കേരളശബ്ദം ചോദിക്കുന്നതു പോലെ തന്നെ പലരും ചോദിക്കുന്നു: ഇങ്ങനെ എത്രനാള്‍. സമയം ഏറെയെടുത്താലും ആരെങ്കിലും നന്നാവുമെങ്കില്‍ അതിന് തടയിടേണ്ടതുണ്ടോ? പറഞ്ഞു വന്നത് കേരളശബ്ദത്തെക്കുറിച്ചാണല്ലോ. അവരുടെ ഏറ്റവും പുതിയ ലക്ക(ആഗസ്റ്റ് 12)ത്തിന്റെ കവര്‍ക്കഥയായി വന്നിരിക്കുന്നത് എന്താണെന്നോ? നമ്മുടെ പ്രതിപക്ഷനേതാവ് (പാര്‍ട്ടിയുടെയും എന്നു ചിലര്‍ പറയുന്നുണ്ട്, കാര്യമാക്കണ്ട) ഇങ്ങനെ എത്രകാലം കഴിയുമെന്നാണ്. വി.എസ്സും പാര്‍ട്ടിയും ഇങ്ങനെ ഇനി എത്രനാള്‍? എന്ന തലക്കെട്ടില്‍ കഥയെഴുതിയിരിക്കുന്നത് അവരുടെ പ്രധാന ലേഖകന്‍ ചെറുകര സണ്ണി ലൂക്കോസാണ്. താന്‍ പാര്‍ട്ടിയാണോ, പാര്‍ട്ടി താനാണോ എന്ന സംശയം പൊതുജനത്തിന് വിട്ടുകൊടുത്ത ശേഷം ഒരു പാര്‍ട്ടി അംഗം സാധാരണ ചെയ്യാത്ത തരത്തില്‍ ഏനക്കേട് ഉണ്ടാക്കുന്ന ടിയാനാണല്ലോ നമ്മൂടെ അച്യുതാനന്ദമഹിതാശയന്‍.
മേപ്പടി വിദ്വാനെക്കൊണ്ടു പൊറുതിമുട്ടിയ പാര്‍ട്ടി കേന്ദ്രത്തില്‍ വിളിച്ചു വരുത്തി ചെറുതായി ചെവിക്കുപിടിച്ചെങ്കിലും മൂപ്പര് തന്റെ തറവട്ടത്തെ പയറ്റ് അവസാനിപ്പിക്കില്ല എന്ന ശാഠ്യത്തിലാണ്. കേരളശബ്ദം പറയുന്നത് നോക്കുക: സംസ്ഥാന നേതൃത്വത്തിന്റെ നയപരമായ വ്യതിയാനങ്ങള്‍ക്കെതിരേ കേന്ദ്രനേതൃത്വം നടപടിയെടുത്തില്ലെങ്കില്‍ അത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധനിലപാടിനൊപ്പം നില്‍ക്കില്ലെന്ന് പറഞ്ഞ വി.എസ്സിന് രണ്ടിലൊന്ന് തീരുമാനിക്കാനുള്ള സമയമായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. വി.എസ്സ്. പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ നയനിലപാടുകളെ ഇനി തള്ളിപ്പറഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന് പാര്‍ട്ടിയുമായി ഒത്തുപോകാനാവില്ല എന്നതിന് സംശയിക്കേണ്ടതില്ല. ഈ സംശയം രാഷ്ട്രീയ നിരീക്ഷകരുടെ തലയില്‍ വെച്ചുകെട്ടാന്‍ ഒരുങ്ങുന്ന കേരളശബ്ദത്തിന്റെ താല്‍പ്പര്യം സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടുകള്‍ക്കൊപ്പമാണ്. ഒരു തരത്തില്‍ ഔദ്യോഗികപക്ഷത്തുനില്ക്കുന്നതു തന്നെയാണ് അവര്‍ക്കെന്നല്ല ആര്‍ക്കും നന്ന്. അല്പം ചില വ്യതിയാനങ്ങളോ പ്രശ്നങ്ങളോ ഉണ്ടായി എന്നുവെച്ച് പാര്‍ട്ടി മൊത്തം കുഴപ്പമാണ് എന്ന് പറയുന്നതും ആ തരത്തില്‍ വിശകലനിച്ച് ലക്ഷ്യത്തിലെത്തുന്നതും അല്പത്തമാണ്.
ഒടുവില്‍ കേരളശബ്ദം അവസാനിപ്പിക്കുന്ന ആ ഭാഗം ഒന്നു കാണുക. അവരെന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. അതിദാ: എന്നാല്‍ വി.എസ്സ് എന്ന വ്യക്തി നിഷ്പ്രഭനായാലും അദ്ദേഹം ഉയര്‍ത്തിയ വലതുപക്ഷ വ്യതിയാനം പാര്‍ട്ടിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന അനേകായിരം കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ സ്നേഹിതകളും കേരളത്തിലുണ്ട് എന്നതാണ് വസ്തുത. അത്തരം വ്യതിയാനം തിരുത്താതെ പാര്‍ട്ടി ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധി തീരാനോ പ്രശ്നങ്ങള്‍ കെട്ടടങ്ങാനോ പോകുന്നില്ല. എന്നു ബച്ചാല് എടാ കൂവേ വേലിക്കകത്തുനിന്ന് അതിയാനെ എത്രയും പെട്ടെന്ന് പുറത്തുചാടിച്ചേക്കെന്ന്. ഒന്നും കാണാതെ ഘടോല്‍ക്കചനെ യുദ്ധത്തിനയയ്ക്കില്ലെന്ന് പറഞ്ഞത് എം.ടി.യുടെ കൃഷ്ണനാണ്. എന്നെങ്കിലുമൊരിക്കല്‍ അവനെ നിങ്ങള്‍ക്ക് കൊല്ലേണ്ടിവരും എന്ന ഓര്‍മപ്പെടുത്തലും അതിലുണ്ടായിരുന്നു. അത്തരമൊരു സംഗതി കേരളശബ്ദത്തിലൂടെ ചെറുകര സണ്ണി ലൂക്കോസ് കാച്ചുകയാണ്. ഏതായാലും ഒരു കാര്യം വസ്തുതയാണ്. ഒരു ലിറ്റര്‍ പാല് ചീത്തയാവാന്‍ (ച്ചാല്‍ തൈരാവാന്‍) ഒരു തുള്ളി മോര് ധാരാളം. സി.പി.എമ്മിലെ മോരു തുള്ളിയായി അച്യുതാനന്ദനെ കാണണമെന്ന് സണ്ണി ലൂക്കോസിലൂടെ കേരളശബ്ദം ആഗ്രഹിക്കുന്നുണ്ടോ ആവോ?
സംഘപരിവാര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ മാധ്യമത്തിന് ചവര്‍പ്പ് നാവില്പുരണ്ട അവസ്ഥയാണ്. അത് അതിന്റെ ജനിറ്റിക് പ്രശ്നമാണ്. അങ്ങനെ തന്നെ കിടക്കട്ടെ. വിഷം കൂടുമ്പോള്‍ രാജവെമ്പാല പോലും വന്മരങ്ങളുടെ വേരില്‍ ദേഷ്യം തീര്‍ക്കാറുണ്ട്. സ്വയം ജീവന് നിലനിര്‍ത്താനും അതാവശ്യമത്രേ. കാസര്‍കോട് കര്‍ണാടകത്തിന് പഠിക്കുന്നു എന്ന് കവറിലും (ജൂലൈ 30) കേരളത്തില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരം എന്ന് ഉള്‍പ്പേജിലും കൊടുത്തിരിക്കുന്ന സംഗതിയില്‍ കാസര്‍കോട്ടെ സകല പ്രശ്നങ്ങളും തുടങ്ങുന്നത് അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നശേഷം (മാധ്യമത്തിന്റെ പ്രയോഗം അങ്ങനെയല്ല കെട്ടോ) ആണെന്നാണ്. സ്നേഹത്തിന്റെ നിര്‍മല ജലത്തില്‍ ആരാണ് വിഷം കലക്കുന്നതെന്ന അന്വേഷണത്തിനുപകരം ചില സംഭവഗതികള്‍ ചൂണ്ടിക്കാട്ടി കുന്തത്തിന്റെ മുന തിരിക്കുന്നത് മാധ്യമത്തിന്റെ അജണ്ടാധിഷ്ഠിത പത്രപ്രവര്‍ത്തനം ആര്‍ക്കെതിരെയോ അവര്‍ക്കുനേരെ തന്നെ. കര്‍ണാടകവും ഗുജറാത്തും ഭരിക്കുന്ന രാഷ്ട്രീയ ശക്തികള്‍ക്കെതിരെ സിരകളിലൂടെ ഒഴുകുന്ന വിഷം ഇടയ്ക്കൊക്കെ അക്ഷരങ്ങളില്‍ പുരണ്ടുവരും എന്നേയുള്ളൂ. സിനിമാ, ലോട്ടറി, ചിട്ടി, മാന്ത്രികവിദ്യകളുടെ പരസ്യം വാങ്ങാത്ത വിശുദ്ധി പക്ഷേ, പത്രപ്രവര്‍ത്തനത്തിന്റെ മറ്റ് മേഖലകളില്‍ കാണില്ല. രവീന്ദ്രന് രാവണേശ്വരത്തിന്റെതാണ് പത്തുപേജു വരുന്ന കൃതി.
ഒടുവില്‍ അവസാനിക്കുന്നത് ഇതാ ഇങ്ങനെ: എന്നാല്‍, കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ആര്.എസ്.എസ്സിന്റെ പ്രതിപക്ഷം രൂപപ്പെടുമ്പോള്‍ അതിന്റെ പ്രതിക്കൂട്ടിലാകുന്നത് എന്‍.ഡി.എഫും അതിന്റെ ഗര്‍ഭം ധരിക്കുകയാണെങ്കില്‍ ലീഗും ആയിരിക്കും. ലീഗ് ഇതിനെ ഗര്‍ഭം ധരിക്കുകയാണങ്കില് പ്രസവിച്ച് കാട്ടിലുപേക്ഷിക്കണം. എങ്കില്‍ മാത്രമേ ഇന്ത്യയിലെ ഏറ്റവും വലിയ മതതീവ്രവാദ സംഘടനയായ സംഘപരിവാറിനെതിരെയുള്ള പോരാട്ടം അര്‍ഥവത്താകുകയുള്ളൂ; പോരാടുന്നവര്‍ക്ക്. അപ്പോ, അതാണ് കാര്യം. പോരാടാന്‍ വെള്ളിമാടുകുന്ന് നിന്ന് ആരംഭിച്ച അജണ്ടാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന് വേണ്ടത്ര ഊര്‍ജം ശേഖരിക്കുക. ആയതിന് രവീന്ദ്രന് രാവണേശ്വരന്മാര് എന്നുമെന്നും കൂട്ടിനുണ്ടാകട്ടെ. കേരളത്തില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരമളക്കാന്‍ സാഹസപ്പെടുന്ന മാധ്യമം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കുള്ള ദൂരം ആദ്യം കണ്ടുപിടിക്കട്ടെ. അതിന് ഏതെങ്കിലും ഫോണ്‍ ചോര്‍ത്താനോ ഇ-മെയില്‍ ഹാക്കുചെയ്യാനോ സാധിച്ചാല്‍ വളരെ നന്നാവും. വിപണി വാപിളര്‍ന്നു നില്ക്കുന്നു എന്നാണല്ലോ തുടക്കം (ആഗസ്റ്റ് 06) എഴുതിയിരിക്കുന്നത്. പിളര്‍ന്ന വായില്‍ നിറയ്ക്കാന്‍ ഇമ്മാതിരി വിഭവങ്ങള്‍ അനേകം ഉണ്ടാവാനായി ജഗദീശ്വരനോട് പ്രാര്ഥിക്കയത്രേ കരണീയം.
കൊതികൂടുമ്പോള് അതില്‍ ചതിയുണ്ടോ, വിഷമുണ്ടോ എന്നൊന്നും തിരക്കാന്‍ ഒരു വിധപ്പെട്ടവരൊന്നും ശ്രമിക്കില്ല; വെട്ടിവിഴുങ്ങാനേ നോക്കൂ.അങ്ങനെയൊരു കൊതിയുടെ ആത്യന്തികഫലമാണ് ഒരുമലയാളി ചെറുപ്പക്കാരന്റെ അകാലത്തിലുള്ള അന്ത്യം. അതിന്റെ പശ്ചാത്തലത്തില്‍ കലാകൗമുദി (ആഗസ്റ്റ്05) യില്‍ കെ.ജി. ജ്യോതിര്‍ഘോഷ് എഴുതിയിരിക്കുന്നു.തലക്കെട്ട് ഇങ്ങനെ: മലയാളിയുടെ കൊതി, മണം, രുചി, ചിരി. ഇതില്‍ എല്ലാമുണ്ട്. രസമുകുളങ്ങളെ ആവേശം കൊള്ളിക്കാന്‍ പലരൂപത്തില്‍, പലനിറത്തില്‍, പല മണത്തില്‍ വരുന്ന വിഷക്കൂട്ടുകളെ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നെ ഒരിക്കലും ശ്രദ്ധിക്കേണ്ടിവരില്ല. ഇതാ മലയാളികള്‍ക്ക് ഇപ്പോള്‍ ഏറെ പ്രിയങ്കരമായ ഒരു ഭക്ഷണത്തിന്റെ മണത്തിലേക്ക് ജ്യോതിര്‍ഘോഷ് നമ്മെ കൂട്ടിക്കൊണ്ടുപോവുന്നു: എന്റെ പ്രിയപ്പെട്ട ചങ്ങാതിയുടെ ചിതയുടെ ഗന്ധം പ്രചാരമേറിവരുന്ന ഭക്ഷണത്തിന്റെ രുചിയുടെ ഗന്ധമായി കരുതിയതാണോ എന്നെ കൂടുതല്‍ അസ്വസ്ഥമാക്കിയതെന്ന് നിശ്ചയമില്ല. ഒരുകാര്യം വ്യക്തമാണ്. പിള്ളയുടെ മരണം ഇന്ന് എന്നില്‍ ദു:ഖമായി അവശേഷിക്കുന്നില്ല. എന്നാല്‍ കൊച്ചിയിലെ (ഒരുദാഹരണംമാത്രം) സന്ധ്യകള്‍ സുമുഖനായിരുന്ന മോഹനന് പിള്ളയെ ഓര്‍മിപ്പിക്കുന്നു. നഗരനിരത്തുകളില്‍ ശവം കരിയുന്ന അതേ ഗന്ധം. ഷവര്മകാണുമ്പോള് ചെറായി ഭാഗത്തൊക്കെയുള്ള ഇരുമ്പുകട്ടില്‍ ചിതയാണ് ഓര്‍മയിലെത്തുക. കട്ടിലിനു മുകളിലെ ചിതയില്‍ എരിയുന്ന മൃതദേഹം വെന്തുരുകി അടിയിലേക്ക് ഇറ്റുവീഴുന്ന നെയ്യ്! അതേ,ശവഗന്ധം പേറുന്ന (കോഴിയും ശവം തന്നെയല്ലോ) സാധനമല്ലേ വന്‍ വിലകൊടുത്ത് വാങ്ങി മലയാളിവെട്ടിവിഴുങ്ങുന്നത്. മാധ്യമം ആഴ്ചപ്പതിപ്പിലെ സൃഷ്ടികളും ഇതേപോലെ അക്ഷരഷവര്മയാണ്. കലാകൗമുദിയുടെ ഈ സദുദ്യമത്തെ ശ്ലാഘിക്കുക; ജ്യോതിര്‍ഘോഷിന് ഒരു കൈയടിയും.
കേരളം സൂയിസൈഡ് പോയിന്റിലായിട്ട് കാലംകുറെയായി. എന്താണിതിന്റെ കാരണമെന്ന് പലരും ചോദക്കുന്നു. പലതാണ് കാരണങ്ങള്‍. പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതിന് വഴക്കുപറയുമ്പോള്‍ കുട്ടികള്‍ കയറില്‍ തൂങ്ങിയാടുന്നു. ഇഷ്ടപ്പെട്ട ചാനല്‍ മറ്റൊരാള്‍ മാറ്റിയാലും രക്ഷപ്പെടുന്നത് കയറില്‍ തൂങ്ങിത്തന്നെ. ആത്യന്തികവിജയം ആത്മഹത്യയാണെന്ന തരത്തിലേക്ക് കാര്യങ്ങള്‍ വഴിമറിഞ്ഞുപോയിരിക്കുന്നു. ഞെട്ടിക്കുന്ന ആത്മഹത്യാകണക്കുകളും അതിന്റെ പിന്നാമ്പുറവിശേഷവുമായി എത്തുന്നു കേരളകൗമുദി (ആഗസ്റ്റ്02) ആഴ്ചപ്പതിപ്പ്. ആതിരാശ്രീദേവിയുടെതാണ് രചന. കേരളം സൂയിസൈഡ് പോയന്റില്‍ എന്നതാണ് തലക്കെട്ട്.കേരളത്തില്‍ മേപ്പടി പോയിന്റ് എവിടെയാണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ചൊരു സ്ഥലം കാട്ടിക്കൊടുക്കാനാവില്ല. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഓരോപോയിന്റിലും ചെകുത്താന് ഉറഞ്ഞാടുകയാണ്. ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത തരത്തില്‍.സ്നേഹവും ആദ്ധ്യാത്മിക അന്തരീക്ഷവും കുടുംബങ്ങള്‍ തമ്മിലുള്ളകൊടുക്കല് വാങ്ങല്‍ സംസ്കാരവും കുറയുകയും സ്വാര്‍ത്ഥതയുടെ അണുകുടുംബങ്ങളില്‍ സ്ഫോടനാത്മകതയോടെ കഴിയുകയും ചെയ്യുമ്പോള്‍ എങ്ങനെ ആത്മഹത്യ ഇല്ലാതിരിക്കും? അണുകുടുംബം സമം സ്ഫോടന കുടുംബം എന്നാണല്ലോ. കുറച്ചു കഷ്ടപ്പെട്ടാലും ആതിര അത്യാവശ്യം കാര്യങ്ങളൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. അത് വായനക്കാരിലേക്ക് സന്നിവേശിപ്പിച്ചോ എന്നു മാത്രം ചോദിക്കരുത്.
തൊട്ടുകൂട്ടാന്‍
ബദല്‍ രൂപങ്ങള്‍ക്കായി
വഴിമാറുകവയ്യാ!
മുറുകെപ്പിടിക്കുകീ
പൂമരക്കൊമ്പില്പൂത്ത
ഉടയാവിശ്വാസത്തിന്
പൂമരക്കൊമ്പില്ചെമ്മേ
ജി.സുധാകരന്
കവിത: വഴിമാറുകവയ്യ
കലാകൗമുദി (ആഗസ്റ്റ് 05)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: