ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രഥമ പൗരനായി തെരഞ്ഞെടുക്കപ്പെട്ട് പ്രണബ് മുഖര്‍ജി പലതുംകൊണ്ടും പ്രത്യേകതയുള്ള വ്യക്തിത്വമാണ്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ആദ്യ രാഷ്‌ട്രപതിയായ പ്രണബ് 25നാണ് ചുമതലയേല്‍ക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിലും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലുമായി വ്യാഴാഴ്ചയായിരുന്നു വോട്ടെടുപ്പ്. എന്‍ഡിഎ പിന്തുണയോടെ മത്സരിച്ച പി എ സാങ്മയായിരുന്നു പ്രണബിന്റെ എതിരാളി. ഇത്തവണത്തെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ 72% പോളിങ്ങാണ് നടന്നത്. സിപിഐ, ആര്‍എസ്പി, ടിആര്‍എസ്, ടിഡിപി പാര്‍ടികള്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്‍ഡിഎയിലെ ഘടകകക്ഷിയായ ജെഡി(യു)വും സിപിഎം ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ കക്ഷികള്‍ പ്രണബിനെ പിന്തുണയ്‌ക്കുകയും ചെയ്തു. 748 എംപിമാരില്‍ 527 പേര്‍ പ്രണബിന് വോട്ട് ചെയ്തപ്പോള്‍ 206 പേരുടെ പിന്തുണയാണ് സാങ്മയ്‌ക്ക് ലഭിച്ചത്. 15 എംപിമാരുടെ വോട്ടുകള്‍ അസാധുവായി എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ ഒരു എംഎല്‍എയുടെ വോട്ടും അസാധുവായിട്ടുണ്ട്. കേരളത്തില്‍ പോള്‍ ചെയ്ത മറ്റ് മുഴുവന്‍ വോട്ടുകളും പ്രണബ് മുഖര്‍ജിയ്‌ക്ക് ലഭിച്ചു. ആന്ധ്രപ്രദേശില്‍ നിന്ന് 98%വും അരുണാചല്‍ പ്രദേശില്‍ നിന്ന് 96%വും ആസാമില്‍ നിന്ന് 89% വോട്ടാണ് പ്രണബ് നേടിയത്. കര്‍ണ്ണാടകയില്‍ 53%വോട്ടുകള്‍ പ്രണബ് നേടി. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ സാങ്മയെ പിന്തുണയ്‌ക്കാനുള്ള ബിജെപി തീരുമാനം കര്‍ണ്ണാടകയിലെ ചില എംഎല്‍എമാര്‍ ഗൗനിച്ചില്ലെന്നും വേണം കരുതാന്‍.
പാര്‍ലമെന്റ് മന്ദിരത്തിലെ 63ാം നമ്പര്‍ മുറിയില്‍ ഞായറാഴ്ച രാവിലെ 11 വോട്ടെണ്ണല്‍ ആരംഭിച്ചത്. ആറ് ടേബിളുകളിലായിരുന്നു വോട്ടെണ്ണല്‍. ഒന്നാം ടേബിളില്‍ പാര്‍ലമെന്റിലേയും ആന്ധ്ര, ഗുജറാത്ത്, നാഗാലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലേയും ബാലറ്റ് പെട്ടികള്‍ക്കൊപ്പമാണ് കേരളത്തില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണിയത്. യുപിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രണബിന് യുപിഎയിലെ 15 പാര്‍ടികളുടെയും പിന്തുണ ലഭിച്ചിരുന്നു. 4,59,483 വോട്ടാണ് ഇതിലൂടെ ലഭിച്ചത്. ഇതിനു പുറമേ സമാജ്‌വാദി പാര്‍ടി (66,688), ബിഎസ്പി (45,473), ജെഡിയു (40,737), സിപിഐ എം (36,752), ഫോര്‍വേഡ് ബ്ലോക്ക് (3785), ശിവസേന (18,495), ജെഡിഎസ് (6138) എന്നീ പാര്‍ടികളുടെയും പിന്തുണ പ്രണബിനാണ് ലഭിച്ചത്. 5,49,442 വോട്ടാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. പി എ സാങ്മയ്‌ക്ക് ജെഡിയു, ശിവസേന ഒഴികെയുള്ള എന്‍ഡിഎ പാര്‍ട്ടികളുടെയും എഐഎഡിഎംകെ, ബിജെഡി പാര്‍ട്ടികളുടെയും പിന്തുണയാണ് ലഭിച്ചത്. 1935 ഡിസംബര്‍ 11 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയിലെ മിറാത്തിയിലായിരുന്നു പ്രണബ് മുഖര്‍ജിയുടെ ജനനം. 1969 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ദേശീയ രാഷ്‌ട്രീയത്തില്‍ പ്രണബ് സജീവമായത്. 1973 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി. 74 ല്‍ ഷിപ്പിംഗ് ഗതാഗത മന്ത്രിയായ അദ്ദേഹം ഒരു കൊല്ലം ധനകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. 75 മുതല്‍ 77 വരെ കേന്ദ്ര റവന്യൂ ബാങ്കിംഗ് വകുപ്പ് മന്ത്രിയുമായിരുന്നു പ്രണബ്.
ഈ കാലയളവിലെ പ്രണബിന്റെ പ്രവര്‍ത്തനം വിമര്‍ശനവിധേയമായിട്ടുണ്ട്. 1980 മുതല്‍ 85 വരെ രാജ്യസഭയില്‍ കക്ഷിനേതാവായിരുന്ന പ്രണബ് 82 മുതല്‍ 84 വരെ ധനകാര്യമന്ത്രിയായിരുന്നു. എന്നാല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തിയ ചില ഇന്ദിര അനുകൂലികളുടെ കൂട്ടത്തില്‍ മുഖര്‍ജിയും ഉണ്ടായിരുന്നു. നരസിംഹറാവു പ്രധാനമന്ത്രിയായശേഷമാണ് മുഖര്‍ജിക്ക് വീണ്ടും കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ പ്രാമാണ്യം ലഭിച്ചത്. പിന്നീട് രാഷ്‌ട്രീയ സമാജ് വാദി കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയും രൂപീകരിച്ചു. 1989 ല്‍ രാജീവ് ഗാന്ധിയുമായി രമ്യതയിലെത്തുകയും സ്വന്തം പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയും ചെയ്തു. 1991 ല്‍ രാജീവ് ഗാന്ധിയുടെ മരണശേഷം വന്ന നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായ പ്രണബ് പിന്നീട് റാവു മന്ത്രിസഭയില്‍ 95 മുതല്‍ 96 വരെ വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്തിയ 2004 മുതല്‍ 2006 വരെ പ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹം 2004 മുതല്‍ 2012 വരെ കോണ്‍ഗ്രസിന്റെ ലോക്സഭയിലെ കക്ഷിനേതാവു കൂടിയായിരുന്നു. 2006 മുതല്‍ 2009 വരെ വിദേശകാര്യമന്ത്രിയായിരുന്ന പ്രണാബ് 2009 ലാണ് ധനകാര്യമന്ത്രിസ്ഥാനം ഏറ്റെടുത്തത്. യുപിഎ സര്‍ക്കാറിന് പ്രതിസന്ധി വന്നപ്പോഴൊക്കെ അത് തരണം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരുന്നത് മുഖര്‍ജിയായിരുന്നു.
കുശാഗ്രബുദ്ധിയുള്ള സമര്‍ത്ഥനായ രാഷ്‌ട്രീയക്കാരനും ഭരണാധികാരയുമെന്ന് നേരത്തെ തന്നെ മുഖര്‍ജി തെളിയിച്ചിട്ടുണ്ട്. പുതിയ പദവിയില്‍ അദ്ദേഹം സംഭാവന ചെയ്യുന്നതെന്തൊക്കെ എന്ന് കാണാനിരിക്കുകയാണ്. അകത്തുനിന്നും പുറത്തുനിന്നും രാജ്യം കടുത്ത ഭീഷണിയെ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ രാഷ്‌ട്രപതിയുടെ സ്ഥാനാരോഹണം. ആന്തരിക പ്രശ്നങ്ങള്‍ നിരവധിയാണ്. അതോടൊപ്പം അയല്‍രാജ്യങ്ങളുടെ പടയൊരുക്കങ്ങളും നിരവധി രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങളുമൊക്കെ ഇന്ത്യ കരുതലോടെ കാണേണ്ടിയിരിക്കുന്നു. ദീര്‍ഘകാലം കേന്ദ്രമന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും പ്രശ്നങ്ങള്‍ എല്ലാം നന്നായി അറിയുകയും ചെയ്യുന്ന വ്യക്തിയാണ് പ്രഥമ പൗരനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രണബിന്റെ മുന്‍ഗാമികളില്‍ ഭൂരിപക്ഷവും അതിപ്രഗത്ഭരും രാഷ്‌ട്രത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചവരുമാണ്. എന്നാല്‍ ഉറക്കം തൂങ്ങി പട്ടുമെത്തയില്‍ വീണു എന്നു പറയുന്നതുപോലെ ആസ്ഥാനത്തെത്തിയവരുമുണ്ട്. ഡോ. രാജേന്ദ്രപ്രസാദ്, ഡോ. എസ്. രാധാകൃഷ്ണന്‍, ഡോ. സക്കീര്‍ ഹുസൈന്‍, ആര്‍. വെങ്കിട്ടരാമന്‍, ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മ, കെ.ആര്‍. നാരായണന്‍, ഡോ. എ.പി.ജെ. അബ്ദുള്‍കലാം എന്നിവരുടെ ഔന്നിത്യത്തോടൊപ്പം നില്‍ക്കാനും അതിന് ഒന്നുകൂടി തിളക്കമേറ്റാനും പ്രണബിന് സാധിക്കുമെങ്കില്‍ നന്നായിരുന്നു. ഒരു ബംഗാളിയും തികഞ്ഞ ഈശ്വരവിശ്വാസിയുമായ പ്രണബിന് അത് സാധിക്കുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: