പുലര്‍ച്ചെ കുളിച്ച് നെറ്റിയില്‍ ചന്ദനക്കുറി തൊട്ട് രണ്ടാം മുണ്ട് തോളില്‍ പുതച്ച് ചെണ്ട തൂക്കി കടന്നുവരുന്ന മകനെക്കണ്ട് അബ്ദുള്‍ അസീസ് ഞെട്ടി. ബാപ്പയുടെ സംശയങ്ങള്‍ക്ക് മറുപടി പറയാതെ ജൗഷല്‍ ബാബു ഒന്നു പുഞ്ചിരിച്ചു. ചുമട്ടു ജോലിക്കാരനായ അബ്ദുള്‍ അസീസ് മകന്റെ വേഷത്തിലും ഭാവത്തിലും വന്ന മാറ്റങ്ങള്‍ കണ്ട് ഭയക്കുകയായിരുന്നു. മനസ്സിലെ വേവലാതി അബ്ദുള്‍ അസീസ് തുറന്നു പറഞ്ഞു. ജൗഷല്‍ ബാബു പക്ഷെ കുലുങ്ങിയില്ല. കാലം കടന്നുപോയി.
പുലരുംമുമ്പ് കുളിച്ച് കുറി തൊട്ട് ക്ഷേത്രത്തിലേക്കാണ് ജൗഷല്‍ പോയത്. അവിടെ ജൗഷലിന് ഒരു നിയോഗമുണ്ടായിരുന്നു. അധികമാര്‍ക്കും ഏറ്റെടുക്കാനാവാത്ത നിയോഗം. ഭഗവാനെ പള്ളി ഉണര്‍ത്താനുള്ള നിയോഗമാണത്. പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിലെ മുഖ്യവാദ്യക്കാരനാണ് മുസ്ലീമായ ജൗഷല്‍ ബാബു. വര്‍ഷങ്ങളായി ഭഗവാന്റെ ഭൂതഗണങ്ങളെ പാണികൊട്ടി ഉണര്‍ത്തുന്നത് ജൗഷലാണ്.
വര്‍ഷങ്ങള്‍ കടന്നുപോയതോടെ അബ്ദുള്‍ അസീസും മകന്റെ നിയോഗത്തെ അറിഞ്ഞു. മരിക്കുന്ന സമയം വരെ അദ്ദേഹത്തിന് മകനോട് ബഹുമാനം മാത്രം. ഒമ്പതാം വയസ്സിലാണ് ജൗഷല്‍ ചെണ്ടയുടെ ലോകത്തേക്ക് കടന്നെത്തുന്നത്. ഭവാനീശ്വര ക്ഷേത്രത്തിലെ വാദ്യക്കാരനായിരുന്ന ഉണ്ണി ദയാനന്ദന് ആശാന്റെ ശിഷ്യത്വം സ്വീകരിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന പരമേശ്വരന് ഇളയതാണ് ജൗഷലിനെ ആശാന്റെ മുന്നിലെത്തിക്കുന്നത്. കഷ്ടപ്പാടിന്റെ കാലമായിരുന്നു അത്. സ്കൂള്‍ പഠനത്തിനിടയില്‍ തന്നെ ജൗഷല്‍ ചെണ്ടയെ അറിഞ്ഞു.
ചെണ്ടയില്‍ ജൗഷല്‍ സ്വന്തം ജീവിതവഴി തന്നെ കണ്ടെത്തുകയായിരുന്നു. എട്ടുവര്‍ഷം നീണ്ട പഠനം. ചെണ്ടയോളം പൊക്കമുള്ളപ്പോള്‍ തന്നെ ജൗഷല്‍ മേളത്തിന്റെ കാലങ്ങള്‍ വശത്താക്കി. സ്കൂള്‍ യുവജനോത്സവത്തില്‍ ജൗഷല്‍ നയിച്ച ചെണ്ടമേള സംഘത്തിന് ആ വര്‍ഷം ഒന്നാം സമ്മാനം ലഭിച്ചു. പിന്നീട് ആശാനോടൊപ്പം പൂരപ്പറമ്പുകളിലെ പതിവുമേളക്കാരനായി. ക്ഷേത്രത്തിലെ മേളം കഴിഞ്ഞാല്‍ ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ഷെഡ്ഡില്‍ ഉറക്കം. പുലര്‍ച്ചെ വീണ്ടും ക്ഷേത്രത്തിലേക്ക്. അക്കാലത്ത് ഭഗവാന് പാണി കൊട്ടിയിരുന്നത് ഉണ്ണി ദയാനന്ദന് ആശാനാണ്. ആശാന്റെ പാണികൊട്ട് ജൗഷലിനെ ആകര്‍ഷിച്ചു.
നോമ്പ് ആചരിക്കും
ഭഗവാന് പാണികൊട്ടുന്നത് ഭാഗ്യമായി ജൗഷല്‍ കണ്ടു. കാലം വീണ്ടും കടന്നു പോയി. ഉണ്ണി ദയാനന്ദന് ആശാന് പ്രായത്തിന്റെ വല്ലായ്മകള്‍. അരുമശിഷ്യനെ അടുത്തുവിളിച്ചു. “ഭഗവാനുവേണ്ടി നീ പാണി കൊട്ടണം” ആശാന് ഇങ്ങനെ ആവശ്യപ്പെട്ട നിമിഷം ജൗഷലിന് ജീവിതത്തില്‍ മറക്കാനാവില്ല. “ഒരിക്കല്‍ പോലും നടക്കില്ലെന്ന് കരുതിയിരുന്ന മോഹമായിരുന്നു അത്. മറ്റൊരു മതക്കാരനായിരുന്ന എനിക്ക് ഈ പുണ്യപ്രവൃത്തിയുടെ ഭാഗ്യം ലഭിക്കില്ലെന്ന് തന്നെ കരുതി.” ജൗഷലിന്റെ ചിന്തകള്‍ക്ക് അപ്പുറത്തായിരുന്നു കാര്യങ്ങള്‍. ജൗഷലിനെ ക്ഷേത്രവാദ്യ ചുമതല ഏല്‍പ്പിക്കുമ്പോള്‍ ക്ഷേത്രകമ്മറ്റിക്കാര്‍ക്കും സമ്മതമായിരുന്നു. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിത്.
കഴിവും അര്‍പ്പണബോധവുമുള്ള ഒരു കലാകാരനെ മതത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍നിന്നും മാറ്റിനിര്‍ത്തുവാന്‍ ക്ഷേത്രസമിതിക്ക് കഴിയുമായിരുന്നില്ല. ജൗഷലിന്റെ പ്രഭാതങ്ങള്‍ തുടങ്ങുന്നത് ക്ഷേത്രമുറ്റത്തുനിന്നാണ്. കുളിച്ച്, ഭഗവാനെ വണങ്ങാന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ജൗഷല്‍ ക്ഷേത്ര ചടങ്ങുകള്‍ കഴിയാതെ പുറത്തുപോകില്ല. പുറത്ത് മറ്റ് പരിപാടികള്‍ ഇല്ലാത്തപ്പോഴെല്ലാം ഉറങ്ങുന്നതും ക്ഷേത്രാങ്കണത്തിലെ പ്രത്യേക മുറിയില്‍തന്നെ. ഇപ്പോഴും ഇസ്ലാം മതാചാരങ്ങള്‍ പിന്തുടരുന്ന വിശ്വാസി തന്നെയാണ് ജൗഷല്‍. റംസാന് കാലത്ത് ജൗഷല്‍ വ്രതം ആചരിക്കും.
പക്ഷെ അപ്പോഴും ഭഗവാനുള്ള പാണികൊട്ട് മുടക്കില്ല. ഇതിനിടയില്‍ ബന്ധുക്കളില്‍നിന്നും സമുദായത്തില്‍നിന്നും ഒട്ടേറെ എതിര്‍പ്പുകള്‍ ഉണ്ടായി. ജൗഷലിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ എതിര്‍പ്പുകള്‍ മഞ്ഞുപോലെ അലിഞ്ഞു. ചെണ്ടയില്‍ നൂറിലേറെ ശിഷ്യന്മാരുണ്ട് ജൗഷലിന്. മിക്കവാറും ദിവസവും മേളവുമുണ്ട്. ശിഷ്യന്മാരെ പല സംഘങ്ങളാക്കി ഓരോ പരിപാടിക്കായി അയയ്ക്കുകയാണ് പതിവ്.
“പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് ജൗഷലിന്റെ പ്രമാണത്തിലാണ് ഇപ്പോള്‍ മേളം. ഉത്സവകാലത്ത് ഒട്ടേറെ ക്ഷേത്രങ്ങളുടെ മേളച്ചുമതല ജൗഷലിന് ഏറ്റെടുക്കേണ്ടിവരുന്നു. ഇതിനിടയിലും പുലര്‍ച്ചെ ഈ 31-കാരന് ക്ഷേത്രത്തിലെത്തും. ജൗഷലിന്റെ ഈ ചിട്ടകളില്‍ ഭാര്യ സാബിറക്കും പരാതികളില്ല. പാവപ്പെട്ട കുടുംബത്തിലാണ് ജൗഷലിന്റെ ജനനം. ചുമട്ടുകാരനായിരുന്ന ബാപ്പയുടെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്.
ഇപ്പോഴും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ല. വാടകവീട്ടിലാണ് ജൗഷലും കുടുംബവും താമസിച്ചുവരുന്നത്. സ്വന്തമായി വീടില്ലാത്തത് ഇപ്പോഴും വേദനയായി നില്ക്കുന്നു. പക്ഷെ തൊഴിലില്‍ ജൗഷല്‍ സംതൃപ്തനാണ്. ചെണ്ട പഠിച്ചപ്പോള്‍ കൂടെ ഉണ്ടായിരുന്ന ആര്‍ക്കും ലഭിക്കാതെ പോയ ഭാഗ്യം ലഭിച്ചതിലാണ് സംതൃപ്തി. ഇപ്പോള്‍ ധാരാളം ശിഷ്യന്മാരുണ്ട്. ഒരു കലാകാരനായി അതോടൊപ്പം ഈശ്വരനോട് അടുപ്പമുള്ള ഒരു വാദ്യക്കാരനായി സമൂഹം ജൗഷലിനെ കാണും. അതില്‍ അഭിമാനവും ഇതെല്ലാം ഭഗവാന്റെ ഇച്ഛയായും കാണുന്നു.
എല്ലാം ഭഗവാന്റെ അനുഗ്രഹം
“എല്ലാം ഭഗവാന്റെ അനുഗ്രഹമാണ്. എനിക്ക് ലഭിക്കുന്ന ബഹുമാനവും ആദരവും നാട്ടുകാരുടെ സ്നേഹവുമെല്ലാം അനുഗ്രഹമാണ്.” ജൗഷല്‍ പറയുന്നു.
“നിരവധി അവസരങ്ങള്‍ എന്നെത്തേടി വരുന്നുണ്ട്. ഇതും ഈശ്വരഹിതം തന്നെ. ഇതിനിടയില്‍ സോപാനസംഗീതവും പഠിച്ചു. കാവില്‍ ഉണ്ണികൃഷ്ണ വാര്യരുടെ കീഴിലായിരുന്നു പഠനം.” പള്ളുരുത്തി ഭവാനീശ്വരി ക്ഷേത്രത്തില്‍ തന്നെ സോപാന സംഗീതം അരങ്ങേറി. ജൗഷലിന്റെ സമര്‍പ്പിത ജീവിതത്തെക്കുറിച്ചറിഞ്ഞ്, സോപാനാചാര്യന് ഞെരളത്തിന്റെ മകന് ഹരി ഗോവിന്ദന് ഒരിക്കല്‍ ഈ ചെറുപ്പക്കാരനെ തേടിയെത്തി. തുടര്‍ന്നാണ് ജൗഷല്‍ സോപാന സംഗീതത്തിലേക്ക് ആകൃഷ്ടനായത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തൃക്കാക്കര ശ്രീ വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ തായമ്പക അവതരിപ്പിക്കാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായി കരുതുന്നതായി ജൗഷല്‍ പറയുന്നു. പരശുരാമന് പ്രതിഷ്ഠ നടത്തിയ പുലാമന്തോള്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ രഥോത്സവത്തിനും ജൗഷല്‍ തായമ്പക അവതരിപ്പിച്ചു.
ഇതും മറക്കാനാവാത്ത അനുഭവമാണെന്ന് ജൗഷല്‍ പറയുന്നു. വിവാഹ ആലോചന സമയത്ത് തന്റെ തൊഴിലിനെക്കുറിച്ച് ഭാര്യയുടെ വീട്ടുകാര്‍ അന്വേഷിച്ചിരുന്നു. ചെണ്ടമേളക്കാരനാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടി. ജൗഷല്‍ അപ്പോള്‍ ചിരിച്ചു. അതൊരു തൊഴിലാണോ? ഭാര്യയുടെ ഒരു ബന്ധു ചോദിച്ചത് ജൗഷല്‍ ഓര്‍ക്കുന്നു. കൂടുതല്‍ എതിര്‍പ്പൊന്നും ഉണ്ടായില്ല. സാബിറയെ വിവാഹം കഴിച്ചു. ചെണ്ടമേളം മോശമല്ലാത്ത തൊഴിലാണെന്ന് അവര്‍ക്കും മനസ്സിലായി.
എനിക്ക് ഇത് തൊഴിലിനും അപ്പുറത്തുള്ള ഒരു സമര്‍പ്പണമാണെന്ന് ഭാര്യയും തിരിച്ചറിയുന്നു. സമുദായത്തില്‍നിന്ന് എതിര്‍പ്പുകള്‍ ഇപ്പോഴുമുണ്ട്. അതേസമയം പലരും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഭഗവാന്റെ കൊട്ടുകാരന് എന്ന രീതിയിലുള്ള ബഹുമാനം ധാരാളമായി ലഭിക്കുന്നു. വിശ്വാസികളുടെ അംഗീകാരം വളരെ വിലപ്പെട്ടതാണ്. ഇതിനിടയില്‍ ചിലരുടെ ചോദ്യമുണ്ട്; ജൗഷല്‍ ഇപ്പോള്‍ ഹിന്ദുവല്ലേ? മറുപടി ഒന്നേയുള്ളൂ. ഞാന്‍ മുസ്ലീം തന്നെയാണ്. ഹിന്ദുവാകാന്‍ ആരും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. പക്ഷെ എനിക്കൊരു നിയോഗമുണ്ട്. അത് ഞാന്‍ ചെയ്തേ പറ്റൂ. അതില്‍നിന്ന് മാറി നില്ക്കാന് എനിക്കാവില്ല ജൗഷല്‍ പറഞ്ഞുനിര്‍ത്തുന്നു.
കെ.കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: