ജ്ഞാനികള്‍ ആത്മാവില്‍ എല്ലാ സത്യങ്ങളും കാണുന്നു. അഹന്ത ഭൂമിയില്‍ വീഴുന്ന നിഴല്‍പോലെയാണ്. അതിനെ വെട്ടിമൂടിക്കളയാം എന്നൊന്നും വിചാരിക്കരുത്. പരിധിയുള്ളത് അഹന്തയാണ്. പരിധിയില്ലാത്തത് ആത്മാവ്. പാത വേറെവേറെ കുമിളകള്‍ ചേര്‍ന്നുള്ളതാണ്. കടല്‍ നാനാത്വമൊഴിഞ്ഞിരിക്കുന്നു. പതയിലെ കുമിളയ്ക്ക് സമാനമാണ് അഹന്ത. തരംഗഫേനാദികള് സമുദ്രത്തിന്റെ ഏകതയെ ബാധിക്കുന്നില്ല. നിന്നോട് അഹന്ത അസത്യമാണ്. ആത്മാവാണ് സത്യം എന്ന് പറഞ്ഞിട്ടും നീ എന്താണ് അഹന്ത കളയാത്തത്? അത് കുരങ്ങിനെ വിചാരിക്കാതെ മരുന്നുകഴിക്കണം എന്നുപറയുന്നതുപോലെയാണ്. മരുന്ന് എന്ന് വിചാരിക്കുമ്പോള്‍ കുരങ്ങ് ഓര്‍മ്മയില്‍ വരും. സത്യമായി തന്നെ ഇരിക്കുകയും അതില്‍ നിന്നന്യമാകാതിരിക്കുകയും ചെയ്യുമ്പോള്‍ പിന്നെ എന്തിനാണ് അഹം ബ്രഹ്മാസ്മി, ശിവോഹം എന്നെല്ലാം ജപിക്കുന്നത്? മഹാവാക്യങ്ങള്‍ പറഞ്ഞുതന്നിരിക്കുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കുകയാണ് വേണ്ടത്. അല്ലാതെ വ്യര്‍ത്ഥമായി ഉരുവിടുകയല്ല.
ഒരു സത്യമേയുള്ളൂ. അഹന്ത വെടിയുക എന്ന സത്യം. അഹന്തയെ ഇല്ലാതാക്കാന്‍ ശ്രമിക്കണ്ട. അതില്ലല്ലോ. ഇതാകണം ഏറ്റവും ഋജുവായ മാര്‍ഗ്ഗം. മറ്റേത് മാര്‍ഗ്ഗം അവലംബിക്കുമ്പോഴും അഹന്തയേയോ മനസ്സിനെയോ കൂട്ടുപിടിക്കും. അപ്പോഴെല്ലാം സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നുവരും. ആത്മാവായിരിക്കുന്നതിന് സാധയൊന്നും വേണ്ട. ഇതിനേക്കാള്‍ ഒരത്ഭുതവുമില്ല. സത്യം സത്യമായിരിക്കുമ്പോള്‍ അതിനെ സത്യമാക്കാന്‍ വേണ്ടി പരിശ്രമിക്കുന്നതാണ് അത്ഭുതം. ഏതോ ഒരു സത്യത്തെ പൊതിഞ്ഞിരിക്കുന്നു. ആ പൊതിയെ അഴിച്ചുമാറ്റണം എന്നൊക്കെ വിചാരിക്കുന്നതിനേക്കാള്‍ വിഡ്ഢിതം വല്ലതുമുണ്ടോ? ഒരു ദിവസം വരും. അന്ന് ഈ രഹസ്യം നീക്കത്തിന്റെ പേരില്‍ എന്തെല്ലാം വിഡ്ഢിത്തങ്ങളാണ് കാണിച്ചതെന്ന് ബോധ്യമാകും.
നാം സത്യത്തെ മാത്രം ഇപ്പോഴും അറിഞ്ഞും അനുഭവിച്ചും ഇരിക്കുന്നു. എന്നാല്‍ അതുമാത്രം നാം അറിയുന്നില്ല. ഇതിനേക്കാള്‍ ഉണ്ടോ? ‘ഞാനാര്’ എന്ന് ചോദിക്കുന്നത് തന്നെയാണ് അഹന്തയുടെ മൂലത്തെ വിച്ഛേദിക്കാനുള്ള വാള്. സര്‍വ്വജ്ഞത്വം ലഭിക്കാനുള്ള രഹസ്യം സര്വ്വമായിരിക്കുന്നതുതന്നെ. എല്ലാം അറിയുക എന്നുപറയുന്നത് മനസ്സിന്റെ കളിയാണ്. അറിഞ്ഞതും അറിയാത്തതും ചേര്‍ന്നാലേ സര്‍വ്വവും ആവുകയുള്ളൂ. മനസ്സിനെ ഒഴിവാക്കി ആത്മാവായിരിക്കുക. ജ്ഞാതാവ് ആകരുത്. അപ്പോള്‍ പരിപൂര്ണ്ണതയിലായിരിക്കും.
– രമണമഹര്‍ഷി
സമ്പാദനം : പി.കെ.രാഘവന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: