ അധ്യക്ഷത വഹിച്ച ജി. ശങ്കരക്കുറുപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. എനിക്കെതിരെ ഏറെ ആക്ഷേപം ചൊരിഞ്ഞു. വള്ളത്തോളിനെ വീണ്ടും വായിക്കാന്‍ വിമര്‍ശനം പ്രേരണയായി. അത്ഭുതം സൃഷ്ടിച്ച അര്‍ത്ഥവത്തായ കല്പനകള് ഉള്ള വള്ളത്തോള്‍ക്കവിതയെ പുതുതായി തിരിച്ചറിയുകയായിരുന്നു പുനര്‍വായനയിലൂടെ.
ദാസി ആട്ടം എന്ന ചീത്തപ്പേരുള്ള മോഹിനിയാട്ടം നിരോധിക്കുകയായിരുന്നു കേരളത്തില്‍. അതിന്റെ പുനരുജീവനത്തിന് കലാമണ്ഡലം മുന്‍കയ്യെടുത്തു. തേവിടിശ്ശി നൃത്തം കേരള നടനമായി മാറി. കേരള സാംസ്കാരിക ചരിത്ര പഠനത്തിന്റെ ഭാഗമായി മോഹിനിയാട്ടത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചിരുന്നു. എം.കെ.കെ. നായര്‍ കലാമണ്ഡലം പ്രസിഡന്റായതോടെ കേരള നൃത്തത്തെക്കുറിച്ച് എന്നോട് എഴുതാന്‍ പറഞ്ഞു.
കേരളീയനൃത്തത്തെക്കുറിച്ചുള്ള ആദ്യപഠനമായിരുന്നു അത്. കമലാദേവി ചതോപാധ്യായ ലളിതകലാ അക്കാദമി അധ്യക്ഷയായതോടെ മോഹിനിയാട്ടത്തെക്കുറിച്ച് പഠിക്കാന്‍ ഭാരതിശിവജിയെയാണ് ഏല്‍പ്പിച്ചത്. ദല്‍ഹി ഇന്റര്‍നാഷണല്‍ സെന്ററിലെ സെമിനാറില്‍ വെച്ച് ഭാരതി ശിവജിയെ പരിചയപ്പെട്ടതോടുകൂടി മോഹിനിയാട്ടത്തെക്കുറിച്ചുള്ള അന്വേഷണം ആഴത്തിലായി. കോഴിക്കോട് സെന്റര്‍ ഫോര്‍ മോഹിനിയാട്ടം ആരംഭിക്കുന്നതും മോഹിനിയാട്ടത്തിന്റെ ചീത്തപ്പേര് മാറ്റിയെടുക്കുന്നതില്‍ അക്കാദമിക സംഭാവന ചെയ്യുന്നതിലുമൊക്കെ മുഴുകാന്‍ കഴിഞ്ഞു. ഭാരതി ശിവജിയാണ് ലാസ്യരസപ്രധാനമായ മോഹിനിയാട്ടത്തെ യഥാര്‍ത്ഥ മുദ്രകളിലൂടെ പുനരാവിഷ്കരിച്ചത്. മകള്‍ വിനയ ഭാരതി ശിവജിയുടെ ശിഷ്യയായി നൃത്തരംഗത്ത് ഇന്നും സജീവമാണ്.
വിസിയായില്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനുമല്ല
കേരളത്തിലെ ചരിത്രകാരന്മാര് പലരും വി.സി.യായിട്ടുണ്ടാകാം. എന്നാല്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളായാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് രാഷ്ട്രീയക്കാരുടെ ആജ്ഞാനുവര്‍ത്തിയായി വി.സി. പട്ടം തലയില്‍ വെക്കാന്‍ താത്പര്യവും ഉണ്ടായില്ല. പ്രൊഫ. ദുബെ യു.ജി.സി പ്രതിനിധിയായി വി.സി. സെലക്ഷന് കമ്മിറ്റിയില്‍ വന്നപ്പോള്‍ എന്നെ ഏറെ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ, കമ്മ്യൂണിസ്റ്റുകള്‍ എന്റെ പേര് പരിഗണിക്കില്ലെന്നും അത് മാത്രമല്ല എനിക്ക് താല്‍പ്പര്യമില്ലെന്നും പറഞ്ഞിരുന്നു. അക്കാദമിക പണ്ഡിതന്മാര് ഇത്തരത്തില്‍ മാറിനില്‍ക്കുന്നതാണ് രാഷ്ട്രീയക്കാര്‍ ഈ രംഗം കയ്യടക്കുന്നതെന്നായിരുന്നു ദുബെയുടെ മറുപടി. പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. യുജിസി പ്രതിനിധിയുടെ നിര്‍ദ്ദേശം തള്ളിക്കൊണ്ടായിരുന്നു അന്ന് വി.സി.യെ നിശ്ചയിച്ചത്. കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഗവ. തൊഴുത്തുകളായി മാറിയിരിക്കുന്നു. സ്വതന്ത്രമായ അക്കാദമിക അന്തരീക്ഷം അവിടെയില്ല.
മാര്‍ക്സിസത്തിന്റെ പല ആശയങ്ങളോടും അനുഭാവമുണ്ടെങ്കിലും ലെനിന്റെ കാലത്ത് തന്നെ മാര്‍ക്സിസം പാര്‍ട്ടിയായി അധഃപതിച്ചുകഴിഞ്ഞുവെന്നാണ് എന്റെ വിലയിരുത്തല്‍. സിപിഎം ആയി ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല. അധികാരസമ്പാദനത്തിന് ഏത് മാര്‍ഗ്ഗമുപയോഗിക്കാനും സിപിഎം മടിക്കുന്നില്ല. പഴയ നമ്പൂതിരി ജന്മിത്തത്തിന്റെ നിര്‍ദ്ദാക്ഷിണ്യമായ, നീക്കുപോക്കില്ലാത്ത ശാക്തികകേന്ദ്രം പുനര്ജന്മം കൊണ്ടതാണ് ആ പാര്‍ട്ടി.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: