കൊച്ചി: മാലിന്യ സംസ്കരണ പ്രതിസന്ധിക്ക് പരിഹാരം തേടി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ശുചിത്വമേളയില്‍ മണ്ണിര കമ്പോസ്റ്റ് മുതല്‍ ബയോഗ്യാസ് പ്ലാന്റ് വരെയുള്ള സംവിധാനങ്ങളൊരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി. മാലിന്യ സംസ്കരണത്തിനുള്ള വിവിധ ഉപാധികള്‍ ഒരു മേല്‍ക്കൂരയ്‌ക്ക് കീഴില്‍ ഒരുക്കിയ പ്രദര്‍ശനം ഇത്തരത്തില്‍ സംസ്ഥാനത്തു തന്നെ ആദ്യത്തേതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റുന്നതിനുള്ള ഒരു ഡസനോളം സംവിധാനങ്ങളാണ് വിവിധ സ്ഥാപനങ്ങളും സംഘടനകളും പ്രദര്‍ശിപ്പിച്ചത്. ഇതില്‍ കളമശ്ശേരി രാജഗിരി ഔട്ട്‌റീച്ചിന് കീഴിലുള്ള ഭൂമികയുടെ പൈപ്പ് കമ്പോസ്റ്റ്, തൃക്കാക്കര എവര്‍ഗ്രീന്‍ മിഷന്‍ കമ്യൂണിറ്റി ഡവലപ്മെന്റ് സര്‍വീസസിന്റെ ബാസ്കറ്റ് കമ്പോസ്റ്റ് എന്നിവ കുറഞ്ഞ ചെലവും ലാളിത്യവും മൂലം നിരവധി പേരെ ആകര്‍ഷിച്ചു. കുറച്ച് സ്ഥലം മതിയെന്നതും ദുര്‍ഗന്ധം ഒഴിവാക്കാനാകുമെന്നതുമാണ് ഇത്തരം സംസ്കരണ സംവിധാനങ്ങളുടെ പ്രത്യേകത.
കെട്ടിട നിര്‍മാതാക്കളുടെ സംഘടനയായ ക്രെഡായി സ്വന്തം നിലയില്‍ വികസിപ്പിച്ചെടുത്ത മാലിന്യ സംസ്കരണ യൂണിറ്റ് പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ കളമശ്ശേരിയിലെ അഗ്രോ മെഷീനറി ആന്റ് കണ്‍സള്‍ട്ടിങ് കമ്പനി ബയോ റിയാക്ടറുകളാണ് പ്രദര്‍ശിപ്പിച്ചത്. കലൂരിലെ ഗോ ഗ്രീന്‍ ഇന്റര്‍നാഷണല്‍, സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സിയായ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്റര്‍, ഏഷ്യന്‍ ബിസിനസ് ഗ്രൂപ്പ്, വടക്കേ വാഴക്കുളത്തെ സൊസൈറ്റി ഫോര്‍ റെന്യൂവബ്ല് എനര്‍ജി ഡവലപ്മെന്റ് എന്നിവ ചെറുതും വലുതുമായ ബയോഗ്യാസ് പ്ലാന്റുകളും അവതരിപ്പിച്ചു. നാല് ചതുരശ്ര അടി സ്ഥലം മാത്രം മതിയാകുന്നതാണ് ഇതില്‍ ചില പ്ലാന്റുകള്‍.
മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയതിന് എറണാകുളം ജില്ലാ പഞ്ചായത്തിന് ലഭിച്ച അമ്പത് ലക്ഷം രൂപയുടെ നിര്‍മല്‍ഗ്രാമ പുരസ്കാരം തദ്ദേശസ്ഥാപനങ്ങളില്‍ മാലിന്യ സംസ്കരണ സംവിധാനങ്ങളൊരുക്കുന്നതിന് പ്രയോജനപ്പെടുത്തുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. 170 കോടി രൂപ ചെലവില്‍ വിദേശ ധനസഹായത്തോടെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ജില്ല പഞ്ചായത്ത് തയാറാക്കിയ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനകം ജില്ലയെ സമ്പൂര്‍ണ മാലിന്യ വിമുക്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: