ചിരപുരതാനവും ചരിത്ര പ്രസിദ്ധവുമായ മാവിലക്കാവ് ക്ഷേത്രം കണ്ണൂര്‍ ജില്ലയിലാണ്. ഇവിടുത്തെ പ്രധാനമൂര്‍ത്തി ദൈവത്താര്‍ ആണ്. ശ്രീധര്‍മശാസ്താവാണ് ദൈവത്താര്‍ എന്ന് സങ്കല്‍പ്പം.നാവില്ലാത്ത ദൈവത്താറാണ് ഇവിടെ. വേട്ടക്കൊരുമകനും ഗണപതിയും ഭഗവതിയും ഉപദേവന്മാര്. ഉത്സവത്തിന് ദൈവത്താറുടെ കോലം കെട്ടി മുടിയഴിയുന്നതുവരെ ദൈവത്താര്‍ സംസാരിക്കാറില്ല. മേടം ഒന്നുമുതല്‍ ആറുവരെയാണ് ഉത്സവം. ആദ്യത്തെ അഞ്ച് ദിവസം ദൈവത്താറുടെ കോലം കെട്ടിയാടും. ഉത്സവത്തിന് അടിയാണ് വിശേഷം. ഇത് ഇവിടുത്തെ മാത്രം പ്രത്യേകത.
മാവിലക്കാവില്നിന്നും അല്പം ദൂരെയായി കച്ചേരി ഇല്ലം ഉണ്ടായിരുന്നു. അവിടുത്തെ തമ്പുരാന് വിഷുപ്പുലരിയില്‍ വണ്ണാത്തിക്കണ്ടി തണ്ടയാന് തമ്പുരാന് ഒരു അവില്‍പ്പൊതി കാഴ്ചവെച്ചു. പൊതിക്കുവേണ്ടി തമ്പുരാന്റെ മക്കള്‍ തമ്മില്‍ അടിയായി. അപ്പോള്‍ തമ്പുരാന് കുലദേവതയായ ദൈവത്താറെ വിളിച്ചു പ്രാര്‍ത്ഥിച്ചു. പ്രത്യക്ഷനായ ദൈവത്താര്‍ അടി നിറുത്താന്‍ ആംഗ്യം കാണിച്ചു. അടി അവരുടെ മനസ്സില്‍ പകയായി. മൂന്നാം പാലം നിലാംചിറ വയലില്‍ വച്ച് പകരം വീട്ടാന്‍ അവര്‍ തീരുമാനിച്ചു. ഇതിന്റെ സ്മരണയാണ് അടി ഉത്സവമായി കൊണ്ടാടുന്നത്.
മേടം രണ്ടിന് കച്ചേരിക്കാവിലും നാലിന് മാവിലക്കാവിനടുത്ത് മൂന്നാംപാലം നാലാംചിറ വയലിലുമാണ് അടി. കച്ചേരിക്കാവില്‍ തിങ്ങിക്കൂടിയ ജനത്തിന് നേരേ അവല്‍ക്കൂട് എറിയുന്നു. അവലിനായി അടി നടക്കുന്നു. മേടം നാലിന്അടികൈക്കോളന്മാര് ആളുകളുടെ ചുമലില്‍ ഇരുന്നാണ് അന്യോന്യം അടിക്കുന്നത്. ഇവര്‍ ഒരു മാസക്കാലം വ്രതം നോക്കുന്നു.
ദൈവത്താറുടെ കോലം കെട്ടുന്നയാളെ പെരുവണ്ണാന് എന്ന സ്ഥാനം നല്കുന്നു. ഇവരുടെ മുടിയും നഖവും വെട്ടി അരയില്‍ കറുത്തതോര്ത്തുകെട്ടി ദേഹത്ത് കറുത്ത കരിതൊട്ട് കൊണ്ടാണ് അടിയില്‍ പങ്കെടുക്കുക. അടി തുടങ്ങുന്നതിന് മുമ്പ് പ്രത്യേകം തയ്യാറാക്കിയ വെള്ളം കൊടുക്കും. അടി കഴിഞ്ഞ് കാവിലെത്തിയാല്‍ നിലവിളക്കില്‍നിന്ന് എണ്ണ എടുത്ത് ദേഹത്ത് പുരട്ടി കുളിക്കും. പിന്നെ ക്ഷേത്രത്തില്‍ എത്തി മുടിയഴിച്ചശേഷം കൈകക്കോളന്മാര് നേരേ മൂന്നാം പാലത്തിന് സമീപം നീലാം ചിറയില്‍ എത്തുന്നു. അവിടെവച്ചാണ് ചരിത്രപ്രസിദ്ധമായ അടി ഉത്സവം.
അഞ്ചിനാണ് മഞ്ഞല്ക്കുറിയേറ്റ് നടക്കുന്നത്. ദൈവത്താര്‍ വലിയ മുടിയഴിച്ചശേഷം വേറെ വേഷം ധരിച്ച് കയ്യില്‍ മഞ്ഞള്‍ക്കുറിയുമായി അടിക്കോളന്മാരുടെ നേരേ ചെല്ലുന്നു. കൈക്കോളരാകട്ടെ മഞ്ഞള്‍ക്കുറി ശരീരത്തില്‍ പറ്റാതിരിക്കാന്‍ ഒഴിഞ്ഞുമാറും. കുറി ദേഹത്ത് വീഴുന്നത് ദോഷമാണെന്ന് വിശ്വസിക്കും.
ആറാം ദിവസം വെളുപ്പിന് മൂന്ന് മണിക്ക് ക്ഷേത്രത്തില്‍ നിന്നും കൈക്കോളന്മാരുടെ അകമ്പടിയോടെ വിഗ്രഹങ്ങള്‍ കരുമാരത്തില്ലത്ത്. കാര്‍മികത്വത്തില്‍ ആറാട്ടുതറയിലെത്തുന്നു. അവിടെ നടക്കുന്ന ചടങ്ങുകള്‍ക്കുശേഷം ഉത്സവം സമാപിക്കും
പെരിനാട് സദാനന്ദന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: