കാലവര്‍ഷം ഒളിച്ചു കളിക്കുന്നതിനിടെ മറന്നു പോയ കാര്യമാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥ. കഴിഞ്ഞ വര്‍ഷം തകര്‍ത്തു പെയ്ത കാലവര്‍ഷം ഏറെ ഭീഷണി ഉയര്‍ത്തിയിരുന്നത് അണക്കെട്ടിന്റെ നിലനില്പിനെയായിരുന്നു. രാഷ്ട്രീയമായും അല്ലാതെയും വീറും വാശിയുമുള്ള പ്രസ്താവങ്ങളും തുടര്‍ നടപടികളും ദിനേനെ മാധ്യമങ്ങളില്‍ ഇടം പിടിച്ചു. ജനങ്ങളുടെ മനസ്സില്‍ തീ കോരിയിടുക എന്ന ഒറ്റലക്ഷ്യത്തോടെ പടച്ചുവിട്ടവാര്ത്തകള്ക്കും വിശകലനങ്ങള്‍ക്കും കൈയും കണക്കുമുണ്ടായിരുന്നില്ല. ഇടയ്ക്ക് ആക്രാമിക സമരസന്നാഹങ്ങളുമായി അയല്‍ സംസ്ഥാനം മുന്നോട്ടുവരികയും ചെയ്തു. കേരളത്തിലേക്ക് പച്ചക്കറിയുള്‍പ്പെടെയുള്ള വസ്തുവകകളുടെ നീക്കം പോലും ഔദ്യോഗികതലത്തില്‍ തടസ്സപ്പെടുത്തുന്ന ക്രൂരതയും അരങ്ങേറി. ഒരു തരത്തില്‍ പറഞ്ഞാല്‍ ബദ്ധവൈരികളായ രാജ്യങ്ങള്‍ തമ്മില്‍പോലും ഉണ്ടാകാത്തത്ര അക്രമ- അസ്വാസ്ഥ്യങ്ങള്‍ അരങ്ങേറുകയുണ്ടായി.
സംഗതിവശാല്‍ കാലവര്‍ഷം തന്നെ ഇത്തവണ സമാധാനത്തിന്റെ വെള്ളക്കൊടിയുമായി രംഗത്തുവരികയാണോ എന്ന സംശയമാണുള്ളത്. കര്‍ക്കടകം മധ്യവാരത്തിലേക്ക് കടക്കുമ്പോള്‍ പോലും നേരാംവണ്ണം മഴകിട്ടാതെ മണ്ണും മനസ്സും വിണ്ടുകീറുകയാണ്. അത്തരമൊരു അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ഭീഷണി ഒരുവിധപ്പെട്ടവരുടെ മനസ്സിലൊന്നുമില്ല. എന്തെങ്കിലും ഭീഷണിയുണ്ടായാല്‍ അപ്പോള്‍ നോക്കാമെന്ന സ്വതേയുള്ള നിലപാടുമായി സര്‍ക്കാറും നിസ്സംഗമനോഭാവം സ്വീകരിക്കുന്നു. ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്കാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഒരു നിര്‍ദ്ദേശം എത്തിയിരിക്കുന്നത്. ഇത് എന്തൊക്കെ ഭവിഷ്യത്തുകളാണ് വരുത്തിവെക്കാനിരിക്കുന്നത് എന്ന് പറയാനാവില്ലെങ്കിലും ഇന്നത്തെ അന്തരീക്ഷത്തില്‍ ശുഭകരമല്ലാത്ത ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം അത്തരമൊരു സാഹചര്യമാണ് നേരത്തെ തന്നെ സംജാതമാക്കപ്പെട്ടിരുന്നത്.
കാലാകാലങ്ങളില്‍ മുല്ലപ്പെരിയാറിന്റെ അറ്റകുറ്റപ്പണി എന്ന ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെടാറുണ്ട്. മേറ്റ്ല്ലാത്തിലുമെന്നപോലെ ഡാമിന്റെ കാര്യത്തിലും കര്‍ക്കശമായ നിലപാടാണ് ആ സംസ്ഥാനം സ്വീകരിച്ചു വന്നിരുന്നത്. അത് കേരളത്തെ എങ്ങനെ ബാധിക്കുമെന്നോ അതിന്റെ പ്രത്യാഘാതമെന്താവുമെന്നോ അവര്‍ അന്വേഷിക്കാറുണ്ടായിരുന്നില്ല. സ്വന്തം സംസ്ഥാനത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമിടുന്ന അവര്‍ അയല്‍ സംസ്ഥാനം നശിച്ചാലും തങ്ങള്‍ക്കൊന്നുമില്ല എന്ന നിലപാടാണ് സ്വീകരിക്കാറ്. അതു കൊണ്ടു തന്നെ ഡാമിന്റെ അറ്റകുറ്റപ്പണിക്കും മറ്റുമായി തമിഴ്നാട് ഉദ്യോഗസ്ഥസംഘം എത്തുമ്പോള്‍ സംഘര്‍ഷവും ഉണ്ടാകാറുണ്ട്. എങ്കില്‍പോലും ഏതു വിധേനയും തങ്ങളുടെ കാര്യം സാധിച്ചുപോരുന്നതരത്തില് തമിഴ്നാട് പെരുമാറുകയും ചെയ്യും. നിരന്തരം നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളീയരെ മൊത്തത്തിലും ഡാം ഉള്പ്പെടുന്നപ്രദേശങ്ങളിലുള്ളവരെ പ്രത്യേകിച്ചും ബാധിക്കാറുണ്ട്.
ബഹുമാനപ്പെട്ട ഉന്നതന്യായാലയം ഇത്തരുണത്തില്‍ തമിഴ്നാടിന് നല്കിയ അനുമതി വാസ്തവത്തില്‍ കേരളത്തിന് പരിഭ്രാന്തിയുണ്ടാക്കുന്നതാണ്. ഡാമിന്റെ അറ്റകുറ്റപ്പണിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ മേല്‍നോട്ടത്തിന് രണ്ടു സംസ്ഥാനങ്ങളിലെയും കേന്ദ്ര ജലകമ്മീഷനിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സമിതിക്ക് മുല്ലപ്പെരിയാര്‍കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാബെഞ്ച് രൂപം നല്‍കിയിട്ടുമുണ്ട്. സുപ്രീംകോടതിയുടെ ഉദ്ദേശ്യശുദ്ധിയും നിലപാടും അങ്ങേയറ്റം കൃതകൃത്യതയോടെയുള്ളതും ആത്മാര്ഥവുമാണെന്നകാര്യത്തില് തര്‍ക്കമില്ല. പക്ഷെ, അതിന്റെ ആത്യന്തികഗരിമ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയാറാവുമെന്ന് തോന്നുന്നില്ല. മുമ്പത്തെ ഒട്ടുവളരെ അനുഭവങ്ങളിലൂടെ നമുക്കത് തിരിച്ചറിയാനായിട്ടുണ്ട്. അണക്കെട്ടിനു മുകളില്‍ തങ്ങളുടെ അധീശത്വം ഏക്കാലത്തേക്കും സ്ഥാപിച്ചെടുക്കാനുള്ള നീക്കമാണ് അവര്‍ എന്നും നടത്തിവന്നിട്ടുള്ളത്.അതിന് യുക്തിയോ മറ്റോ ഉണ്ടാവണമെന്ന നിര്ബ്ബന്ധമൊന്നും അവര്‍ക്കില്ല. അറ്റകുറ്റപ്പണി ഏകപക്ഷീയമായി നടത്താന്‍ ഒരുമ്പെടാറുള്ള തമിഴ്നാടിന് ഇപ്പോള്‍ അതിന് പൂര്‍ണാധികാരം കിട്ടിയെന്ന സ്ഥിതിയാണുള്ളത്
ഏതായാലും അറ്റകുറ്റപ്പണിക്ക് അനുമതി നല്കിയ സുപ്രിം കോടതിയുടെ ഉത്തരവ് കേരളത്തിന് തിരിച്ചടിതന്നെയാണെന്ന നിലപാടാണ് വിദഗ്ധര്‍ക്കുള്ളത്. അണക്കെട്ടിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതിയിലെ 2009 ലെ വിധിയുടെ പശ്ചാത്തലത്തിലാണ് കേരളം അറ്റകുറ്റപ്പണിയെ എതിര്‍ത്തിരുന്നത്. നേരത്തെ അണക്കെട്ട് സന്ദര്‍ശിച്ച വിദഗ്ധസമിതി ബേബിഡാമിന്റെ അറ്റകുറ്റപ്പണി നടത്താത്തത് ചൂണ്ടിക്കാട്ടിയിരുന്നു. കേരളം അനുവദിക്കാത്തതു കൊണ്ടാണിതെന്നായിരുന്നു തമിഴ്നാടിന്റെ ആരോപണം. സുപ്രീംകോടതിയുടെ അനുമതി നടപ്പാക്കുകയാണെന്ന വ്യാജേനെ അണക്കെട്ടിന്റെ ബലം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തമിഴ്നാട് നടത്തുമെന്നുറപ്പാണ്. അതാണ് കേരളത്തിന് ഭീഷണിയാവുന്നത്. മേല്‍ നോട്ടത്തിന് ഉദ്യോഗസ്ഥതലസംയുക്ത സമിതിയുണ്ടെങ്കിലും അതൊക്കെ തങ്ങളുടേതായ ശൈലിയില്‍ അട്ടിമറിക്കാന്‍ അറിഞ്ഞു കൂടാത്തവരല്ല തമിഴ്നാട് ഭരണകൂടം. ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാടുകളും നീക്കങ്ങളുമായി ജാഗ്രതയോടെ കേരളം നില്‍ക്കണമെന്നാണ് ഞങ്ങള്‍ക്കുപറയാനുള്ളത്. ഒട്ടേറെ പാളിച്ചകള്‍ രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥതലത്തിലും കേരളത്തിന് സംഭവിച്ചത് നോട്ടക്കുറവുമൂലമാണ്. അതിനി ഉണ്ടാവരുത്.
അറ്റകുറ്റപ്പണിക്ക് അനുമതി കിട്ടിയതില്‍ തമിഴ്നാടിന് സന്തോഷിക്കാമെങ്കിലും കേരളം എന്നും ആഗ്രഹിച്ചിരുന്ന ഒരു കാര്യവും സാധിച്ചിട്ടുണ്ടെന്നതും ഇത്തരുണത്തില്‍ വിസ്മരിക്കുകവയ്യ. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന കണ്ടെത്തലിലേക്ക് ഉന്നതാധികാരസമിതിയെ നയിച്ച സകലരേഖകളും കേരളത്തിന് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കേരളം നല്കിയ അപേക്ഷ സുപ്രീം കോടതി അനുവദിക്കുകയായിരുന്നു. ബലക്ഷയം സംബന്ധിച്ച് കേരളത്തിന് കൂടുതല്‍ മികവോടെ തങ്ങളുടെ വാദമുഖങ്ങള്‍ കോടതിക്കു മുമ്പാകെ നിരത്താന്‍ ഈ രേഖകള്‍ സഹായിക്കും. ഒരുതരത്തില്‍ കേരളത്തിന് വിജയവും മറ്റൊരുതരത്തില്‍ പ്രയാസവും നേരിട്ട ഉത്തരവാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇനിയെങ്കിലും കേരളം നന്നായി ഹോം വര്‍ക്ക് ചെയ്ത് പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: