ഉദുമ : ദക്ഷിണകാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി ഇന്നലെ അതിരാവിലെ തന്നെ വാന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തര്‍പ്പണത്തിന് എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് അധികൃതര്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കിയിരുന്നുവെങ്കിലും അതൊന്നും തിരക്ക് ഒഴിവാക്കാന്‍ പര്യാപ്തമായിരുന്നില്ല. പുലര്‍ച്ചെ 4 മണിമുതല്‍ തൃക്കണ്ണാട് ത്രംയംബകേശ്വര ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. ഉച്ചകഴിഞ്ഞിട്ടും ഇതിന് കുറവുണ്ടായില്ല. രാവിലെ 6.3൦ മുതല്‍ തന്നെ ബലിതര്‍പ്പണ ചടങ്ങ് ആരംഭിച്ചിരുന്നു. തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ ബലിതര്‍പ്പണത്തിനായി എത്തിയവര്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. പിതൃക്കളെ സ്മരിക്കാനും അവരുടെ മോക്ഷപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കാനും അന്യ സംസ്ഥാനക്കാരുള്‍പ്പെടെ വാന്‍ ജനപ്രവാഹമായിരുന്നു ക്ഷേത്രത്തിലെത്തിയത്. ബലിതര്‍പ്പണത്തിനായി പ്രത്യേകം പന്തലുകളും, കൗണ്ടറുകളും തയ്യാറാക്കിയിരുന്നു. ക്ഷേത്രം മേല്‍ശാന്തി നവീന്‍ ചന്ദ്രകായര്‍ത്തായ, തന്ത്രി വാസുദേവ അരളിത്തായ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള യജ്ഞത്തിണ്റ്റെ ഭാഗമായ ശ്രാദ്ധക്രിയ സ്ത്രീപുരുഷഭേദമില്ലാതെയാണ് നടന്നത്. ദക്ഷിണയാനത്തിലെ ആദ്യ അമാവാസിയായ കര്‍ക്കിടകവാവു നാളില്‍ ബലിതര്‍പ്പണം സ്വീകരിക്കാന്‍ പരേതത്മാക്കള് എത്തുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: