ക്ഷേത്രത്തിലേക്ക് ബസ്സ് ഇറങ്ങുന്നിടത്ത് ക്ഷേത്രഗോപുരം. മൈതാനംപോലെ വിസ്തൃതമായ സ്ഥലത്ത് നീണ്ടുനിവര്‍ന്നൊരു റോഡ്. ടാറിട്ട ഈ റോഡിലൂടെ കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ഓട്ടോറിക്ഷകളൊഴിച്ചാല് വഴി ശൂന്യം. ചെങ്കല്ലില്‍ പണിതീര്‍ത്ത കെട്ടിടങ്ങളും മതിലുകളും ഇവിടെ സുലഭമായി ലഭിക്കുന്ന കല്ലുകളുടെ മേന്മ വിളിച്ചറിയിക്കുന്നു. ഒറ്റനോട്ടത്തില്‍ വരണ്ടപ്രദേശമെന്ന് തോന്നുമെങ്കിലും ജലക്ഷാമമില്ല. വളരെ ദൂരെ എത്തുമ്പോള്‍ത്തന്നെ ക്ഷേത്രമതില്കെട്ടും ധ്വജവും ആരുടെയും കണ്ണില്‍പ്പെടും. ഇവിടെ കാറ്റിനു പഞ്ഞമില്ല. കാറ്റത്തിളകിയാടുന്ന ചെറുമണികള്‍ ധ്വജത്തിനുമുകളില് ഭക്തിയില്‍ ലയിച്ച് പാര്‍ത്ഥനെ വണങ്ങിനില്ക്കുന്ന ഭക്തന്റെ മനസ്സില്‍ ആ നാദം മന്ത്രധ്വനിയുണര്‍ത്തും. നടയ്ക്കു വെളിയിലെത്തുമ്പോള്ത്തന്നെ ധ്വജം കണ്ടുതൊഴാന്‍ ഭക്തര്‍ക്ക് ഇതൊരു സുവര്‍ണാവസരം.
കാസര്‍കോട് ജില്ലയിലെ കുമ്പളപഞ്ചായത്തിലാണ് മുജുംഗാവ് പാര്‍ത്ഥസാരഥി ക്ഷേത്രം. ക്ഷേത്രത്തിനു മുന്നില്‍ കുറച്ചകലെയായി ഒരു കുളം. കല്ലുവെട്ടിയുണ്ടാക്കിയതുപോലുള്ള വലിയ കുളം. ധാരാളം വെള്ളം. കടുത്ത വേനലിലും വറ്റാത്ത നീരുറവ കാവേരി തീര്‍ത്ഥത്തിനു തുല്യമെന്ന് പ്രസിദ്ധം. തുലാം സംക്രമണനാളില് ഈ കുളത്തില്‍ കുളിച്ച് അരിയും മുതിരയും സമര്‍പ്പണം ചെയ്ത് നേര്‍ച്ചകളും നടത്തിയാല്‍ ശരീരത്തിലെ ഉണ്ണിയും മറ്റു ചര്‍മ്മരോഗങ്ങളും മാറുമെന്ന് വിശ്വാസം.ഇതിനായി ധാരാളം ആളുകള്‍ ഇവിടെ എത്തുന്നു. തുലാം സംക്രമദിവസം ആയിരക്കണക്കിനാളുകള്‍ ഇവിടെ എത്തി സ്നാനവും തടാകപ്രദക്ഷിണവും കഴിഞ്ഞ് അമ്പലത്തില്‍ പൂജയും നടത്തുന്നു. സാധാരണ സംക്രമദിവസങ്ങളില്‍ നല്ലപോലെ അന്നദാനം നടക്കുന്ന ഇവിടെ തുലാം സംക്രമണദിവസം മാത്രം ഇരുപത്തയ്യായിരത്തില്‍പ്പരം ഭക്തജനങ്ങള്‍ അന്നദാനം സ്വീകരിച്ചുവരുന്നു.
കിഴക്കോട്ട് ദര്‍ശനമായ ക്ഷേത്രത്തില്‍ പാര്‍ത്ഥസാരഥി കൃഷ്ണനെക്കൂടാതെ ഗണപതിയും ശാസ്താവും അകത്തും രക്തചാമുണ്ഡിയെ പുറത്തും പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രധാന കവാടത്തിനിടതുഭാഗത്ത് വളര്ന്നുനില്ക്കുന്ന ചെമ്പരത്തിയും പാരിജാതവും ദേവിക്ക് തണല്‍ വിരിക്കുന്നു. കുംഭസംക്രമത്തിനാണ് ഉത്സവം. കൊടിയേറി ഏഴുദിവസത്തെ ഉത്സവം. പഞ്ചകഷായവും ഊട്ടുവഴിപാടുമൊക്കെ ഉണ്ടെങ്കിലും പാര്ത്ഥസാരഥിക്കിഷ്ടമുള്ള നേദ്യം കക്കിരിക്കയാണ്.
പണ്ടുപണ്ടേ കാസര്‍കോട് ക്ഷേത്രങ്ങളുടെ നാടാണ്. അതില്‍ പ്രധാമായി നാലെണ്ണം. അഡൂര്‍, മധൂര്‍, കണിപുരം, കാവു എന്നിവ. കല്യാണംപോലുള്ള പുണ്യകര്‍മ്മങ്ങള്‍ക്കു തുടക്കം കുറിക്കുമ്പോള്‍ ഇവിടത്തുകാര്‍ ഈ നാല് അമ്പലങ്ങളിലും നേര്‍ച്ചനേരുക പതിവായിരുന്നു. ഇതില്‍ കാവു എന്ന ക്ഷേത്രംമുജുംഗാവ് എന്നും മുജുംഗര എന്നും അറിയപ്പെട്ടിരുന്നു. പണ്ട് മുചുകുന്ദമുനി ഇവിടെ തപസ്സുചെയ്തിരുന്നുവെന്നും അദ്ദേഹമാണ് ഭഗവാന് പാര്‍ത്ഥസാരഥി കൃഷ്ണനെ പ്രതിഷ്ഠിച്ചതെന്നും ഐതിഹ്യം.
മുചുകുന്ദ മുനിയുടെ പേരിലാണ് ഈ സ്ഥലം മുജംഗര എന്നും പിന്നീട് മുജുംഗാവ് എന്നും അറിയപ്പെടാനിടയായതും.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: