ആലപ്പുഴ ജില്ലയില്‍ മുട്ടാര്‍ പഞ്ചായത്തിലാണ് ചരിത്രപ്രസിദ്ധമായ മിത്രക്കരി ദേവീക്ഷേത്രം. ചെങ്ങന്നൂര്‍ മിത്രമഠം വക. പണ്ട് മിത്രക്കരിയിലും മിത്രമഠമുണ്ടായിരുന്നു. ഈ സ്ഥലത്തിനി പേരുണ്ടാവാന്‍ കാരണവും ഇതാണെന്ന് പഴമക്കാര്‍. നിത്യവും ഗുരുതിയുള്ള ക്ഷേത്രം. രണ്ട് കരിങ്കല്‍ സ്തൂപങ്ങള്‍, വലിയ തട്ടു വിളക്കുകള്‍, രണ്ട് കളിത്തട്ടുകള്‍. അതിന് വലത്തായി ഒരു ഗരുഡന് തട്ടമുണ്ട്. നാലുവാതിലുള്ള നടശ്ശാല. ക്ഷേത്രത്തിന്റെ വാസ്തുവിദ്യക്കുമുണ്ട് ഒരു സവിശേഷത. പൂര്‍ണമായും അടച്ചുകെട്ടിയ അമ്പലം. അകത്ത് ശ്രീകോവിലില്‍ രണ്ട് വിഗ്രഹങ്ങള്‍. രണ്ടും ഭദ്രകാളിയുടേത്. ഒരേ ദേവിക്ക് രണ്ട് ഭാവം. ആദ്യം ഇവിടെ ക്ഷേത്രവും വിഗ്രഹവും ഉണ്ടായിരുന്നുവെന്നും പിന്നീട് മിത്രമഠത്തിലെ ജ്യേഷ്ഠന് ഭദ്രകാളിയെ ഉപാസിച്ച് സാന്നിധ്യപ്പെടുത്തിയെന്നും ഐതിഹ്യം. അങ്ങനെ ആ ദേവിയെയും ഇവിടെ പ്രതിഷ്ഠിച്ചു. അങ്ങനെയാണ് രണ്ട് വിഗ്രഹങ്ങള്‍ ഒരേ ശ്രീകോവിലിലുണ്ടാവാന്‍ കാരണം. ഗണപതി, ശിവന് ,ദുര്‍ഗ എന്നീ ഉപപ്രതിഷ്ഠകളും വസൂരിമാലയും ആലിന് ചുവട്ടില്‍ നാഗങ്ങളും യക്ഷിയമ്പലവും അതിനോട് ചേര്‍ന്ന് യോഗീശ്വരനുമുണ്ട്. വടക്ക് ഭാഗത്ത് പുരാതനമായ കാവും.
മണ്ഡലകാലത്ത് കളമെഴുത്തും പാട്ടും. കളമെഴുത്തും പാട്ടുമുള്ള ദിവസങ്ങളില്‍ ദേവിയെ പുറത്തിറക്കി എഴുന്നെള്ളിപ്പുണ്ട്. നാല്‍പത്തിയൊന്നിനുള്ള താലവും കഴിഞ്ഞ് ഗുരുതിയുണ്ട്. രാത്രി രണ്ടുവരെ നീളുന്ന ചടങ്ങുകള്‍.
പത്താമുദയം ക്ഷേത്രത്തിലെ മഹോത്സവമായി പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു. വിഷുമുതല്‍ പന്ത്രണ്ട് ദിവസമാണ് ഉത്സവം. വിഷു മുതല്‍ നാലാം ഉത്സവം വരെ ചൂട്ടുവയ്പ് തുടരും. ആറിടയോളം നീളത്തിലുള്ള വലിയ ചൂട്ടുകറ്റ തയ്യാറാക്കി ഒരാള്‍ ക്ഷേത്രത്തില്‍ കൊണ്ടുവരും. ശാന്തിക്കാരന് കത്തിച്ചുകൊടുക്കുന്ന ചൂട്ടുമായി മൂന്ന് പ്രാവശ്യം അയാള്‍ ക്ഷേത്രത്തിന് പ്രദക്ഷിണം വക്കും. കൂക്കി വിളിച്ചും ആരവം മുഴക്കിയും കുറെ പേര് പിന്നാലെ പോകും. ദീപാരാധന കഴിഞ്ഞാണ് ഈ ചടങ്ങ്. ഭൂതപ്രേതബാധകള്‍ ഒഴിയുമെന്ന് വിശ്വാസം. എട്ടും ഒന്‍പതും ദിവസങ്ങളില്‍ കോലം പടയണിയുണ്ടാകും.കോലത്തിനോടൊപ്പം കുതിരയുമുണ്ടാകും. പത്താമുദയത്തിന് കാവടിയാട്ടവും കുംഭകുടവും മറ്റ് പരിപാടികളുണ്ടാവില്ല. ദീപാരാധനക്ക് ശേഷം അടിയന്തരതൂക്കം. അതായത് മഠം വക തൂക്കം- ഒറ്റതൂക്കം. പിതനൊന്നാം തീയതി രാവിലെ വഴിപാട് തൂക്കം ആരംഭിക്കും. അന്ന് നട അടക്കാറില്ല. രാത്രി താലം വരവുണ്ട്. അതുകഴിഞ്ഞാല്‍ ഗരുഡന് തൂക്കം ആരംഭിക്കും. ചാട് ഇവിടെ ചക്രത്തിലല്ല എന്ന പ്രത്യേകതയുണ്ട്. ഭക്തജനങ്ങള്‍ പൊക്കിക്കൊണ്ട് നടന്നുള്ള പറക്കല്‍. ഒടുവില്‍ ചാടേല്‍ കയറി ചൂണ്ട കുത്തി അവസാനിക്കും. പിറ്റേദിവസം പുലര്‍ച്ചെയാകുമ്പോഴേ അത് അവസാനിക്കൂ. ഒടുവില്‍ എല്ലാവര്ക്കും മേല്‍ശാന്തി തീര്‍ത്ഥവും പ്രസാദവും നല്‍കും. അന്ന് വൈകിട്ട് ദീപാരാധനക്കുശേഷം രണ്ട് കളിത്തട്ടിലും ഓട്ടല് തള്ളല്‍ നടക്കും. ഈ രണ്ട് തുള്ളല്‍ക്കാരും ചൂട്ടുവയ്പു കാര്യമായി ചേര്‍ന്ന് പടയണി നടക്കും. പിന്നെ രണ്ട് കളത്തിലും തേങ്ങ മറിച്ച് ഫലം പറയുന്നതോടെ പത്താമുദയമഹോത്സവം പര്യവസാനിക്കും.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: